രാഹുലിന്റെ അയോഗ്യത: പ്രകടനത്തിന്റെ മുൻനിരയിൽ നിൽക്കുന്നതിനെച്ചൊല്ലി തർക്കം,കോൺഗ്രസുകാർ തമ്മിൽത്തല്ലി


1 min read
Read later
Print
Share

ടി. സിദ്ദിഖ് എം.എല്‍.എ.യുടെ സ്റ്റാഫ് പോലീസില്‍ പരാതി നല്‍കി

കല്പറ്റയിൽ നടന്ന പ്രതിഷേധപ്രകടനത്തിനിടെ തമ്മിൽത്തല്ലിയകോൺഗ്രസ് പ്രവർത്തകരെ ടി. സിദ്ദിഖ് എം.എൽ.എ. പിടിച്ചുമാറ്റുന്നു.

കല്പറ്റ: രാഹുല്‍ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയില്‍ പ്രതിഷേധിച്ച് കല്പറ്റയില്‍ ജില്ലാകോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രകടനത്തിനിടെ പ്രവര്‍ത്തകര്‍ തമ്മില്‍ത്തല്ലി. പ്രകടനത്തിന്റെ മുന്‍നിരയില്‍ നില്‍ക്കുന്നതിനെച്ചൊല്ലി കെ.പി.സി.സി. അംഗം പി.പി. ആലിയും ടി. സിദ്ദിഖ് എം.എല്‍.എ.യുടെ ഓഫീസ് സെക്രട്ടറി സാലി റാട്ടക്കൊല്ലിയും തമ്മിലാണ് ഉന്തുംതള്ളുമുണ്ടായത്. ഇതോടെ മറ്റു പ്രവര്‍ത്തകരും സാലിയുമായി വാക്കേറ്റമായി. ടി. സിദ്ദിഖ് എം.എല്‍.എ. ഇടപെട്ട് ശാന്തമാക്കിയെങ്കിലും പ്രകടനത്തിനുശേഷം വീണ്ടും തനിക്കുമര്‍ദനമേറ്റെന്ന് സാലി ആരോപിച്ചു.

മാധ്യമപ്രവര്‍ത്തകര്‍ക്ക് മുമ്പില്‍വെച്ചായിരുന്നു ആദ്യത്തെ തമ്മില്‍ത്തല്ല്. ബി.എസ്.എന്‍.എല്‍. ഓഫീസ് മാര്‍ച്ചിനുശേഷം നടന്ന പൊതുയോഗത്തിനിടെ യോഗസ്ഥലത്തുനിന്ന് മാറിയ തന്നെ കല്പറ്റ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഹര്‍ഷല്‍, പ്രവര്‍ത്തകരായ പ്രതാപ്, ഫെബിന്‍ എന്നിവര്‍ ചേര്‍ന്ന് മര്‍ദിച്ചെന്നാണ് സാലി റാട്ടക്കൊല്ലിയുടെ ആരോപണം.

സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടിയ സാലി കല്പറ്റ പോലീസില്‍ പരാതി നല്‍കി. എന്നാല്‍, മുന്‍നിരയില്‍ കെ.പി.സി.സി. നേതാക്കള്‍ ആയതിനാല്‍ പിന്നിലേക്ക് മാറിനില്‍ക്കാന്‍ ആവശ്യപ്പെടുക മാത്രമാണ് ചെയ്തിട്ടുള്ളുവെന്നും മറ്റുള്ള ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നും പി.പി. ആലി പറഞ്ഞു. ഈയൊരു വിവാദം നിര്‍ഭാഗ്യകരമാണ്, എനിക്ക് ആര്‍ക്കുനേരെയും പരാതിയില്ലെന്നും പി.പി. ആലി പറഞ്ഞു.

കല്പറ്റയിലെ കോണ്‍ഗ്രസിലെ വിഭാഗീയതയാണ് പരസ്യമായ വഴക്കിനുപിന്നില്‍. കല്പറ്റയില്‍നിന്നുള്ള പ്രധാന നേതാവായ പി.പി. ആലിയുടെ അടുത്ത അനുയായിയായിരുന്നു മുമ്പ് സാലി റാട്ടക്കൊല്ലി. പിന്നീട് ടി. സിദ്ദിഖ് എം.എല്‍.എ.യുടെ സ്റ്റാഫിലേക്ക് പോവുകയായിരുന്നു. കല്പറ്റയിലെ ഒരുവിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചേര്‍ന്ന് സാലിയുടെ നേതൃത്വത്തില്‍ പോഷകസംഘടനകളുടെ പേരില്‍ സംഘടിച്ചിരുന്നു. കഴിഞ്ഞദിവസം പൊതുപ്രകടനങ്ങളില്‍ ഉള്‍പ്പെടെ രണ്ടുവിഭാഗമായി തിരിഞ്ഞാണ് പ്രവര്‍ത്തനം നടത്തിയത്. ഇതേചൊല്ലിയുള്ള അതൃപ്തികളാണ് പരസ്യമായ അടിയിലേക്ക് നീണ്ടത്.

Content Highlights: Congress workers clash Kalpetta protest march supporting Rahul Gandhi

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..