സി.പി.എമ്മിന്‌ നേരേയുള്ള വിമർശനം; കാനത്തിന്റെ നിലപാട് സി.പി.ഐ. സമ്മേളനങ്ങളിൽ ഒച്ചപ്പാടുണ്ടാക്കും


കാനം രാജേന്ദ്രൻ | ഫോട്ടോ: ബിജു വർഗീസ് | മാതൃഭൂമി

കൊല്ലം: പരസ്യമായ സി.പി.എം.വിമർശനത്തിനെതിരേ സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നൽകിയ താക്കീത് പാർട്ടിയുടെ ജില്ലാ, സംസ്ഥാന സമ്മേളനങ്ങളിൽ ചൂടേറിയ ചർച്ചയാകും. രണ്ടുദിവസംമുമ്പ് ഇടതുസർക്കാരിനെയും സി.പി.എമ്മിനെയും വിമർശിച്ച് പ്രസംഗിച്ച സംസ്ഥാന അസി. സെക്രട്ടറി കെ.പ്രകാശ് ബാബുവിനെ വേദിയിലിരുത്തിയാണ് കാനം കർശന നിലപാട് വ്യക്തമാക്കിയത്.

‘ഇടതുമുന്നണിയെ ദുർബലപ്പെടുത്തുന്നതും പ്രതിപക്ഷത്തെ സഹായിക്കുന്നതുമായ നിലപാടുകൾ സ്വീകരിക്കാൻ പാടില്ലെന്ന കർശനമായ തീരുമാനത്തിലാണ് പാർട്ടി സംസ്ഥാന കൗൺസിൽ മുന്നോട്ടുപോകുന്നത്.’-വ്യാഴാഴ്ച കൊല്ലം ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്യവേയാണ് കാനം ഇങ്ങനെ പറഞ്ഞത്.

കാനത്തിന്റെ സി.പി.എം. അനുകൂല നിലപാട് പാർട്ടി സമ്മേളനങ്ങളിൽ ചർച്ചയാക്കുന്ന എതിർവിഭാഗത്തിനുള്ള വ്യക്തമായ സന്ദേശമാണിത്. ഇടതു മതേതര ജനാധിപത്യമുന്നണി ദുർബലമാകുന്നത് ബി.ജെ.പി.ക്ക് ഗുണമാകും എന്നനിലയിലാണ്, സി.പി.എം. വിമർശകരെ കാനം താക്കീതുചെയ്തത്. സംസ്ഥാനത്താകെ പാർട്ടി സമ്മേളനങ്ങളിൽ കാനം വിരുദ്ധരെ ഏകോപിപ്പിക്കുന്ന കെ.പ്രകാശ് ബാബുവിനുള്ള താക്കീതുകൂടിയായിരുന്നു.

ലോകായുക്ത നിയമഭേദഗതി, കെ-റെയിൽ തുടങ്ങിയ വിഷയങ്ങളിൽ കെ.പ്രകാശ് ബാബു സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ചിരുന്നു. ഈ സന്ദർഭങ്ങളിലെല്ലാം സർക്കാരിനോടും മുഖ്യമന്ത്രിയോടും അനുഭാവപൂർവമായാണ് കാനം പ്രതികരിച്ചിരുന്നത്. ജില്ലാ കൗൺസിലിലേക്ക് മത്സരസാധ്യതയുള്ള എറണാകുളം അടക്കമുള്ള ജില്ലാസമ്മേളനങ്ങളിലും സംസ്ഥാനസമ്മേളനത്തിലും പുതിയ നിലപാട് സംബന്ധിച്ച് ചൂടേറിയ വാദപ്രതിവാദങ്ങൾ നടക്കും. ഇവിടങ്ങളിൽ സി.പി.എം. വിരുദ്ധരായ സി.പി.ഐ. അണികളെ ഒപ്പംനിർത്താൻ കാനം വിരുദ്ധർ ശ്രമിക്കുമെന്ന് ഉറപ്പാണ്.

ബഹളമൊന്നും കൂടാതെ രണ്ടാമതൊരു രാജ്യസഭാ എം.പി.സ്ഥാനം ലഭിച്ചതടക്കമുള്ള നേട്ടങ്ങളാണ് കാനം പക്ഷം സമ്മേളനങ്ങളിൽ ഉയർത്തുന്നത്. സി.പി.എം.സമ്മേളനങ്ങളിൽ അവരുടെ നേതാക്കൾ ഇടപെട്ട് സി.പി.ഐ.ക്കുനേരേയുള്ള വിമർശനങ്ങൾ തടഞ്ഞകാര്യവും കാനം വിഭാഗം ചൂണ്ടിക്കാട്ടുന്നു. കാനം വിരുദ്ധരായ നേതാക്കൾ മുഖ്യമന്ത്രിയോടും സി.പി.എമ്മിനോടും നേരത്തേ പുലർത്തിയിരുന്ന സൗഹൃദവും അവർ ചർച്ചയാക്കുന്നുണ്ട്. വ്യാഴാഴ്ച കൊല്ലത്ത് ചില പ്രതിനിധികൾ പാർട്ടി സെക്രട്ടറിയുടെ നിലപാടിനെ വിമർശിച്ചും അനുകൂലിച്ചും രംഗത്തുവന്നിട്ടുണ്ട്.

Content Highlights: Criticism against Kanam rajendran in meetings, cpi

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..