'അമ്മാ, ഉമ്മാ രുചിയില്ലെങ്കിൽ ക്ഷമിക്കണേ'; പൊതിക്കുള്ളില്‍ പേരറിയാത്തൊരു കത്ത്, ഓരോവറ്റിലും സ്നേഹം


ഷാജഹാന്‍ മമ്പാട്

1 min read
Read later
Print
Share

ഡി.വൈ.എഫ്.ഐ. ഹൃദയപൂർവം പദ്ധതിയിൽ വീടുകളിൽനിന്ന് ശേഖരിച്ച് വിതരണം ചെയ്യുന്ന പൊതിച്ചോറിൽനിന്ന് മമ്പാട് കോളേജ് അധ്യാപകൻ രാജേഷ് മോൻജിക്ക് ലഭിച്ച കുറിപ്പ്.

മമ്പാട്: “ചേട്ടാ.. ചേച്ചീ.. ഉമ്മാ.. താത്താ.. അമ്മാ.. ഈ പൊതി കിട്ടുന്നവർ ക്ഷമിക്കണേ. അമ്മ വീട്ടിലില്ല. സ്കൂളിൽപോകാനുള്ള തത്രപ്പാടിൽ ഉണ്ടാക്കിയതാണ്. രുചിയില്ലെങ്കിൽ ക്ഷമിക്കുക. നിങ്ങളുടെ രോഗം വേഗം ഭേദമാകട്ടെ” -ആശുപത്രിയിൽനിന്ന്‌ ലഭിച്ച പൊതിച്ചോറ് തുറന്നപ്പോൾ കിട്ടിയതാണ് സ്നേഹത്തിൽ പൊതിഞ്ഞ ഈ കുറിപ്പ്.

കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള അമ്മയ്ക്ക് കൂട്ടിരിക്കാനെത്തിയ മമ്പാട് എം.ഇ.എസ്. കോളേജിലെ അധ്യാപകൻ രാജേഷ് മോൻജിക്കാണ് പൊതിച്ചോറും സ്നേഹക്കുറിപ്പും കിട്ടിയത്. ആരെഴുതിയതാണെന്നറിയാത്തതുകൊണ്ട് അദ്ദേഹം സാമൂഹികമാധ്യമത്തിൽ മറുപടിയായി ഇങ്ങനെ കുറിച്ചു, “കുഞ്ഞേ, നീ കൊടുത്തയച്ച പൊതിച്ചോറിന് നല്ലരുചിയുണ്ടായിരുന്നു. ഓരോ വറ്റിലും നിറയെ സ്നേഹവും”.

രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഡി.വൈ.എഫ്.ഐ. പ്രവർത്തകർ വീടുകളിലെത്തി ശേഖരിച്ച് വിതരണംചെയ്യുന്ന പൊതിച്ചോറിലായിരുന്നു കത്ത്.

എങ്ങോ എവിടെയോ കിടക്കുന്ന പേരറിയാത്ത ആ കുട്ടി സ്കൂളിലേക്ക് പോകുംമുമ്പ് ധൃതിപ്പെട്ട് തയ്യാറാക്കിയ പൊതിച്ചോറിന് രാജേഷ് മോൻജി എന്ന അധ്യാപകൻ മാർക്കിടാൻ മറന്നില്ല. പൊതിച്ചോറിനായി കാത്തുനിൽക്കുന്ന മനുഷ്യരുടെ വിശപ്പ് മാത്രമായിരിക്കില്ല ആ കുഞ്ഞുമനസ്സിൽ തെളിഞ്ഞിട്ടുണ്ടാകുകയെന്ന് അദ്ദേഹം പറയുന്നു. നിർവഹിക്കുന്നത് വലിയ ഉത്തരവാദിത്വമാണെന്ന ബോധ്യവും കൂടിയുണ്ടാകും.

ഒരുദിവസം രണ്ടായിരത്തോളം പൊതിച്ചോർ ഒരാശുപത്രിയിൽത്തന്നെ കൊടുക്കാൻപറ്റണമെങ്കിൽ എത്രവീടുകളിൽ, എത്രമനുഷ്യർ അത് തയ്യാറാക്കുന്നുണ്ടാകും. ആശുപത്രികളിൽ ചികിത്സയിൽക്കഴിയുന്ന, അവർക്ക് കൂട്ടിരിക്കുന്ന, മനുഷ്യരെക്കുറിച്ച് അക്കൂട്ടത്തിൽ പലരും ചിന്തിച്ചിട്ടുണ്ടാവണമെന്നും അദ്ദേഹം കുറിക്കുന്നു.

Content Highlights: dyfi hridayapoorvam initiative letter along with food

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..