പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
തിരുവനന്തപുരം: മദ്യപിച്ച് ബസോടിച്ച രണ്ട് ഡ്രൈവർമാർക്കടക്കം കെ.എസ്.ആർ.ടി.സി.യിൽ അഞ്ചുപേർക്ക് സസ്പെൻഷൻ. മദ്യപിച്ച് ബസോടിച്ച് അപകടമുണ്ടാക്കിയശേഷം സ്ഥലത്തുനിന്നു മുങ്ങിയ മാനന്തവാടി യൂണിറ്റിലെ ഡ്രൈവർ എ.ആർ.ജയരാജനെ വകുപ്പുതല അന്വേഷണത്തെത്തുടർന്നാണ് സസ്പെൻഡ് ചെയ്തത്. 20-ന് ഇയാൾ ഓടിച്ചിരുന്ന കോയമ്പത്തൂർ-മാനന്തവാടി ബസ് ഗാന്ധിപുരത്തുവെച്ച് നിർത്തിയിട്ടിരുന്ന തമിഴ്‌നാട് കോർപ്പറേഷൻ ബസിൽ ഇടിച്ചിരുന്നു. ഡ്രൈവർ മദ്യലഹരിയിലാണെന്ന് യാത്രക്കാർ തിരിച്ചറിഞ്ഞതിനെത്തുടർന്ന് ജയരാജൻ സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടു.
19-ന് സുൽത്താൻ ബത്തേരി-തിരുവനന്തപുരം ബസ് കുറ്റിപ്പുറത്തിനുസമീപം കാറിൽ ഇടിച്ച സംഭവത്തിലാണ് ഡ്രൈവർ അജി ഉണ്ണിക്കൃഷ്ണനെ സസ്പെൻഡ് ചെയ്തത്. പരിശോധനയിൽ ഡ്രൈവർ മദ്യപിച്ചതായി കണ്ടെത്തിയിരുന്നു. മദ്യപിച്ച് ബസോടിച്ച് അപകടമുണ്ടാക്കിയതിനാണ് സിറ്റി ഡിപ്പോയിലെ ഡ്രൈവർ എസ്.മാരിയപ്പനെ സസ്പെൻഡ് ചെയ്തത്.
യാത്രക്കാരിൽനിന്നു പണം ഈടാക്കി ടിക്കറ്റ് നൽകാതിരുന്നതിനാണ് തൃശ്ശൂർ ഡിപ്പോയിലെ കണ്ടക്ടർ കെ.എ.കുഞ്ഞിമുഹമ്മദിനെ സസ്പെൻഡ് ചെയ്തത്. ബാഗിൽനിന്ന് 1342 രൂപ അധികം കണ്ടെത്തിയിരുന്നു. സി.എം.ഡി.യെയും മേലുദ്യോഗസ്ഥരെയും വിമർശിച്ച് സംസാരിക്കുകയും സാമൂഹികമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്തതിന് കോട്ടയം ഡിപ്പോയിലെ കണ്ടക്ടർ വിജു കെ.നായരെ സസ്പെൻഡ് ചെയ്തു. സഹപ്രവർത്തകന്റെ അനുസ്മരണച്ചടങ്ങിൽവെച്ചാണ് വിജു കെ.നായർ മേലുദ്യോഗസ്ഥരെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ സംസാരിച്ച് പ്രചരിപ്പിച്ചത്.
സിംഗിള്‍ ഡ്യൂട്ടി സംസ്ഥാനവ്യാപകമാക്കുന്നു
അതിനിടെ 20 ശതമാനം സർവീസ് വർധന ലക്ഷ്യമിട്ട് കെ.എസ്.ആർ.ടി.സി. സിംഗിൾഡ്യൂട്ടി സംസ്ഥാനവ്യാപകമാക്കുന്നു. തിരുവനന്തപുരം ജില്ലയിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ ക്രമീകരണം മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കും. വടക്കൻമേഖലയിലെ ഷെഡ്യൂൾ പരിഷ്കരണം അന്തിമഘട്ടത്തിലാണ്. നിലവിലുള്ള ഷെഡ്യൂളുകളിൽ 20 ശതമാനം യാത്രാദൂരം കൂട്ടുംവിധമാണ് ട്രിപ്പുകൾ തയ്യാറാക്കിയിട്ടുള്ളത്.
