ശമ്പളം വൈകുന്നു; കെ.എസ്.ആർ.ടി.സി.യിൽ ഇടതുസംഘടനകളും സമരത്തിലേക്ക്


സാമ്പത്തികപ്രതിസന്ധി രൂക്ഷമെന്ന് കോർപ്പറേഷൻ

പ്രതീകാത്മകചിത്രം| Photo: Mathrubhumi

കൊല്ലം: മാർച്ചിലെ ശമ്പളവിതരണം വൈകുന്നതിൽ പ്രതിഷേധിച്ച് കെ.എസ്.ആർ.ടി.സി.യിൽ ഇടതുസംഘടനകളും സമരരംഗത്തേക്ക്. വിഷുവിനും ഈസ്റ്ററിനും ദിവസങ്ങൾമാത്രം ശേഷിക്കുമ്പോഴും ശമ്പളത്തെപ്പറ്റി അധികൃതർ ഉറപ്പൊന്നും നൽകാത്തതിലാണ് പ്രതിഷേധം. കെ.എസ്.ആർ.ടി. എംപ്ലോയീസ് അസോസിയേഷൻ (സി.ഐ.ടി.യു.), ശമ്പളവിതരണത്തിലെ കാലതാമസത്തിൽ കടുത്ത പ്രതിഷേധത്തിലാണ്. ശമ്പളം ഉടൻ നൽകിയില്ലെങ്കിൽ സമരം തുടങ്ങാനാണ് നീക്കം. നിശ്ചിത തീയതിയിൽത്തന്നെ ശമ്പളം വിതരണം ചെയ്യണമെന്നാണ് സംഘടനാനേതാക്കളുടെ ആവശ്യം. ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂണിയനും (എ.ഐ.ടി.യു.സി.) സമരപരിപാടികളെപ്പറ്റിയുള്ള ചർച്ചകളിലാണ്.

ശമ്പളപരിഷ്കരണത്തിനുവേണ്ടി കെ.എസ്.ആർ.ടി.സി. യിൽ രൂപംകൊണ്ട ‘ഒറ്റയ്ക്കല്ല ഒരുമിച്ചാണ്’ കൂട്ടായ്മയും പ്രതിഷേധപരിപാടികൾ ആസൂത്രണം ചെയ്യുന്നു. വിവിധ യൂണിയനുകളിൽനിന്ന് രാജിവെച്ചവരാണ് കൂട്ടായ്മയിലുള്ളത്.

ശമ്പളം വൈകുന്നതിലും കെ-സ്വിഫ്റ്റ് രൂപവത്കരണത്തിലും പ്രതിഷേധിച്ച് ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ തിങ്കളാഴ്ച കരിദിനമാചരിക്കും. എല്ലാമാസവും അഞ്ചാംതീയതിക്കകം ശമ്പളം നൽകുമെന്ന് ജീവനക്കാർക്കു നൽകിയ വാഗ്ദാനം പാലിക്കണമെന്നാണ് ഫെഡറേഷന്റെ ആവശ്യം.

പണിമുടക്കിൽ 15 കോടി നഷ്ടം

രണ്ടുദിവസത്തെ പൊതുപണിമുടക്കുമൂലം 15 കോടിരൂപ വരുമാന നഷ്ടമുണ്ടായതായി കോർപ്പറേഷൻ അധികൃതർ വിശദീകരിക്കുന്നു. ഡീസൽവില കൂടിയതും ശമ്പളപരിഷ്കരണവുംമൂലം 55 കോടി രൂപ ഇപ്പോൾ അധികം കണ്ടെത്തണം. അതിനു വഴിയില്ലാത്ത സ്ഥിതിയാണിപ്പോൾ.

600 ബസുകൾകൂടി ഉടൻ നിരത്തിലിറക്കിയാൽ നില മെച്ചപ്പെടുത്താം. അതിനും പണം കണ്ടെത്തണം. 30 കോടിയാണ് സർക്കാർ സഹായമായി ലഭിക്കുന്നത്. സൂപ്പർ ഫാസ്റ്റ് മുതൽ മുകളിലോട്ടുള്ള വണ്ടികളുടെ ഇൻഷുറൻസ് അടയ്ക്കാൻ ഒൻപതുകോടി രൂപവേണം. ബാങ്കുകൾക്ക് നൽകാനുള്ള 60 കോടിയിൽ 30 കോടിമാത്രമാണ് നൽകിയത്. ഓവർ ഡ്രാഫ്റ്റിനുള്ള സാധ്യതയും മങ്ങി. ആശങ്കയുളവാക്കുന്ന സാമ്പത്തിക സാഹചര്യങ്ങളാണ് കോർപ്പറേഷനിലുള്ളതെന്നും മാനേജ്‌മെന്റ് അധികൃതർ ചൂണ്ടിക്കാട്ടുന്നു.

Content Highlights: delay in salary: left affiliated associations of ksrtc also heading to strike

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..