കൊല്ലപ്പെട്ട മുഹമ്മദ് ഫൈസൽ, ഭാര്യ ഷീബ, മക്കളായ മെഹർ, അസ്ന എന്നിവർ
തൊടുപുഴ: സ്വത്തിനെയും ഭക്ഷണത്തെയും ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് 79-കാരൻ മകനും മരുമകളും രണ്ടു പെൺകുട്ടികളുമടക്കം നാലുപേരെ തീവെച്ചുകൊന്നു. ജനൽവഴി കിടപ്പുമുറിക്കുള്ളിലേക്ക് പെട്രോൾ നിറച്ച കുപ്പിയെറിഞ്ഞ് തീകൊളുത്തിയായിരുന്നു കൊലപാതകം. തീ കെടുത്താതിരിക്കാൻ ടാങ്കിലെ വെള്ളം ചോർത്തിക്കളഞ്ഞ് വീട് പുറത്തുനിന്ന് പൂട്ടുകയും ചെയ്തു.
തൊടുപുഴ ചീനിക്കുഴി ആലിയക്കുന്നേൽ മുഹമ്മദ് ഫൈസൽ (ഷിബു-45), ഭാര്യ ഷീബ (40), മെഹ്‌റിൻ (16), അസ്ന (13) എന്നിവരാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. പ്രതി ആലിയക്കുന്നേൽ ഹമീദിനെ (79) കരിമണ്ണൂർ പോലീസ് അറസ്റ്റുചെയ്തു.
വെള്ളിയാഴ്ച രാത്രി 12.30-നായിരുന്നു സംഭവം. രക്ഷയ്ക്കായി കുളിമുറിയിൽ കയറിയ കുടുംബാംഗങ്ങൾ ശ്വാസംമുട്ടിയും പൊള്ളലേറ്റും മരിക്കുകയായിരുന്നു. മുൻകൂട്ടി ആസൂത്രണംചെയ്ത കൊലപാതകമാണിതെന്ന് പോലീസ് പറഞ്ഞു.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: വെള്ളിയാഴ്ച രാവിലെ ഹമീദും ഫൈസലും തമ്മിൽ ഭക്ഷണത്തെച്ചൊല്ലി വഴക്കുണ്ടായി. ഇതിൽ പ്രകോപിതനായ ഹമീദ്, വിൽക്കാനായി ഫൈസൽ കാറിൽ സൂക്ഷിച്ചിരുന്ന പെട്രോളിൽനിന്ന് പത്തുകുപ്പി രാത്രി എടുത്തുമാറ്റി. തീകത്തുമ്പോൾ കുടുംബാംഗങ്ങൾ രക്ഷപ്പെടാതിരിക്കാൻ ടാങ്കിലെ വെള്ളം മുഴുവൻ ഒഴുക്കിവിട്ടു. സമീപവീട്ടിലേക്ക് വെള്ളമെടുക്കുന്ന മോട്ടോറിന്റെ വൈദ്യുതിബന്ധവും, പൈപ്പും വിച്ഛേദിച്ച് രക്ഷപ്പെടാനുള്ള എല്ലാ പഴുതുമടച്ചു.
രാത്രി 12.30-ന് ഫൈസലും കുടുംബവും ഉറങ്ങിയെന്ന് ഉറപ്പുവരുത്തി കിടപ്പുമുറിയുടെ വാതിൽ പുറത്തുനിന്നു പൂട്ടി. തിരിത്തുണിയിട്ട രണ്ട് പെട്രോൾ കുപ്പികൾക്ക് തീകൊടുത്ത് ജനലിലൂടെ മുറിക്കുള്ളിലേക്ക് എറിഞ്ഞു. ഞെട്ടിയുണർന്ന ഫൈസലും കുടുംബവും മുറിയോടുചേർന്ന കുളിമുറിയിൽക്കയറി തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും വെള്ളമില്ലായിരുന്നു. തുടർന്ന് ഇളയമകൾ അസ്‌ന അയൽവാസിയായ രാഹുലിനെ ഫോൺ വിളിച്ചു. രാഹുൽ ഓടിയെത്തി വാതിൽ ചവിട്ടിത്തുറന്നെങ്കിലും തീ കാരണം രക്ഷിക്കാനായില്ല.
.jpg?$p=8a6554b&&q=0.8)
ഈ സമയം പിൻവാതിലിലൂടെ അകത്തുകയറിയ ഹമീദ്, രാഹുലിനെ തള്ളിമാറ്റി രണ്ടു പെട്രോൾ കുപ്പികൾകൂടി അകത്തേക്കെറിഞ്ഞു. രാഹുൽ ഹമീദിനെ തള്ളിവീഴ്ത്തി. പുറത്തിറങ്ങിയ ഹമീദ് പിൻഭാഗത്തെ ജനലിലൂടെ വീണ്ടും രണ്ടുകുപ്പി പെട്രോൾകൂടി മുറിക്കുള്ളിലേക്കെറിഞ്ഞു. തുടർന്ന് സ്ഥലത്തുനിന്ന് കടന്നു.
സമീപവാസികൾ സ്ഥലത്തെത്തിയെങ്കിലും രക്ഷാപ്രവർത്തനം ബുദ്ധിമുട്ടായിരുന്നു. വീട്ടിലെ മോട്ടോർ പ്രവർത്തിപ്പിച്ചാണ് തീകെടുത്തിയത്. അപ്പോഴേക്കും നാലുപേരും മരിച്ചു. സംഭവത്തിനുശേഷം ബന്ധുവീട്ടിലെത്തിയ ഹമീദ് വീടിനു തീപിടിച്ചെന്നാണ് പറഞ്ഞത്.
ഹമീദും കുടുംബാംഗങ്ങളും തമ്മിലുള്ള തർക്കമറിയാവുന്ന വീട്ടുകാർ പോലീസിൽ ഫോൺ ചെയ്യുന്നതിനിടെ ഇയാൾ അവിടെനിന്നിറങ്ങി. കരിമണ്ണൂർ സ്റ്റേഷനിലെ ബന്ധുവായ പോലീസുകാരനോടും ഹമീദ് വിവരം പറഞ്ഞു. സ്റ്റേഷനിലെത്താൻ ഈ പോലീസുകാരൻ ആവശ്യപ്പെട്ടു. ഓട്ടോവിളിച്ച് പോകാൻ തുടങ്ങുന്നതിനിടെ കരിമണ്ണൂർ പോലീസെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളുടെ കാലിനും മുഖത്തും പൊള്ളലേറ്റിട്ടുണ്ട്.
മരിച്ച ഷീബ മങ്കുഴി ചീനിക്കൽ കുടുംബാംഗമാണ്. മെഹ്‌റിൻ തൊടുപുഴ എ.പി.ജെ. അബ്ദുൾ കലാം ഹയർസെക്കൻഡറി സ്കൂൾ പ്ലസ്‌വൺ വിദ്യാർഥിയാണ്. അസ്‌ന കൊടുവേലി സാഞ്ചോസ് സി.എം.ഐ. പബ്ലിക് സ്കൂൾ ഏഴാം ക്ലാസ് വിദ്യാർഥിയാണ്.
മരിച്ച ഫൈസലിന്റെ മാതാവ് പരേതയായ പാത്തുമ്മ. സഹോദരങ്ങള്‍: ഷാജി, പരേതയായ ഷൈനി
Content Highlights: Dispute over property and food; set fire to son, daughter-in-law and grandchildren
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..