ക്രമീകരണത്തിനെതിരേ അട്ടിമറിനീക്കവും സജീവമാണ്. സിംഗിൾഡ്യൂട്ടിസംവിധാനം ആദ്യം നടപ്പാക്കിയ പാറശാലയിൽ പിഴവുകൾ പരിഹരിക്കാൻ സി.എം.ഡി. ബിജു പ്രഭാകർ നേരിട്ടിറങ്ങേണ്ടിവന്നിരുന്നു. പരസ്യമായി എതിർക്കുന്നില്ലെങ്കിലും തൊഴിലാളി സംഘടനകളിലും സിംഗിൾഡ്യൂട്ടി സംവിധാനത്തോട് എതിർപ്പുണ്ട്. ആഴ്ചയിൽ കൂടുതൽദിവസം ജോലിക്കെത്തേണ്ടി വരുമെന്നതാണ് വിമുഖതയ്ക്ക്് കാരണം.
കിലോമീറ്റർ കൂട്ടുന്നതിനാൽ ഡീസൽചെലവും കൂടും. ഒരു ബസിൽ ഇപ്പോഴുള്ള ദിവസ ശരാശരിവരുമാനം 17,000 രൂപയാണ്. ക്രമേണ വരുമാനം വർധിക്കുമെന്നാണ് വിലയിരുത്തൽ. മധ്യനിര മാനേജ്‌മെന്റിൽ തൊഴിലാളി സംഘടനകൾക്ക് സ്വാധീനമുള്ളതിനാൽ അട്ടിമറി ഏതുവിധേനയും ഉണ്ടായേക്കാം. മേൽത്തട്ടിൽനിന്നുള്ള നിർദേശം അതേപടി നടപ്പാക്കുന്നുവെന്ന് ഉറപ്പുവരുത്തുകയാണ് മാനേജ്‌മെന്റ് നേരിടുന്ന വെല്ലുവിളി.
ഡ്യൂട്ടി ക്രമീകരണം യാത്രാക്ലേശത്തിന് ഇടയാക്കിയാൽ യാത്രക്കാരും പരിഷ്കരണങ്ങൾക്ക് എതിരാകും. ആകെയുള്ള 5421 ബസുകളിൽ 4400 എണ്ണമാണ് നിരത്തിലുള്ളത്. 800 ബസുകൾ വർക്ക്‌ഷോപ്പിലാണ്. ബസുകളുടെ വിനിയോഗം 80 ശതമാനം മാത്രമാണ്. മറ്റു സംസ്ഥാനങ്ങളിൽ ഇത് 95 ശതമാനത്തിന് മുകളിലാണ്.
ആദ്യഘട്ടത്തിൽ 10-15 ശതമാനം ഷെഡ്യൂളുകളിൽ മാത്രമാണ് 12 മണിക്കൂർ ഡ്യൂട്ടി ഏർപ്പെടുത്തിയിട്ടുള്ളത്. ഒരു ബസിന് 8.37 ജീവനക്കാർ എന്നത് 6.97 ആയി കുറച്ചിട്ടുണ്ട്. 5.5 ആണ് ലക്ഷ്യം.
ഷെഡ്യൂളുകൾക്ക് അനുസരിച്ച് ജീവനക്കാരെ പുനർവിന്യസിച്ചില്ലെങ്കിലും പരാജയസാധ്യതയുണ്ട്. പുതിയ 116 ഡീസൽ ബസുകൾകൂടി എത്താനുണ്ട്. ഇവകൂടി വന്നാൽ ഇപ്പോഴുള്ള സൂപ്പർഫാസ്റ്റുകൾ, ഓർഡിനറി സർവീസുകളാക്കി മാറ്റാനാകും.
Content Highlights: drunken driving ksrtc suspended five employees including 2 drivers
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..