പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ആലപ്പുഴയിൽ നടത്തിയ ബഹുജന റാലി
ആലപ്പുഴ: ഹൈക്കോടതി ജഡ്‌ജിമാർക്കെതിരായ പരാമർശത്തിൽ പോപ്പുലർ ഫ്രണ്ട് സംസ്ഥാന സമിതിയംഗം പി.കെ. യഹിയ തങ്ങൾക്കെതിരേ ആലപ്പുഴ സൗത്ത് പോലീസ് സ്വമേധയാ കേസെടുത്തു. ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തിലേക്ക് പോപ്പുലർ ഫ്രണ്ട് ശനിയാഴ്ച നടത്തിയ മാർച്ചിനിടെ ഹൈക്കോടതി ജഡ്‌ജിമാരെ അധിക്ഷേപിക്കുന്ന പരാമർശം നടത്തിയതിനാണു കേസ്.
‘ജഡ്ജിമാരുടെ അടിവസ്ത്രത്തിനു കാവിനിറം’ ആണെന്നും പി.സി. ജോർജിനു ജാമ്യം നൽകിയ ജഡ്ജി പി.എസ്. ശ്രീധരൻപിള്ളയുടെ ജൂനിയറായിരുന്നുവെന്നും യഹിയ ആരോപിച്ചിരുന്നു. കൂടുതൽ തെളിവുകൾ പോലീസ് ശേഖരിക്കുകയാണ്. ഇന്ത്യൻ ശിക്ഷാനിയമം 505-ാം വകുപ്പ് ചുമത്തിയിട്ടുണ്ട്. വീഡിയോദൃശ്യങ്ങൾ പരിശോധിച്ചശേഷം ആവശ്യമെങ്കിൽ കൂടുതൽ വകുപ്പുകൾ ചേർക്കും.
അതേസമയം, റാലിയിൽ കുട്ടി പ്രകോപനമുദ്രാവാക്യം വിളിച്ചുകൊടുത്തതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ യഹിയ തങ്ങളെ ജൂൺ 13- വരെ കോടതി റിമാൻഡു ചെയ്തു. റാലിയുടെ ഭാഗമായ സമ്മേളനത്തിൻറെ സ്വാഗതസംഘം ചെയർമാനായിരുന്നു യഹിയ. കുട്ടിയെക്കൊണ്ട് വിദ്വേഷ മുദ്രാവാക്യം വിളിപ്പിച്ച കേസിൽ ഇതുവരെ 26 പേർ അറസ്റ്റിലായി.
മുദ്രാവാക്യം പഠിപ്പിക്കാൻ കുട്ടിയെ പിതാവ് വിട്ടുകൊടുത്തെന്ന് റിപ്പോർട്ട്
കുട്ടി റാലിയിൽ വിദ്വേഷമുദ്രാവാക്യം മുഴക്കുന്ന കാര്യം പിതാവ് അസ്കർ ലത്തീഫ് നേരത്തേ അറിഞ്ഞിരുന്നുവെന്നും അതിനായി അസ്കർ തന്നെയാണു കുട്ടിയെ വിട്ടുകൊടുത്തതെന്നും റിമാൻഡ് റിപ്പോർട്ട്. സുഹൃത്തും എസ്.ഡി.പി.ഐ. തൃപ്പൂണിത്തുറ മണ്ഡലം സെക്രട്ടറിയുമായ പള്ളുരുത്തി ഞാറക്കാട്ടിൽ വീട്ടിൽ സുധീർ (41) ആണ് കുട്ടിയെ മുദ്രാവാക്യം പഠിപ്പിച്ചത്. കുട്ടിയുടെ വീട്ടിൽ ഇയാൾ നിത്യസന്ദർശകനായിരുന്നു. സുധീർ 26-ാം പ്രതിയാണ്.
കുട്ടിയെ വിദ്വേഷമുദ്രാവാക്യം പഠിപ്പിക്കാൻ കേസിലെ 25-ാം പ്രതി ഷമീറും സഹായിച്ചു. പോപ്പുലർ ഫ്രണ്ട് പള്ളുരുത്തി ഡിവിഷൻ പ്രസിഡന്റാണ് ഷമീർ. കുട്ടി വിളിച്ചുകൊടുത്ത മുദ്രാവാക്യം പിതാവ് ഏറ്റുവിളിച്ചതായും റിപ്പോർട്ടിൽ പറയുന്നു. ഇയാൾ 27-ാം പ്രതിയാണ്. കുട്ടികളെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കരുതെന്ന നിയമം ലംഘിച്ചതായും റിപ്പോർട്ടിലുണ്ട്.
Content Highlights: comment on High Court Judges Case against Popular Front leader
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..