ഇ.പി.ജയരാജൻ |ഫോട്ടോ:മാതൃഭൂമി
തിരുവനന്തപുരം: കണ്ണൂരിലെ റിസോർട്ടുമായി ബന്ധപ്പെട്ട് കേന്ദ്രകമ്മിറ്റി അംഗമായ ഇ.പി. ജയരാജന്റെ പേരിൽ ഉയർന്ന പരാതിയിൽ പരിശോധന അവസാനിപ്പിച്ച് സി.പി.എം. പരാതി ഉന്നയിച്ച പി. ജയരാജനും ആരോപണം നേരിട്ട ഇ.പി. ജയരാജനും സംസ്ഥാനകമ്മിറ്റിയിൽത്തന്നെ കാര്യങ്ങൾ വിശദീകരിച്ചതിനാൽ കൂടുതൽ പരിശോധന വേണ്ടതില്ലെന്നാണ് നേതൃത്വത്തിന്റെ തീരുമാനം. ഇ.പി. ജയരാജനെതിരേ ഒരുതരത്തിലുള്ള പരിശോധനയും പാർട്ടിതലത്തിൽ നടക്കുന്നില്ലെന്ന് സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദൻ വ്യക്തമാക്കുകയും ചെയ്തു.
കണ്ണൂർ വൈദേകം റിസോർട്ടിൽ ഇ.പി.യുടെ ബന്ധുക്കളുടെ പങ്കാളിത്തം ചൂണ്ടിക്കാട്ടി കഴിഞ്ഞ ഡിസംബറിൽ ചേർന്ന സംസ്ഥാനകമ്മിറ്റി യോഗത്തിലാണ് പി. ജയരാജൻ പരാതിയുന്നയിച്ചത്. ഇത്തരത്തിൽ ഒരു ആരോപണം ഉയർന്ന കാര്യം പിന്നീട് ഇ.പി. ജയരാജൻ തന്നെ സമ്മതിക്കുകയും ചെയ്തു. എന്നാൽ, അതേക്കുറിച്ച് ‘‘ഇ.പി. ജയരാജനെതിരേ ഒരാക്ഷേപവുമില്ല, ഒരു തീരുമാനവുമില്ല.’’ എന്നാണ് കഴിഞ്ഞദിവസം നടന്ന സംസ്ഥാന കമ്മിറ്റി യോഗത്തിനുശേഷം എം.വി. ഗോവിന്ദൻ പറഞ്ഞത്. മറ്റ് കാര്യങ്ങൾ അദ്ദേഹത്തോടുതന്നെ ചോദിക്കണമെന്നും നിർദേശിച്ചു.
റിസോർട്ട് വിവാദത്തിനുപിന്നാലെ തനിക്കെതിരേ ഗൂഢാലോചന നടക്കുന്നുണ്ടെന്നായിരുന്നു ഇ.പി. ജയരാജൻ ആരോപിച്ചത്. ജനകീയ പ്രതിരോധ യാത്രയുടെ ഭാഗമാകാൻപോലും അദ്ദേഹം തുടക്കത്തിൽ തയ്യാറായിരുന്നില്ല. ഇതെല്ലാം വിവാദമായെങ്കിലും അക്കാര്യങ്ങളൊന്നും സംസ്ഥാന സമിതി പരിശോധിച്ചില്ല. യാത്രയുടെ അവലോകനം വിശദമായി നടന്നെങ്കിലും ഇ.പി. ജയരാജന്റെ അസാന്നിധ്യം സംബന്ധിച്ച വിവാദം റിപ്പോർട്ടിൽപ്പോലും ഉൾപ്പെട്ടില്ല. തെറ്റ് തിരുത്തൽ രേഖയുടെ തുടർചർച്ചകൾ നടന്ന രണ്ടു ദിവസത്തെ സംസ്ഥാനകമ്മിറ്റി യോഗത്തിൽ ഇ.പി. ജയരാജൻ പങ്കെടുത്തിരുന്നു. ആദ്യദിവസം പങ്കെടുത്തില്ലെങ്കിലും രണ്ടാംദിവസം പി. ജയരാജനും യോഗത്തിനെത്തി.
പാർട്ടി അംഗങ്ങൾക്കിടയിലെ തെറ്റായ പ്രവണതകൾ അവസാനിപ്പിക്കാനുള്ള നിർദേശങ്ങളടങ്ങിയ സംഘടനാരേഖ ശരിയായ രീതിയിൽ നടപ്പാക്കണമെന്ന നിർദേശമാണ് സംസ്ഥാന കമ്മിറ്റി യോഗത്തിലുണ്ടായത്. ലഹരി ഉപയോഗം മുതൽ സ്ത്രീകളുടെയും അവശവിഭാഗങ്ങളുടെയും പ്രശ്നങ്ങളിൽ സ്വീകരിക്കേണ്ട രീതിവരെ ഈ രേഖയിൽ വിശദീകരിക്കുന്നുണ്ട്. അഴിമതി, പെരുമാറ്റദൂഷ്യം എന്നീ പ്രവണതകളുള്ള പാർട്ടി അംഗങ്ങളെ കണ്ടെത്തി തിരുത്തിക്കാനുള്ള നിർദേശമാണ് മുന്നോട്ടുവെച്ചത്. ഇതിൽ ഓരോ സ്വീകരിച്ച കാര്യങ്ങൾ സംസ്ഥാന കമ്മിറ്റിയിൽ റിപ്പോർട്ടുചെയ്തു.
Content Highlights: cpm, ep jayarajancpm, ep jayarajan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..