കൊല്ലപ്പെട്ട ഡോ.വന്ദനദാസ്, പ്രതി സാംദീപ് | Screengrab: Mathrubhumi News
പുലർച്ചെ നാലരയായിട്ടേയൂള്ളൂ. രാത്രിഡ്യൂട്ടിയുടെ അവസാനലാപ്പിലാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രി. പോലീസ് ജീപ്പിൽനിന്ന് പുറത്തേക്കിറങ്ങിയ പ്രതി സാംദീപ് ഒച്ചയും ബഹളവും ഉണ്ടാക്കുന്നു. പൂയപ്പള്ളി പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ. ബേബി, സിവിൽ പോലീസ് ഓഫീസർ ബിജീഷ്, ഹോംഗാർഡ് അലക്സ്, എയ്ഡ്പോസ്റ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരൻ മണിലാൽ, സാംദീപിൻറെ ബന്ധു രാജശേഖരൻപിള്ള, നാട്ടുകാരനും സി.പി.എം. ഓടനാവട്ടം എൽ.സി. അംഗവുമായ ബിനു എന്നിവർ ഒപ്പം.

ശാന്തനായി ഡോക്ടർക്കുമുന്നിൽ
ഒരുരാത്രി നീണ്ട ഡ്യൂട്ടിയിൽ ചുറുചുറുക്കോടെ ഓടിവന്ന കൊച്ചുഡോക്ടർ വന്ദനാ ദാസും ഡോ. മുഹമ്മദ് ഷിബിനും ‘രോഗി’യെ പരിശോധിക്കുന്നു. കാലിലെ തള്ളവിരലിന്റെ നഖംപോയി. ചില മുറിവുകളുമുണ്ട്. ഡോക്ടർതന്നെ സാംദീപിനെ നഴ്സിങ് മുറിയിൽ എത്തിച്ചു. ഡ്രസ് ചെയ്യാനായി കാലിലെ മുറിവിൽ നഴ്സ് ജയന്തി സ്‌പിരിറ്റ് തൊട്ടതോടെ അതുവരെ മുരണ്ടുകൊണ്ടിരുന്ന സാംദീപ് കുതറാൻതുടങ്ങി. വീണ്ടും വൃത്തിയാക്കിയപ്പോൾ ചാടിയെഴുന്നേൽക്കുന്നു. നഴ്സ് താഴെവെച്ച കത്രിക സാംദീപ് കൈക്കലാക്കുന്നു. സമയം 4.45.
.jpg?$p=8a7b7b1&&q=0.8)
ചോരകണ്ടിട്ടും പിന്മാറാതെ....
തൊട്ടടുത്ത നിമിഷത്തിൽ അപ്രതീക്ഷിതമായി സാംദീപ് രാജശേഖരൻപിള്ളയെ തൊഴിച്ചു. തടയാൻചെന്ന ബിനുവിന്റെ കഴുത്തിൽ കുത്തി. പോലീസ് മുറിക്ക് പുറത്താണ്. രംഗം വഷളാകുന്നതുകണ്ട് ഹോംഗാർഡ് അലക്സ് കുതിച്ചെത്തി. ഇയാളെ കസേരയിലേക്ക് വലിച്ചിരുത്തിയ സാംദീപ് നിന്നുകൊണ്ട് തുരുതുരാ കുത്തുന്നു.
അടുത്തമുറിയിൽ ഉറങ്ങുകയായിരുന്ന ആംബുലൻസ് ഡ്രൈവർ രാജേഷ് പാഞ്ഞെത്തി സാംദീപിനെ വട്ടംപിടിക്കുന്നു. രാജേഷിന്റെ ഇടതുകൈയിൽ സാംദീപ് കത്രിക കയറ്റുന്നു. ഏതാണ്ട് ഇതേസമയം എസ്.ഐ. ബേബിയും മുറിയിലേക്കെത്തുന്നു. ഭ്രാന്തമായ ആവേശത്തോടെ ഫൈബർ കസേര കൈയിലെടുത്ത് എസ്.ഐ.യെ ആക്രമിക്കുന്ന സാംദീപ്. എസ്.ഐ. നിലത്തുകിടന്നുരുണ്ട് ഒഴിഞ്ഞുമാറുന്നു. അടുത്തുനിന്ന പോലീസുകാരൻ മണിലാലിനു നേരെയായി പ്രതിയുടെ പരാക്രമം. മണിലാലിനെ പലതവണ കുത്തി.
