സൈബർ തട്ടിപ്പ്; കുടുങ്ങുന്നവരിൽ ഏറെയും വിദ്യാസമ്പന്നർ


പ്രതീകാത്മക ചിത്രം | മാതൃഭൂമി

തിരുവനന്തപുരം: സംസ്ഥാനത്ത് സൈബർ തട്ടിപ്പുകൾക്ക് ഇരയാകുന്നവരിൽ കൂടുതലും ഉയർന്ന വിദ്യാഭ്യാസയോഗ്യതയുള്ളവരും ഉദ്യോഗസ്ഥരുമെന്ന് പോലീസ്. ബോധവത്കരണ വീഡിയോകളും മുന്നറിയിപ്പും നൽകിയിട്ടും പ്രൊഫഷണലുകൾ ഉൾപ്പെടെയുള്ളവർ തട്ടിപ്പുകൾക്ക് ഇരയാകുന്നു. ഇക്കൊല്ലം സെപ്റ്റംബർവരെമാത്രം 611 സൈബർ കേസുകൾ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഭൂരിഭാഗവും ഓൺലൈൻ തട്ടിപ്പുകളുമായി ബന്ധപ്പെട്ടവയാണെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.

ഒ.എൽ.എക്‌സിൽ പരസ്യം നൽകുന്ന മലയാളികളെ ഉത്തരേന്ത്യൻ തട്ടിപ്പുകാർ ലക്ഷ്യംവെച്ചിട്ടുണ്ട്. ആർമി ഉദ്യോഗസ്ഥന്റെ ഇരുചക്രവാഹനം വിൽപ്പനയ്ക്ക് എന്ന ഫോൺകോളുകളിലൂടെ ഒട്ടേറെപ്പേർക്ക് പണം നഷ്ടപ്പെട്ടു. പരസ്യംനൽകുമ്പോൾ തങ്ങൾ ആവശ്യപ്പെട്ട തുകയെക്കാൾ കൂടുതൽവില തരാമെന്ന വാഗ്ദാനംനൽകിയതിലൂടെയും ഒട്ടേറെപ്പേർക്ക് പണം നഷ്ടമായി. ഓൺലൈൻ ഇടപാടുകളിൽ ശ്രദ്ധിക്കേണ്ട അടിസ്ഥാന കാര്യങ്ങൾപോലും മറന്നുള്ള ഇടപാടുകളാണ് ഡോക്ടർമാർ, പ്രൊഫസർമാർ, വിമാനത്താവളത്തിലെ ഉയർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർക്കൊക്കെ വിനയായത്. കഴിഞ്ഞദിവസം പോലീസിന് ലഭിച്ച പരാതികളിലും ഇത്തരത്തിലുള്ള അശ്രദ്ധയാണെന്നും പോലീസ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.

കഴിഞ്ഞദിവസം പണം നഷ്ടമായ വ്യക്തിയിൽനിന്ന് പണം പോയത് ഉത്തർപ്രദേശിലെ ഒരാളുടെ അക്കൗണ്ടിലേക്കാണ്. ഒരു പ്രമുഖ സ്വകാര്യ ബാങ്കിലെ അക്കൗണ്ടാണിതെന്നും അധികൃതർ വ്യക്തമാക്കുന്നു.

ഝാർഖണ്ഡിലെ ജംതാരയിൽനിന്നുള്ള തട്ടിപ്പുകാർ മലയാളത്തിൽത്തന്നെ സംസാരിച്ചാണ് തട്ടിപ്പ് നടത്തുന്നതെന്ന വിവരവും നേരത്തെ പുറത്തുവന്നിരുന്നു. അതിഥിത്തൊഴിലാളികളായി എത്തി ഭാഷ പഠിച്ചശേഷമാണ് ഇവർ തട്ടിപ്പിനിറങ്ങുന്നതെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. കെ.എസ്.ഇ.ബി.യുടെ പേരിൽ മലയാളത്തിൽ സന്ദേശങ്ങൾ അയച്ച് വൻതുക തട്ടിയതും ജംതാരയിൽനിന്നുള്ളവരായിരുന്നുവെന്നും പോലീസ് സംശയിക്കുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..