കോവിഡ് വീണ്ടും കൂടുന്നു; സംസ്ഥാനത്ത് 400 കടന്ന് പ്രതിദിന രോഗികൾ


2 min read
Read later
Print
Share

ഫയൽ ചിത്രം. ഫോട്ടോ: ഇ.എസ്. അഖിൽ | മാതൃഭൂമി

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രതിദിനം കോവിഡ് ബാധിക്കുന്നവരുടെ എണ്ണം വീണ്ടും ഉയരുന്നു. കഴിഞ്ഞ രണ്ടുദിവസങ്ങളിലും നാനൂറിനു മുകളിലാണ് രോഗികളുടെ എണ്ണം. കഴിഞ്ഞ ഒരാഴ്ചത്തെ ശരാശരി രോഗസ്ഥിരീകരണനിരക്ക് 2.88 ശതമാനമാണ്.

മാർച്ച് മധ്യത്തോടെ രോഗികളുടെ എണ്ണം ആയിരത്തിൽത്താഴെയായിരുന്നു. ഏപ്രിൽ ആദ്യവാരം 400-ൽ എത്തുകയും പിന്നീട് കുറയുന്ന പ്രവണതയുമാണ് കണ്ടത്. തുടർന്നുള്ള ദിവസങ്ങളിൽ ഒട്ടുമിക്ക ദിവസങ്ങളിലും മുന്നൂറിൽ താഴെയായിരുന്നു രോഗികളുടെ എണ്ണം.

സംസ്ഥാനത്തെ മരണസംഖ്യ 69,000 കടന്നു. അതിൽ 29,000-ൽ അധികം മരണവും ബന്ധുക്കൾ അപ്പീൽ നൽകി പിന്നീട് കൂട്ടിച്ചേർത്തതാണ്. രോഗികളാവുന്നവരിൽ നേരിയ ശതമാനത്തിനുമാത്രമാണ് ഓക്‌സിജൻ കിടക്കകളും തീവ്രപരിചരണവും ആവശ്യമായി വരുന്നതെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്.

കഴിഞ്ഞമാസം ആദ്യവാരങ്ങളിൽ ശരാശരി 2359 രോഗികളിൽ മൂന്നുശതമാനം പേർക്കാണ് ഓക്സിജൻ കിടക്കകൾ വേണ്ടിവന്നത്. തീവ്രപരിചരണം വേണ്ടിവന്നതാകട്ടെ രണ്ടുശതമാനം പേർക്കും.

വാക്സിനേഷൻ 97 ശതമാനം

സംസ്ഥാനത്ത് കോവിഡ് വാക്സിന് അർഹരായവരിൽ 97 ശതമാനംപേരും ഇതിനോടകം ഒരു ഡോസെങ്കിലും സ്വീകരിച്ചിട്ടുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. രണ്ടുഡോസും സ്വീകരിച്ചവർ 83 ശതമാനം വരും. 15-നും 17-നുമിടയിലുള്ള കുട്ടികളിൽ 80 ശതമാനംപേർ ആദ്യഡോസ് സ്വീകരിച്ചു.

ആരോഗ്യപ്രവർത്തകരടക്കമുള്ള മുൻനിരപ്രവർത്തകരിൽ മുഴുവൻപേരും ഒരു ഡോസ് വാക്സിൻ സ്വീകരിച്ചു. 92 ശതമാനം ആരോഗ്യപ്രവർത്തകരും 94 ശതമാനം മുൻനിരപ്രവർത്തകരും രണ്ടു ഡോസും സ്വീകരിച്ചു.

രോഗികളിൽ പകുതിയും അഞ്ച്‌ സംസ്ഥാനങ്ങളിൽ

മേയ് നാലിന് അവസാനിച്ചവാരം രാജ്യത്ത് റിപ്പോർട്ടുചെയ്ത ആകെ കോവിഡ് ബാധിതരിൽ 56 ശതമാനവും കേരളമടക്കമുള്ള അഞ്ചുസംസ്ഥാനങ്ങളിൽ നിന്നായിരുന്നുവെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്.

ഒരാഴ്ചയ്ക്കിടെ പുതുതായി രോഗം ബാധിച്ച 22,622 പേരിൽ 9959 പേർ (44 ശതമാനം) ഡൽഹിയിലാണ്. ഇക്കാലയളവിൽ കേരളത്തിലെ ആകെ രോഗികളുടെ എണ്ണം 2,297 ആയിരുന്നു. തൊട്ടുമുമ്പുള്ള ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോൾ 25 സംസ്ഥാനങ്ങളിൽ രോഗനിരക്ക് നേരിയതോതിൽ ഉയർന്നു.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രാജ്യത്തെ 60 ശതമാനം ജില്ലകളിലും ഒന്നോ അതിലധികമോ രോഗികൾ പുതുതായി ഉണ്ടായിട്ടുണ്ടെന്നാണ് വിലയിരുത്തൽ. അന്തമാൻ, ലഡാക്ക്, മണിപ്പുർ, മിസോറം എന്നിവിടങ്ങളിൽ രോഗനിരക്ക് താഴ്‌ന്നിട്ടുമുണ്ട്.

നാലിന് അവസാനിച്ച ആഴ്ചയിൽ രാജ്യത്ത് 266 കോവിഡ് മരണം റിപ്പോർട്ട് ചെയ്തതിൽ 196-ഉം കേരളത്തിൽനിന്നായിരുന്നു. മുൻദിവസങ്ങളിൽ ഉണ്ടായ മരണങ്ങളും ഇക്കൂട്ടത്തിൽ അപ്പീലുകൾ പരിഗണിച്ച് ഉൾപ്പെടുത്തിയിട്ടുണ്ട്.

Content Highlights: covid cases

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..