‘പലിശക്കാരെക്കൊണ്ടു വയ്യ’; ദേവനന്ദെത്തി മുഖ്യമന്ത്രിയുടെ മുന്നിൽ


ശനിയാഴ്ച രാവിലെയാണ് കുറ്റ്യാടി കാക്കുനി സ്വദേശിയായ ദേവനന്ദ് വടകരയിൽനിന്ന് തിരുവനന്തപുരത്തേക്ക് വണ്ടികയറിയത്. ഏറനാട് എക്സ്‌പ്രസിലായിരുന്നു യാത്ര. വീട്ടുകാരോ ബന്ധുക്കളോ അറിഞ്ഞില്ല.

ദേവാനന്ദനും പിതാവ് രാജീവനും മുഖ്യമന്ത്രിക്കൊപ്പം

തിരുവനന്തപുരം: വീട്ടുകാർ അറിയാതെ മുഖ്യമന്ത്രിയെ കാണാൻ നാടുവിട്ടിറങ്ങിയ വിദ്യാർഥിയെ ചേർത്തുപിടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ സ്നേഹശകാരം, ‘‘ഇനിമേലാൽ ഇതുണ്ടാവരുത്’’. കോഴിക്കോട് കുറ്റ്യാടിയിൽനിന്നാണ് പ്ലസ് വൺ വിദ്യാർഥിയായ ദേവനന്ദ് ശനിയാഴ്ച രാത്രി തിരുവനന്തപുരത്തെത്തിയത്. വീട്ടുകാരെ ആശങ്കയിലാക്കിയും പോലീസുകാരെ ഇത്തിരി കുഴക്കിയുമുള്ള ദേവനന്ദിന്റെ യാത്ര, ഒടുവിൽ ലക്ഷ്യംകണ്ടു.

ശനിയാഴ്ച രാവിലെയാണ് കുറ്റ്യാടി കാക്കുനി സ്വദേശിയായ ദേവനന്ദ് വടകരയിൽനിന്ന് തിരുവനന്തപുരത്തേക്ക് വണ്ടികയറിയത്. ഏറനാട് എക്സ്‌പ്രസിലായിരുന്നു യാത്ര. വീട്ടുകാരോ ബന്ധുക്കളോ അറിഞ്ഞില്ല. രാത്രി ഒന്പതുമണിയോടെ തിരുവനന്തപുരത്തെത്തിയ ദേവനന്ദ് തമ്പാനൂരിൽനിന്ന് ഓട്ടോയിൽ ക്ലിഫ്ഹൗസിനടുത്തെത്തി. അവിടെ സുരക്ഷാചുമതലയുണ്ടായിരുന്ന പോലീസുകാരോട് കാര്യം പറഞ്ഞു. ’‘മുഖ്യമന്ത്രിയെ കാണണം. അതിനായി കുറ്റ്യാടിയിൽനിന്ന് വരുന്നതാണ്’’.സംശയംതോന്നിയ പോലീസുകാർ ദേവനന്ദിനെ മ്യൂസിയം പോലീസ് സ്റ്റേഷനിൽ എത്തിച്ചു. വീട്ടുകാർ അറിയാതെയാണ് പോന്നതെന്ന് മനസ്സിലായ ഉടനെ കുട്ടി സുരക്ഷിതനാണെന്ന് പിതാവ് തറക്കണ്ടി രാജീവനെ അറിയിക്കുകയും ചെയ്തു. കുറ്റ്യാടി മുഴുവൻ ദേവനന്ദിനുവേണ്ടി തിരച്ചിൽ നടക്കുകയായിരുന്നു അപ്പോൾ. കുട്ടിയുടെ രക്ഷിതാക്കൾ ആകെ പരിഭ്രാന്തിയിലും. വിളിയെത്തിയതോടെ അവർക്ക് ശ്വാസം നേരെവീണു.

പോലീസ് ദേവനന്ദിന് ഭക്ഷണംനൽകി അന്നു രാത്രി സ്റ്റേഷനിൽ താമസിപ്പിച്ചു. ഞായറാഴ്ച രാവിലെ രാജീവൻ മ്യൂസിയം സ്റ്റേഷനിലെത്തി. ദേവനന്ദ് മുഖ്യമന്ത്രിയെ കാണണമെന്ന കാര്യം ആവർത്തിച്ചതോടെ, പോലീസ് ഇക്കാര്യം ക്ലിഫ് ഹൗസിൽ അറിയിച്ചു.

അങ്ങനെ മുഖ്യമന്ത്രി സംഭവം അറിഞ്ഞു. ദേവനന്ദിനെയും പിതാവ് രാജീവനെയും ചേംബറിലേക്ക് വിളിപ്പിച്ചു. വീട്ടുകാർ ഒരു സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽനിന്ന് പണം പലിശയ്ക്കുവാങ്ങിയെന്നും അതിന്റെ വായ്പത്തിരിച്ചടവ് മുടങ്ങിയതോടെ അവർ ശല്യംചെയ്യുകയാണ് എന്നുമായിരുന്നു ദേവനന്ദിന്റെ പരാതി. കാര്യങ്ങൾ ക്ഷമയോടെ കേട്ട മുഖ്യമന്ത്രി, വീട്ടുകാരോട് പറയാതെ യാത്രചെയ്തതിന് സ്നേഹപൂർവം ശകാരിച്ചു. ‘‘ഇനി വീട്ടുകാരോട് പറയാതെ എവിടെയും പോകരുത്.’’-മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിക്ക് ഒപ്പംനിന്ന് ഫോട്ടോയെടുത്താണ് ക്ലിഫ്ഹൗസിൽനിന്ന് ഇരുവരും മടങ്ങിയത്. ദേവനന്ദ് ഉന്നയിച്ച പരാതിയിൽ സർക്കാരിന് എന്തുചെയ്യാൻ കഴിയുമെന്ന് പരിശോധിക്കാൻ മുഖ്യമന്ത്രി നിർദേശം നൽകി. ആവള ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ ഹ്യുമാനിറ്റീസ് വിദ്യാർഥിയാണ് ദേവനന്ദ്.

Content Highlights: devanandan from kozhikode journey to meet cm pinarayi vijayan

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..