പ്രതീകാത്മക ചിത്രം
പത്തനംതിട്ട: അടിക്കടി അച്ചടക്കലംഘനമുണ്ടാകുന്ന ഇടമായി പത്തനംതിട്ടയിലെ എ.ആർ.ക്യാമ്പ് മാറുന്നു. രണ്ടുവർഷത്തിനിടെ ഏഴ് സസ്പെൻഷനും ഒരു പിരിച്ചുവിടലും ഉണ്ടായി.
പമ്പയിലേക്ക് പോലീസ്‌വാഹനവുമായി പോയ ക്യാമ്പിലെ ഡ്രൈവർ മദ്യപിച്ച് ലക്കുകെട്ടതും, പോലീസുകാർ ആ വണ്ടിയിൽ കയറാൻ കൂട്ടാക്കാതിരുന്നതുമാണ് ഒടുവിലത്തെ സംഭവം. രണ്ടാഴ്ചമുമ്പ് നടന്ന ഒരു സത്‌കാരത്തിനിടെ മദ്യപിച്ച് തല്ലുണ്ടാക്കിയതിന് രണ്ടു പോലീസുകാർ സസ്പെൻഷനിലായതിന്റെ ചൂടാറുംമുമ്പാണ് പുതിയ സംഭവം.
ശബരിമലയിൽ മീനമാസപൂജയുടെ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്ന പോലീസുകാരെ കൂട്ടിക്കൊണ്ടുവരാൻപോയ വാഹനത്തിന്റെ ഡ്രൈവറാണ് മദ്യലഹരിയിലായത്. ഞായറാഴ്ചയായിരുന്നു ഇത്.
ഇദ്ദേഹം ഓടിക്കുന്ന പോലീസ് ബസിൽ കയറാതെ പോലീസുകാർ സ്വന്തംനിലയിലാണ് മടങ്ങിയത്.
പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ പോലീസുകാരാണ് മടങ്ങാനുണ്ടായിരുന്നത്. ഈ അവസ്ഥയിൽ, ഡ്രൈവർക്കൊപ്പം യാത്രചെയ്യാൻ പറ്റില്ലെന്നായിരുന്നു പോലീസുകാരുടെ നിലപാട്.
മദ്യപിച്ച ഡ്രൈവർക്കെതിരേ എ.ആർ. ക്യാമ്പ് അസിസ്റ്റന്റ് കമാൻഡന്റ് ജില്ലാ പോലീസ് മേധാവിക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്.
രണ്ടാഴ്ചമുമ്പ് മൈലപ്രയിലെ ഒരു ഓഡിറ്റോറിയത്തിലാണ് സ്ഥാനക്കയറ്റത്തിന്റെ പാർട്ടി നടന്നത്. ഇതിനിടെ, പോലീസ്‌വാഹനങ്ങളുടെ ഇന്ധനം നിറയ്ക്കുന്നതിലെ ക്രമക്കേട് ചിലർ ചോദ്യംചെയ്തതാണ് അടിപിടിയിലേക്കെത്തിയത്. ഇതേത്തുടർന്നാണ് ഗ്രേഡ് എ.എസ്.ഐ., ഡ്രൈവർ, എസ്.പി.സി.ഒ. എന്നിവരെ സസ്പെൻഡുചെയ്തത്. തമ്മിലടി നിയന്ത്രണംവിട്ടതോടെ ഓഡിറ്റോറിയം ഉടമ സത്‌കാരം നിർത്തിവെപ്പിച്ച് പോലീസുകാരെയെല്ലാം പുറത്തിറക്കിവിടുകയായിരുന്നു.
പത്തനംതിട്ടയിലെ ക്യാമ്പിൽ ക്യാമ്പ് ഫോളോവറെ മർദിച്ച കേസിൽ ഒരു എസ്.ഐ. 2021 മാർച്ചിൽ സസ്പെൻഷനിലായിരുന്നു.
സസ്പെൻഷൻ കാലാവധി കഴിഞ്ഞ് സർവീസിൽ കയറിയ ഈ എസ്.ഐ., പോലീസുകാരനെ മർദിച്ച സംഭവത്തിൽ വീണ്ടും സസ്പെൻഷനിലാണ്.
ഫോൺബില്ലടയ്ക്കാൻ കൊടുത്തുവിട്ട തുക തട്ടിയെടുത്ത കേസിൽ ക്യാമ്പിലെ ഒരു പോലീസുകാരനും സസ്പെൻഷനിലായിരുന്നു. കോടതിയും ഇയാളെ ശിക്ഷിച്ചതോടെ സർവീസിൽനിന്ന് പിരിച്ചുവിട്ടു.
ക്യാമ്പിലെ ഒരു ഗ്രേഡ് എസ്.ഐ.യെ കുമ്പനാട്ടെ ഒരു ക്ലബ്ബിൽ പണംവെച്ച് ചീട്ടുകളിച്ചതിന് സസ്പെൻഡുചെയ്തത് 2022 ജൂലായിലാണ്.
ക്യാമ്പിലെ ഒരു എസ്.ഐ. സെപ്റ്റംബറിൽ അടൂരിൽ മദ്യലഹരിയിൽ കാറോടിച്ച് നിരവധി വാഹനങ്ങളിൽ ഇടിച്ച സംഭവവുമുണ്ടായി.
Content Highlights: drinking, beatings, suspensions, pathanamthitta ar camp story
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..