കെ.കെ. രമ | ഫോട്ടോ: മാതൃഭൂമി
തിരുവനന്തപുരം: സാമൂഹിക മാധ്യമങ്ങളിലൂടെ തനിക്കെതിരേ വ്യാജപ്രചാരണം നടത്തിയെന്നാരോപിച്ച് കെ.കെ. രമ എം.എൽ.എ. സച്ചിൻദേവ് എം.എൽ.എ.യ്ക്കെതിരേ നൽകിയ പരാതിയിൽ സൈബർ പോലീസ് പ്രാഥമികാന്വേഷണം ആരംഭിച്ചു.
നിയമസഭാ സംഘർഷത്തിനിടെ പരിക്കേറ്റ് കെ.കെ. രമ ജനറൽ ആശുപത്രിയിൽ ചികിത്സതേടിയിരുന്നു. ഇവിടെനിന്നുള്ള ചികിത്സാ രേഖകളും തന്റെ ചിത്രവും ഉൾപ്പെടുത്തി സാമൂഹികമാധ്യമത്തിൽ വന്ന പോസ്റ്റിനെതിരേയാണ് രമ സൈബർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നത്. പൊട്ടാത്ത കൈയിൽ പ്ലാസ്റ്ററിട്ടുവെന്ന തരത്തിൽ വ്യാജപ്രചാരണം നടത്തിയെന്നായിരുന്നു പരാതി.
പരാതിയുടെ അടിസ്ഥാനത്തിലുള്ള സാങ്കേതികപരിശോധനകളാണ് ഇപ്പോൾ നടക്കുന്നത്. വ്യാജരേഖകൾ സച്ചിൻദേവാണ് നിർമിച്ചതെന്ന് കണ്ടെത്തിയാൽ സ്പീക്കറുടെ അനുമതിയോടെ എഫ്.ഐ.ആർ. രജിസ്റ്റർചെയ്യുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. മറ്റാരെങ്കിലും നിർമിച്ചത് സാമൂഹികമാധ്യമം വഴി സച്ചിൻദേവ് പങ്കുവെച്ചതായാലും തുടർ നടപടിയെടുക്കേണ്ടിവരുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
നിയമസഭാ സംഘർഷത്തിനിടയിൽ തനിക്ക് മർദനമേറ്റെന്നുകാട്ടി കെ.കെ. രമ, സംസ്ഥാന പോലീസ് മേധാവിക്കു പരാതി നൽകിയിരുന്നു. ഈ പരാതി ക്രമസമാധാനവിഭാഗം എ.ഡി.ജി.പി. വഴി മ്യൂസിയം പോലീസിന് കൈമാറി. രണ്ട് എം.എൽ.എ.മാർ അടക്കമുള്ളവർക്കെതിരേയുള്ള പരാതിയിൽ മ്യൂസിയം പോലീസ് സ്പീക്കറുടെ അനുമതി തേടിയിരുന്നു. സ്പീക്കറുടെ അനുമതി ലഭിക്കുന്നമുറയ്ക്ക് തുടർനടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
Content Highlights: Cyber police started preliminary investigation on kk Rama s complaint
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..