പ്രതിഷേധങ്ങൾക്കിടെ ബ്ലോക്ക് പുനഃസംഘടന പൂർത്തിയാക്കി കോൺഗ്രസ്; എ, ഐ വിഭാഗങ്ങൾ ഹൈക്കമാൻഡിലേക്ക്


2 min read
Read later
Print
Share

കൂട്ടായ ചർച്ചയില്ലാതെ പട്ടിക അർധരാത്രിയിൽ വാട്‌സാപ്പിലൂടെ പുറത്തുവിടാൻ മാത്രം തിരക്ക് എന്തായിരുന്നുവെന്നാണ് ബെന്നിയുടെ ചോദ്യം. ഐ ഗ്രൂപ്പും പ്രതിഷേധത്തിലാണ്. വിദേശത്തുള്ള രമേശ് ചെന്നിത്തല ചൊവ്വാഴ്ച മടങ്ങിവന്നശേഷം പരസ്യപ്രതികരണമുണ്ടാകും.

പ്രതീകാത്മക ചിത്രം | പിടിഐ

തിരുവനന്തപുരം: കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് നിയമനത്തിനെച്ചൊല്ലിയുള്ള തർക്കം തുടരുന്നതിനിടെ അവശേഷിച്ച മൂന്നുജില്ലകളിൽകൂടി ബ്ലോക്ക് പ്രസിഡന്റുമാരുടെ നിയമനം കെ.പി.സി.സി. പൂർത്തിയാക്കി. തിരുവനന്തപുരം, കോട്ടയം, മലപ്പുറം ജില്ലകളുടെയും മറ്റുജില്ലകളിലെ പൂർത്തിയാകാനുള്ള ബ്ലോക്കുകളിലെയും പ്രസിഡന്റുമാരെയാണ് തിങ്കളാഴ്ച പ്രസിദ്ധീകരിച്ചത്. പട്ടികയ്ക്കെതിരേ എ ഗ്രൂപ്പ് രംഗത്തുവന്നു. എം.എം. ഹസനും ബെന്നി ബെഹനാനും ആദ്യ വെടിപൊട്ടിച്ചു.

കൂട്ടായ ചർച്ചയില്ലാതെ പട്ടിക അർധരാത്രിയിൽ വാട്‌സാപ്പിലൂടെ പുറത്തുവിടാൻ മാത്രം തിരക്ക് എന്തായിരുന്നുവെന്നാണ് ബെന്നിയുടെ ചോദ്യം. ഐ ഗ്രൂപ്പും പ്രതിഷേധത്തിലാണ്. വിദേശത്തുള്ള രമേശ് ചെന്നിത്തല ചൊവ്വാഴ്ച മടങ്ങിവന്നശേഷം പരസ്യപ്രതികരണമുണ്ടാകും.

ഹൈക്കമാൻഡിനെ സമീപിക്കാനാണ് എ, ഐ ഗ്രൂപ്പുകളുടെ തീരുമാനം. ഡി.സി.സി. യോഗങ്ങളോടും തുടർന്നുള്ള പുനഃസംഘടനയോടും സഹകരിക്കേണ്ടെന്നാണ് എ ഗ്രൂപ്പിന്റെ നിലപാട്. കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയോട് പരാതി പറയാനാണ് ഇരുവിഭാഗത്തിന്റെയും നീക്കം. തീരുമാനങ്ങൾ കെ. സുധാകരനും വി.ഡി. സതീശനും ചേർന്നെടുക്കുകയാണെന്നാണ് പ്രധാന പരാതി.

പുനഃസംഘടനാ സമിതി ഒറ്റപ്പേര് നിർദേശിച്ച 170 ബ്ലോക്കുകളിൽത്തന്നെ പത്തിടത്ത് മാറ്റംവരുത്തിയെന്നും തർക്കമുള്ള 110 ബ്ലോക്കുകളിൽ അവസാന തീരുമാനത്തിനുമുമ്പ് തങ്ങളോട് ആലോചിച്ചില്ലെന്നും പരാതിയുണ്ട്.

കഴിഞ്ഞ തവണത്തെ അത്രയും സ്ഥാനങ്ങൾ ചോദിച്ചില്ലെന്നാണ് എ ഗ്രൂപ്പ് പറയുന്നത്. വിട്ടുവീഴ്ചയ്ക്കും തയ്യാറാണ്. തർക്കമുള്ള 110 ബ്ലോക്കുകളിലേക്ക് 65 പേരുടെ പട്ടിക നൽകുകയും ചെയ്തു. ഇത് പരിഗണിക്കാതെയാണ് നിയമനം നടന്നത്. ഇതുകൊണ്ടാണ് ഡി.സി.സി. യോഗങ്ങളിൽനിന്ന് വിട്ടുനിൽക്കുന്നതെന്നും എ ഗ്രൂപ്പ് വ്യക്തമാക്കുന്നു.

എ ഗ്രൂപ്പുമായി ചേർന്ന് തീരുമാനം തിരുത്തിക്കാനുള്ള ആലോചനകളാണ് ഐ ഗ്രൂപ്പിലും. രമേശ് ചെന്നിത്തലയുമായി ചർച്ചചെയ്യില്ലെന്ന നേതൃത്വത്തിന്റെ പിടിവാശിയാണ് പ്രശ്നങ്ങൾക്ക് കാരണമെന്നാണ് ഐ ഗ്രൂപ്പിന്റെ വിലയിരുത്തൽ. എം.പി.മാരും തങ്ങളോടൊപ്പം ചേരുമെന്നുമാണ് ഇരുഗ്രൂപ്പ് നേതൃത്വവും കണക്കാക്കുന്നത്. ഹൈക്കമാൻഡ് പട്ടിക തിരുത്തിയില്ലെങ്കിൽ തുടർപ്രവർത്തനങ്ങളിൽ സഹകരിക്കില്ലെന്ന നിലപാടിലാണ് ഇരുഗ്രൂപ്പും.

മുൻകാലങ്ങളിലെ സ്ഥിതി തുടർന്നു

തർക്കം കെ.പി.സി.സിക്ക് വിട്ടശേഷം വീണ്ടും ചർച്ച നടത്തിയില്ലെന്ന പരാതിയിൽ കാര്യമില്ലെന്നാണ് നേതൃത്വത്തിന്റെ നിലപാട്. കെ.പി.സി.സി. - നിയമസഭാകക്ഷി നേതൃസ്ഥാനങ്ങളിൽ എ.കെ. ആന്റണി- കെ. കരുണാകരൻ, രമേശ് ചെന്നിത്തല - ഉമ്മൻ ചാണ്ടി എന്നിവരായിരുന്നപ്പോഴൊക്കെ തർക്കമുള്ള സ്ഥാനങ്ങളിൽ ഇരുവരും ചേർന്നായിരുന്നു തീരുമാനമെടുത്തിരുന്നത്. ആ മാതൃക പിന്തുടരുകയാണ് ചെയ്തത്.

തർക്കത്തിനിടെ മൂന്നുജില്ലകളിലെ പട്ടികകൂടി ഉടൻ പുറത്തിറക്കാനുള്ള ആലോചനയിലാണ് കെ.പി.സി.സി. നേതൃത്വം.

Content Highlights: Congress reshuffle A,I groups

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..