അരിക്കൊമ്പൻ
മൂന്നാർ: ‘ഓപ്പറേഷൻ അരിക്കൊമ്പൻ’ ആക്ഷൻ പ്ലാൻ ചർച്ചചെയ്യുന്നതിന് കളക്ടർ ഷീബാ ജോർജിന്റെയും സി.സി.എഫ്. ആർ.എസ്. അരുണിന്റെയും നേതൃത്വത്തിൽ മൂന്നാറിൽ യോഗം ചേർന്നു. 25-ന് ആനയെ മയക്കുവെടിവെച്ച് പിടികൂടാനാണ് തീരുമാനം. ഇതിന് മുന്നോടിയായി 24-ന് മോക്ഡ്രിൽ നടത്തും. വ്യത്യസ്ത ടീമുകൾ ഏത് രീതിയിൽ പ്രവർത്തിക്കണമെന്നുള്ള നിർദേശം ആ സമയത്ത് നൽകും.
ആനയെ പിടിക്കുന്നതിന് ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിൽ 71 പേരും, സുരേന്ദ്രൻ, കുഞ്ചു, സൂര്യ എന്നീ കുങ്കിയാനകളുമെത്തും. വിക്രം എന്ന കുങ്കിയാനയെ എത്തിച്ചുകഴിഞ്ഞു. രണ്ടുദിവസത്തിനകം ദൗത്യസംഘത്തിലെ മുഴുവൻ ആളുകളും എത്തുമെന്നാണ് കരുതുന്നത്.
വിപുലമായ ഒരുക്കം
വനം, റവന്യൂ, പോലീസ്, മോട്ടോർ വാഹനവകുപ്പുകളും വൈദ്യുതി ബോർഡും ദൗത്യത്തിലുണ്ട്. 25-ന് ചിന്നക്കനാൽ ശാന്തൻപാറ പഞ്ചായത്തുകളിലെ ചില വാർഡുകളിൽ 144 പ്രഖ്യാപിക്കും.
ചിന്നക്കനാൽ വിലക്ക്, ബി.എൽ. റാം ഭാഗങ്ങളിൽ ഗതാഗതം നിരോധിക്കും. 301 കോളനി, സിങ്കുകണ്ടം പ്രദേശങ്ങളിലെ ആളുകളെ മാറ്റിപ്പാർപ്പിക്കും. പരീക്ഷയെഴുതുന്ന വിദ്യാർഥികളെ സുരക്ഷിതരായി പരീക്ഷാകേന്ദ്രങ്ങളിലെത്തിക്കും.
അങ്കണവാടികൾക്കും ചെറിയ ക്ലാസുകളിലെ കുട്ടികൾക്കും അവധി നൽകും. ജനത്തിരക്ക് ഒഴിവാക്കാൻ പോലീസിന് പ്രത്യേക നിർദേശം നൽകി. രണ്ട് ആംബുലൻസുകൾ ഉൾപ്പെടുന്ന വൈദ്യസഹായ സംഘം, അഗ്നിരക്ഷാസേന എന്നിവയുടെ സേവനം ആവശ്യപ്പെട്ടിട്ടുണ്ട്.
25-ന് പുലർച്ചെ നാലിന് ദൗത്യം ആരംഭിക്കും. 11-ന് മുമ്പ് ആനയെ മയക്കുവെടിവെയ്ക്കും. അന്ന് പിടികൂടാൻ സാധിച്ചില്ലെങ്കിൽ പിറ്റേദിവസവും ദൗത്യംതുടരും. മുൻകൂട്ടി തീരുമാനിച്ച സ്ഥലങ്ങളിലെത്തി മാത്രമേ മയക്കുവെടിവെയ്ക്കൂ. കാഴ്ചക്കാരെയോ, വീഡിയോ വ്ലോഗർമാരെയോ ഈ ഭാഗത്തേക്ക് വിടില്ല.
പിടികൂടിയാൽ അടിമാലിവഴി കോടനാട്ടേക്ക് കൊണ്ടുപോകും. സബ്കളക്ടർ രാഹുൽ കൃഷ്ണശർമ, ഡി.എഫ്.ഒ. രമേഷ് ബിഷ്ണോയ്, എ.സി.എഫ്. ഷാൻട്രി ടോം, ജനപ്രതിനിധികൾ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
ചിന്നക്കനാലിൽ യോഗം ഇന്ന്
ചിന്നക്കനാൽ പഞ്ചായത്തിൽ ബുധനാഴ്ച വൈകീട്ട് മൂന്നിന് വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, തോട്ടം ഉടമകൾ, റിസോർട്ട് ഉടമകൾ എന്നിവരുടെ യോഗംചേർന്ന് ജനങ്ങളുടെ സഹകരണം ഉറപ്പുവരുത്തും. ആളുകളെ മാറ്റിപ്പാർപ്പിക്കുന്നത് സംബന്ധിച്ചും തീരുമാനമെടുക്കും.
അരിക്കൊമ്പന് കലി കൂടി; രണ്ട് വീടുകൂടി തകർത്തു
പിടികൂടി കൂട്ടിലടയ്ക്കാൻ സന്നാഹങ്ങൾ ഒരുങ്ങുമ്പോഴും, കലിപൂണ്ട അരിക്കൊമ്പൻ ജനവാസമേഖലയിൽ നാശം വരുത്തുന്നു. ചൊവ്വാഴ്ച പുലർച്ചെ 3.20-ഓടെ പെരിയകനാലിലെത്തിയ കാട്ടാന രണ്ടുവീട് തകർത്തു.
ബൈസൺവാലി സ്വദേശിയും തോട്ടംമാനേജരുമായ അമ്പാടി വിജയന്റെ തോട്ടത്തിലെ വീടിന്റെ ഒരുഭാഗവും തൊട്ടടുത്തുള്ള അടിമാലി സ്വദേശി അഷറഫിന്റെ വീടിന്റെ ഭിത്തിയുമാണ് അരിക്കൊമ്പൻ തകർത്തത്. വീട്ടിലുണ്ടായിരുന്ന വിജയൻ, ഭാര്യ ലക്ഷ്മി എന്നിവർ തട്ടിനുമുകളിൽ കയറിയാണ് രക്ഷപ്പെട്ടത്. തുടർന്നാണ് കാട്ടാന, അഷറഫിന്റെ തോട്ടത്തിലെ വീട് തകർത്തത്. തോട്ടത്തിലെ ജോലിക്കാരനായ പീറ്റർമാത്രമേ ഇവിടെ ഉണ്ടായിരുന്നുള്ളൂ.
കാട്ടാനയെ പേടിച്ച് പീറ്റർ രാത്രിയിൽ തൊട്ടടുത്തുള്ള ഏറുമാടത്തിലാണ് ഉറങ്ങിയിരുന്നത്.
ഒരാഴ്ചമുമ്പും വിജയന്റെ വീട് അരിക്കൊമ്പൻ ആക്രമിച്ചിരുന്നു. അന്ന് വീടിന്റെ വാതിലും ഭിത്തിയും തകർത്ത അരിക്കൊമ്പൻ 20 കിലോഗ്രാം അരിയും തിന്നു. ഇത്തവണ അരിക്കൊമ്പന് വീടുകളിൽനിന്ന് തീറ്റ കിട്ടിയില്ല.
Content Highlights: elaborated plans to capture the arikkomban elephant
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..