.jpg?$p=1990e2a&&q=0.8)
മുറിപൂട്ടിയ പോലീസ്
പോലീസുകാരടക്കം എല്ലാവരും ചിതറിയോടുന്നു. വിറപൂണ്ടുനിൽക്കുന്ന പ്രതിക്കൊപ്പം മൂന്നു ഡോക്ടർമാരടക്കം ഒമ്പതു ജീവനക്കാരെ ഉള്ളിലാക്കി മുറികളിലേക്കുള്ള പൊതുവാതിൽ പൂട്ടി പോലീസ് സ്വയം സുരക്ഷിതരാകുന്നു. പോലീസ് കൈവിട്ടതോടെ ജീവനക്കാർ സ്വന്തംനിലയ്ക്ക് പ്രതിയുടെ കണ്ണിൽപ്പെടാതെ മുറികളിൽ ഒളിക്കുന്നു.
.jpg?$p=a80322e&&q=0.8)
ഒറ്റപ്പെട്ട ഇരയെപ്പോലെ കൊച്ചുഡോക്ടർ
എങ്ങോട്ടു പോകണമെന്നറിയാതെ ഒബ്സർവേഷൻ മുറിയുടെ മുന്നിൽനിന്ന ഡോ. വന്ദനാ ദാസിൽ സാംദീപിൻറെ നോട്ടം എത്തുന്നു. പാഞ്ഞടുത്ത് ഡോ. വന്ദനയെ വലിച്ച് നിലത്തിട്ട് മുഖത്തും തലയ്ക്കും തുരുതുരാ കുത്തുന്നു.
ധൈര്യം സംഭരിച്ച് സഹഡോക്ടർ മുഹമ്മദ് ഷിബിൻ വന്ദനയെ കാലിൽ പിടിച്ച് വലിച്ച് വാരിയെടുക്കുന്നു. വന്ദനയെ തോളിലേക്ക് കിടത്താൻ ശ്രമിക്കുന്നതിനിടെ, സാംദീപ് പുറത്തും പലതവണ കുത്തുന്നു. ഇക്കുറി കുത്തേറ്റത് തോളെല്ലിനും നട്ടെല്ലിനും. വന്ദന അവശയാകുന്നു. ആദ്യം കൊട്ടാരക്കരയിലെയും പിന്നീട് തിരുവനന്തപുരത്തെയും സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുന്നു. രാവിലെ 8.25-ന് മരണം സ്ഥിരീകരിക്കുന്നു.
.jpg?$p=2922c1a&&q=0.8)
ഒടുവിൽ കത്രിക താഴെയിട്ട് സാംദീപ്
രാവിലെ അഞ്ചുമണിയോടെ പോർട്ടിക്കോയിൽ കൂടുതൽ പോലീസ് സംഘമെത്തുന്നു. നിറയെ കാക്കിയിട്ടവരെ കണ്ടതോടെ ശാന്തനായ പ്രതി സാംദീപ് കത്രിക താഴെയിടുന്നു. കുത്തേറ്റെങ്കിലും അവസരം പാർത്തുനിന്ന ആംബുലൻസ് ഡ്രൈവർ രാജേഷ് സാംദീപിനെ വട്ടംപിടിച്ച് താഴെയിട്ടു. കൈകൾ ബന്ധിക്കുന്നു. പോലീസെത്തി പ്രതിയെ മാറ്റുന്നു.
.jpg?$p=430c1f1&&q=0.8)
Content Highlights: dr vandana das murder
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..