"ലീഗ് വർഗീയപ്പാർട്ടിയല്ല, ജനാധിപത്യപ്പാർട്ടി"; നല്ല സർട്ടിഫിക്കറ്റ് നൽകി സി.പി.എം.


M V Govindan

തിരുവനന്തപുരം: മുസ്‌ലിം ലീഗിനോട് അടുപ്പം കാണിച്ച് സി.പി.എമ്മിന്റെ നിലപാട് പ്രഖ്യാപനം. ലീഗ് വർഗീയപ്പാർട്ടിയല്ലെന്നും ജനാധിപത്യപ്പാർട്ടിയാണെന്നും സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. വർഗീയപ്പാർട്ടിയാണെന്ന് ഇ.എം.എസ്.തന്നെ പ്രഖ്യാപിച്ച്, ബദൽരേഖ കാലം മുതൽ ലീഗിനെ അകറ്റിനിർത്തിയ സി.പി.എം. സമീപനത്തിലെ മാറ്റം യു.ഡി.എഫിലെ പടലപ്പിണക്കം ലക്ഷ്യമിട്ടാണ്.

കേന്ദ്രത്തിന്റെ രാഷ്ട്രീയ നിലപാടിനുവേണ്ടി നിൽക്കുന്ന ഗവർണറെ സർവകലാശാല ചാൻസലർ പദവിയിൽനിന്ന് നീക്കണമെന്ന നിലപാടാണ് ലീഗിനുണ്ടായിരുന്നത്. സർക്കാരിനെ എതിർക്കുന്ന ഗവർണറെ മാറ്റുന്ന ബില്ലിനെ അനുകൂലിക്കുന്നത് ഗുണം ചെയ്യില്ല എന്നായിരുന്നു കോൺഗ്രസിന്റെ അഭിപ്രായം.

എന്നാൽ, ബി.ജെ.പി. രാഷ്ട്രീയത്തെ എതിർക്കുന്നതിൽ യു.ഡി.എഫിൽ ഭിന്നതയുണ്ടെന്ന് തോന്നിക്കുന്നത് അപകടമാവുമെന്ന് തിരിച്ചറിഞ്ഞ കോൺഗ്രസ് നിയമസഭയിൽ ബില്ലിനെ പിന്തുണയ്ക്കുന്നതിലേക്ക് എത്തുകയായിരുന്നു. കോൺഗ്രസിൽ ഇതിൽ ഇപ്പോഴുമുള്ള അഭിപ്രായവ്യത്യാസം അവസരമാക്കിയാണ് ലീഗിന് സ്വഭാവ സർട്ടിഫിക്കറ്റ് നൽകി സി.പി.എമ്മിന്റെ രംഗപ്രവേശം. എന്നാൽ, സി.പി.എം. നീക്കത്തോട് ലീഗ് തത്കാലം പ്രതികരിച്ചിട്ടില്ല.

ഇ.പി. ജയരാജൻ ഇടതുമുന്നണി കൺവീനറായി ചുമതലയേറ്റതിനുപിന്നാലെ ലീഗിനെ ഇടതുപക്ഷത്തേക്ക് സ്വാഗതം ചെയ്തിരുന്നു. രാഷ്ട്രീയനിലപാട് മറന്നുള്ള അനവസരത്തിലെ പ്രസ്താവനയായി സി.പി.എം. വിലയിരുത്തിയതോടെ ജയരാജൻ അത് തിരുത്തി. ലീഗിനെ പുകഴ്ത്തിയപ്പോഴും മുന്നണിയിലേക്ക് സ്വാഗതം ചെയ്യുന്ന രീതി എം.വി. ഗോവിന്ദൻ സ്വീകരിച്ചിട്ടില്ലെന്നതാണ് ഇപ്പോഴത്തെ മാറ്റം.

അതേസമയം, ഇ.എം.എസ്. അടക്കം ലീഗിനെ വർഗീയപ്പാർട്ടിയായി മുദ്രകുത്തിയതിനെ ഗോവിന്ദൻ തള്ളി. ഇ.എം.എസിന്റെ കാലത്ത് സി.പി.എം. കൈകോർത്തിട്ടുണ്ടല്ലോ? 1967-ലെ സർക്കാരിൽ സി.പി.എമ്മിനൊപ്പം ചേർന്ന് ഭരണം നടത്തിയിട്ടുള്ള പാർട്ടിയാണ് ലീഗ്. സ്ഥിരമായി ഒരു ശത്രുവും എൽ.ഡി.എഫിനില്ല. മാറ്റം ഉണ്ടാകുമെന്നും എല്ലാ മാറിക്കൊണ്ടിരിക്കുമെന്നും ഗോവിന്ദൻ പറഞ്ഞു.

ലീഗും കേരള കോൺഗ്രസുമൊക്കെയായി സഖ്യം വേണമെന്നതായിരുന്നു സി.പി.എമ്മിലുണ്ടായ ബദൽരേഖയുടെ ഉള്ളടക്കം. ഈ വാദത്തിന്റെ മുൻനിരയിലുണ്ടായിരുന്ന എം.വി. രാഘവന് പാർട്ടിയിൽനിന്ന് പുറത്തേക്ക് പോകേണ്ടിവന്നുവെന്നതാണ് പിന്നീടുണ്ടായ രാഷ്ട്രീയചരിത്രം.

ലീഗിന്റെ പേരിലെ മതാംശം തന്നെയായിരുന്നു അന്ന് സി.പി.എമ്മിനെ അലട്ടിയത്. ഇന്നതിന് ഗോവിന്ദൻ നൽകുന്ന വ്യാഖ്യാനം മറ്റൊന്നാണ്. . ‘‘മതത്തിന്റെ പേര് ചേർക്കുന്നത് വർഗീയ സ്വഭാവത്തിന്റെ ഭാഗമാണ്. പക്ഷേ, ജനാധിപത്യരീതിയിൽ പ്രവർത്തിക്കുന്ന പാർട്ടിയാണ് ലീഗെന്നാണ് പാർട്ടി രേഖകളിൽ വിശദീകരിച്ചിട്ടുള്ളത്.’’ -അദ്ദേഹം പറഞ്ഞു.

യു.ഡി.എഫിലും കോൺഗ്രസിലും പ്രശ്നങ്ങളുണ്ട്. സർക്കാരിനെയും സി.പി.എമ്മിനെയും സ്നേഹിക്കുന്നതിനുള്ള പിന്തുണ ലീഗിന് നൽകുന്നുണ്ട്. എന്നാൽ, എൽ.ഡി.എഫിന്റെ ഭാഗമാകുന്നത് നിലപാടിന്റെയും നയത്തിന്റെയും ഭാഗമാണ്. ലീഗിന്റെ നിലപാടുവരട്ടെ അപ്പോൾ നോക്കാം. -ഗോവിന്ദൻ പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..