പ്രതീകാത്മകചിത്രം| Photo: AP
കൊച്ചി: കോവിഡ് ബാധിതരിൽ മറവി-മാനസിക രോഗപ്രശ്‌നങ്ങൾ കൂടുന്നതായി ഡോക്ടർമാർ. കോവിഡ് ഒന്നിൽകൂടുതൽ തവണ വന്നവർക്ക് മാനസിക സമ്മർദവും ഓർമക്കുറവും വിഷാദവും കൂടുന്നതായാണ് ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നത്. കോവിഡ് രക്തക്കുഴലിലെ രക്തയോട്ടത്തെ ബാധിക്കുന്ന അവസ്ഥ കൂടിയാണ്. കൂടുതൽ തവണ കോവിഡ് വരുന്നത് തലച്ചോറിലേക്കുള്ള രക്തയോട്ടത്തെയും ബാധിക്കും. രക്തയോട്ടം കുറയുമ്പോൾ വരുന്ന പ്രധാന ലക്ഷണങ്ങളാണ് മറവി, വിഷാദം, ഉന്മേഷക്കുറവ്, അമിത ഉത്കണ്ഠ, ഉറക്കക്കുറവ് എന്നിവ.
കോവിഡ് വന്നവരിൽ 33 ശതമാനം പേർക്ക് അടുത്ത ആറ്ു മാസത്തിനുള്ളിൽ ഗൗരവമുള്ള മാനസിക പ്രശ്‌നങ്ങൾ ഉണ്ടായിട്ടുള്ളതായി വൈദ്യശാസ്ത്ര ജേണലായ ലാൻസെറ്റ് പഠനം പ്രസിദ്ധീകരിച്ചിരുന്നു.
17 ശതമാനം പേർക്ക് ഉത്കണ്ഠാ രോഗങ്ങൾ, 15 ശതമാനം പേരിൽ വിഷാദരോഗം, ഏഴ് ശതമാനത്തിന് മദ്യാസക്തിയും ലഹരി അടിമത്തവും അഞ്ച് ശതമാനം പേർക്ക് നീണ്ടുനിൽക്കുന്ന ഉറക്കക്കുറവ്, രണ്ട് ശതമാനത്തോളം പേർക്ക് മറവി രോഗലക്ഷണങ്ങൾ, ഒരു ശതമാനം പേർക്ക് പക്ഷാഘാതം, 0.7 ശതമാനം പേർക്ക് മസ്തിഷ്‌ക രക്തസ്രാവം എന്നിവയുണ്ടായിട്ടുള്ളതായാണ് പഠനം പറയുന്നത്.
തലച്ചോറിന്റെ വിജ്ഞാന വിശകലന ശേഷിയെയും ഊർജസ്വലതയെയും ബാധിച്ച് മന്ദത സൃഷ്ടിക്കാൻ സാധ്യതയുണ്ടെന്നും ഒന്നിൽകൂടുതൽ തവണ രോഗം വന്നവരിൽ ഈ സാധ്യത കൂടുതലാണെന്നും തിരുവനന്തപുരം മെഡിക്കൽ കോളേജ് സൈക്യാട്രിസ്റ്റ് ഡോ. അരുൺ ബി. നായർ പറഞ്ഞു.
കോവിഡനന്തരം ചികിത്സ തേടേണ്ടത് എപ്പോൾ
* ഉറക്കം കുറയുന്ന സാഹചര്യം ഒരാഴ്ചയിലേറെ നീണ്ടു നിന്നാൽ
* വിഷാദ രോഗലക്ഷണം രണ്ടാഴ്ചയിലേറെ നീണ്ടുനിന്നാൽ
* അമിതമായ ഉത്കണ്ഠ ജോലി ചെയ്യാനുള്ള കഴിവിനെയോ ആളുകളോട് ഇടപെടാനുള്ള കഴിവിനെയോ ബാധിച്ചാൽ
ചെയ്യേണ്ടത് എന്തെല്ലാം
* കോവിഡ്മുക്തി നേടുന്നതുവരെ വിശ്രമിക്കുക.
* എട്ടുമണിക്കൂർ ഉറക്കം ഉറപ്പുവരുത്തുക.
* കൃത്യമായി വെള്ളം കുടിച്ച് ശരീരത്തിലെ ജലാംശവും രക്തയോട്ടവും കുറയാതെ സൂക്ഷിക്കുക.
* ശരീരത്തിലെ വൈറ്റമിൻ ഡിയുടെ അളവ് ക്രമീകരിക്കുക.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..