Screengrab: Mathrubhumi News
കൊല്ലം: സാംദീപിനെ പ്രതിയായല്ല ‘വാദി’യായാണ് ആശുപത്രിയിലെത്തിച്ചതെന്ന പോലീസ് വാദം മുഖംരക്ഷിക്കാൻ. ‘കസ്റ്റഡിയിലെടുക്കുമ്പോൾ ഇയാൾ പ്രതി അല്ലായിരുന്നുവെന്നും പരാതിക്കാരനായിരുന്നുവെന്നു’മാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞത്. തന്നെ ആക്രമിക്കുകയാണെന്നു സാംദീപ്
തന്നെ പോലീസിനെ വിളിച്ചറിയിച്ചുവെന്നാണ് വാദം.
എന്നാൽ, പോലീസ് സ്ഥലത്തെത്തിയപ്പോൾ സാംദീപ് അക്രമാസക്തനാണെന്ന് ബോധ്യപ്പെട്ടതാണ്. താക്കീതുനൽകി പോലീസ് സംഘം പോവുകയായിരുന്നു. പിന്നീട് കുടവട്ടൂരിൽനിന്ന് ഇയാളെ പിടികൂടുമ്പോഴും അക്രമാസക്തനായിരുന്നു.
ഇങ്ങനെയെല്ലാം സംഭവിച്ചിട്ടും ആശുപത്രിയിൽ കൊണ്ടുപോയപ്പോൾ വേണ്ട സുരക്ഷയൊരുക്കാൻ പോലീസ് തയ്യാറായില്ല. നഴ്സിങ് മുറിയിലെത്തിച്ച് പുറത്തുനിൽക്കുകയായിരുന്നു. കത്രിക കൈയിലുണ്ടായിരുന്ന സാംദീപിനെ മൂന്നു ഡോക്ടർമാരടക്കം ഒമ്പത് ജീവനക്കാർക്കൊപ്പം പൂട്ടിയിട്ടത് ഗുരുതരമായ വീഴ്ചയാണ്. ഈ വീഴ്ച മറയ്ക്കാൻ എഫ്.ഐ.ആറിൽ തിരിമറിനടത്തിയതായി ആക്ഷേപമുയർന്നിട്ടുണ്ട്. വന്ദനയ്ക്ക് കുത്തേറ്റശേഷം അവരെ രക്ഷിക്കാൻ പോലീസ് ശ്രമിച്ചെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്. ദൃക്‌സാക്ഷി മൊഴികളെല്ലാം ഇതിന് വിരുദ്ധമാണ്.
ഡോക്ടര്‍മാരുടെ സമരം തുടരും
തിരുവനന്തപുരം: ഡോക്ടർ കുത്തേറ്റുമരിച്ച സംഭവത്തിൽ സംസ്ഥാനവ്യാപകമായി ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും പ്രതിഷേധിച്ചു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ.) ആഹ്വാനപ്രകാരം ഡോക്ടർമാർ വിട്ടുനിന്നതോടെ മെഡിക്കൽ കോളേജുകളിലും സർക്കാർ, സ്വകാര്യ ആശുപത്രികളിലും അത്യാഹിത വിഭാഗമൊഴികെ മറ്റൊന്നും പ്രവർത്തിച്ചില്ല. കൊല്ലത്തെ ആശുപത്രികളിൽ അത്യാഹിതവിഭാഗവും മുടങ്ങി.
ഡോക്ടർമാർ സെക്രട്ടേറിയറ്റിനുമുന്നിൽ പ്രതിഷേധപ്രകടനം നടത്തി. മിന്നൽസമരംമൂലം രോഗികളും കൂട്ടിരിപ്പുകാരും ചികിത്സകിട്ടാതെ വലഞ്ഞു. സമരം വ്യാഴാഴ്ചയും തുടരാനാണ് തീരുമാനം. ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതുവരെ വി.ഐ.പി. ഡ്യൂട്ടികൾ ബഹിഷ്കരിക്കാനും തീരുമാനമുണ്ട്. സെക്രട്ടേറിയറ്റിനു മുന്നിലും ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധപ്രകടനം സംഘടിപ്പിക്കും.
കെ.ജി.എം.ഒ.എ., കെ.ജി.എം.സി.ടി.എ., കെ.ജി.പി.എം.ടി.എ., കെ.ജി.എസ്.ഡി.എ. തുടങ്ങിയ സംഘടനകൾ പ്രതിഷേധിച്ചു. വിവിധ സംഘടനകളും കേരള ഗവ. നഴ്‌സസ് യൂണിയനും ഡോക്ടർമാരുടെ സമരത്തെ പിന്തുണച്ചു.
ബുധനാഴ്ച വൈകീട്ട് ഐ.എം.എ. ഭാരവാഹികൾ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷിന്റെ നേതൃത്വത്തിലുള്ള സർക്കാർ പ്രതിതിനിധികളുമായി ചർച്ച നടത്തിയെങ്കിലും തീരുമാനമൊന്നുമുണ്ടായില്ല. വ്യാഴാഴ്ച 10.30-ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ചർച്ചകൾ തുടരും.
ആശുപത്രി സംരക്ഷണ നിയമ ഭേദഗതി ഉടൻ ഓർഡിനൻസായി കൊണ്ടുവരുക, ആശുപത്രികളെ സംരക്ഷിത മേഖലയായി പ്രഖ്യാപിക്കുക, പോലീസ് കസ്റ്റഡിയിലുള്ളവരുടെ ആരോഗ്യ പരിശോധന ജയിലിൽ നടത്താൻ സൗകര്യങ്ങൾ ഒരുക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിക്കുന്നത്.
Content Highlights: doctor vandana das murder
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..