പ്രതീകാത്മ ചിത്രം
തിരുവനന്തപുരം: ലോകായുക്ത ഓർഡിനൻസിനോടുള്ള വിയോജിപ്പ് മന്ത്രിസഭാ യോഗത്തിൽ വ്യക്തമാക്കി സി.പി.ഐ. മന്ത്രിമാർ. മന്ത്രിസഭായോഗത്തിന്റെ കുറിപ്പ് മുൻകൂട്ടി നൽകിയിരുന്നതാണെന്നും അപ്പോൾ വിയോജിപ്പ് പറയാതെ പുറത്തുപോയി പറയുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ മറുപടിനൽകി.
മന്ത്രി കെ. രാജനാണ് പാർട്ടിയുടെ വിയോജിപ്പ് മന്ത്രിസഭാ യോഗത്തിൽ വ്യക്തമാക്കിയത്. പാർട്ടി ചുമതലപ്പെടുത്തിയതെന്ന ആമുഖത്തോടെയായിരുന്നു ഇത്. ഭേദഗതി ഭരണഘടനാ വിരുദ്ധമെന്നാണ് പാർട്ടി നിലപാട്. മുന്നോടിയായി മതിയായ രാഷ്ട്രീയചർച്ചയ്ക്ക് അവസരമുണ്ടായില്ല. പാർട്ടിക്ക് അഭിപ്രായം സ്വരൂപിക്കാനും സമയം ലഭിച്ചില്ലെന്ന് രാജൻ പറഞ്ഞു.
നിയമസഭയിൽ ബിൽ കൊണ്ടുവരുംമുമ്പ് ഇതിന്മേൽ വിശദ രാഷ്ട്രീയചർച്ച വേണമെന്നും സി.പി.ഐ. മന്ത്രിമാർ ആവശ്യപ്പെട്ടു. എന്നാൽ, ബിൽ ഉടനെയൊന്നും വരുന്നില്ലല്ലോ എന്ന് മുഖ്യമന്ത്രി മറുപടിനൽകി. കോവിഡിനെത്തുടർന്ന് ദീർഘനാളായി ഓൺലൈനായാണ് മന്ത്രിസഭായോഗം ചേർന്നിരുന്നത്. വ്യാഴാഴ്ച നേരിട്ട് ചേർന്ന യോഗം അവസാനിക്കുന്നതിനു മുന്‍പാണ് സി.പി.ഐ. മന്ത്രിമാർ വിയോജിപ്പ് അറിയിച്ചത്.
കരട് ഒരാഴ്ചമുമ്പ് തന്നിരുന്നല്ലോയെന്ന് മുഖ്യമന്ത്രി
മന്ത്രിസഭായോഗത്തിനു മുന്നോടിയായി ഓർഡിനൻസിന്റെ കരട് എല്ലാവർക്കും തന്നിരുന്നല്ലോ എന്ന് മുഖ്യമന്ത്രി സി.പി.ഐ. മന്ത്രിമാരോട് ചോദിച്ചു. ജനുവരി 12-ന് ചേർന്ന മന്ത്രിസഭായോഗത്തിന്റെ അജൻഡയിൽ ഉൾപ്പെടുത്തി മാറ്റിവെച്ചതാണ് നിയമഭേദഗതിയെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
അതിനുശേഷം ഒരാഴ്ചയോളം മന്ത്രിമാരുടെ പക്കൽ ഇതിന്റെ കരട് ഉണ്ടായിരുന്നു. 19-ന് ചേർന്ന മന്ത്രിസഭായോഗമാണ് അംഗീകരിച്ചത്. അപ്പോൾ മന്ത്രിമാരാരും വിയോജിപ്പ് പറഞ്ഞില്ല. അപ്പോൾ ആർക്കും വിയോജിപ്പില്ലെന്നല്ലേ മനസ്സിലാക്കേണ്ടത്. അങ്ങനെയാണ് എല്ലാവരുടെയും പിന്തുണയോടെ മന്ത്രിസഭായോഗം അംഗീകരിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതിന് പക്ഷേ, സി.പി.ഐ. മന്ത്രിമാരിൽനിന്ന് മറുപടിയുണ്ടായില്ല.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..