പ്രതീകാത്മക ചിത്രം
കൊച്ചി: സർക്കാർതീരുമാനത്തിന് വിരുദ്ധമായി കെട്ടിടനികുതി കൂട്ടേണ്ടെന്ന് തീരുമാനിച്ച കോൺഗ്രസ് ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങൾക്ക് തിരിച്ചടിനൽകാൻ സി.പി.എം. ആലോചന. നികുതി കൂട്ടാതിരിക്കാൻ കോൺഗ്രസ്, തങ്ങൾ ഭരിക്കുന്ന പഞ്ചായത്തുകൾക്ക് നിർദേശം നൽകിയതോടെ നികുതി കൂട്ടിയ ഇടതുപക്ഷം ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങൾക്കെതിരേ ജനാഭിപ്രായം ശക്തിമായിട്ടുണ്ട്. ഇതിനെ രാഷ്ട്രീയമായി നേരിടണമെന്ന അഭിപ്രായമാണ് സി.പി.എമ്മിൽ ഉയരുന്നത്.
യു.ഡി.എഫ്. പഞ്ചായത്തുകൾ നികുതി പരിഷ്കരണം നടപ്പാക്കാൻ മടിക്കുന്നത് പണമുള്ളതുകൊണ്ടാണെന്ന വിലയിരുത്തലിലാണ് സി.പി.എം. അത്തരം പഞ്ചായത്തുകൾക്ക് അടുത്ത പദ്ധതിത്തുക കുറയ്ക്കണമെന്നാണ് സി.പി.എമ്മിൽ താഴെത്തട്ടിലുള്ള വികാരം. ഇത് സി.പി.എമ്മിലെ മുതിർന്ന നേതാക്കളും മന്ത്രിമാരും ശരിവെക്കുന്നു.
നികുതിവർധന വേണ്ടെന്നുവെക്കുന്ന യു.ഡി.എഫ്. ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങളിലും നിലവിൽ നികുതിനൽകുന്ന കെട്ടിടങ്ങൾക്ക് വർധന പ്രാവർത്തികമായിക്കഴിഞ്ഞിട്ടുണ്ടെന്നും എൽ.ഡി.എഫ്. വാദിക്കുന്നുണ്ട്. നിലവിലെ നികുതിയിൽ അഞ്ചുശതമാനം വർധന വരുത്തിക്കൊണ്ടുള്ള തുകയാണ് ഇപ്പോൾ ഓൺലൈനിലുള്ളത്. ആ പണം കെട്ടിടയുടമ അടയ്ക്കേണ്ടിവരും. നികുതി ആദ്യമായി നിശ്ചയിക്കേണ്ട പുതിയ കെട്ടിടങ്ങൾക്കുമാത്രമേ പഴയനിരക്കിടാൻ സാധിക്കുകയുള്ളൂവെന്നാണ് എൽ.ഡി.എഫ്. അംഗങ്ങൾ ചൂണ്ടിക്കാട്ടുന്നത്.
പുതിയ നികുതിവർധന വന്നപ്പോൾ നിലങ്ങളിലുള്ള കെട്ടിടങ്ങൾക്ക് പരിഷ്കരണംനടത്താൻ കഴിയുന്നില്ലെന്ന പരാതിയും തദ്ദേശസ്ഥാപനങ്ങളിൽനിന്ന് ഉയരുന്നുണ്ട്. വാണിജ്യാവശ്യങ്ങൾക്കുള്ള കെട്ടിടങ്ങൾക്ക് വിസ്തൃതി കൂടുതലായിരിക്കുമെന്നതിനാൽ നികുതി പുതുക്കി നിശ്ചയിക്കാൻ കഴിയാത്ത സ്ഥിതിയാണെന്നും പഞ്ചായത്തധികൃതർ പറയുന്നു. കെട്ടിടങ്ങൾക്കുള്ള അധികവിസ്തൃതി ജൂൺ മുപ്പതിനകം അറിയിക്കണമെന്നാണ് ഉടമകളോട് ആവശ്യപ്പെട്ടിരിക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..