കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റ കാട്ടാന ചരിഞ്ഞു


1 min read
Read later
Print
Share

നാട്ടുകാർ കണ്ടത് ആനയുടെ ജഡം കടുവ ഭക്ഷിക്കുന്നത്

Photo: AFP

തെന്മല (കൊല്ലം): കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റ് പൂർണഗർഭിണിയായ കാട്ടാന ചരിഞ്ഞു. അച്ചൻകോവിൽ പ്രിയ എസ്റ്റേറ്റിനോടുചേർന്ന് വനാതിർത്തിയിലാണ് സംഭവം.

ബുധനാഴ്ച എസ്റ്റേറ്റിലെ ലയത്തിന്റെ ഭാഗത്ത് ദുർഗന്ധമനുഭവപ്പെട്ടതോടെ നാട്ടുകാർ നടത്തിയ തിരച്ചിലിൽ ആനയുടെ ജഡം ഭക്ഷിക്കുന്ന കടുവയെയാണ് കണ്ടത്. ആളുകളെ കണ്ടതും കടുവ കാട്ടിലേക്ക് ഓടിമറഞ്ഞു. പിടിയാനയ്ക്ക് 20-നും 25-നും മധ്യേ പ്രായമുണ്ടെന്നാണ് കരുതുന്നത്.

പ്രിയ എസ്റ്റേറ്റ് ലയത്തിന്റെ 200 മീറ്റർ അകലെയാണ് കാട്ടാനയുടെ നാലുദിവസത്തോളം പഴക്കമുള്ള ജഡം കണ്ടത്. അച്ചൻകോവിൽ വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തി ജഡം പരിശോധിച്ചാണ് കടുവയുടെ ആക്രമണത്തിലാണ് ചരിഞ്ഞതെന്ന നിഗമനത്തിലെത്തിയത്. വനംവകുപ്പ് വെറ്ററിനറി സർജൻ ഡോ. ബി.ജി.സിബിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഇക്കാര്യം സ്ഥിരീകരിച്ചു. ആന പൂർണഗർഭിണിയായിരുന്നെന്നും കണ്ടെത്തി. ആനയുടെ തുമ്പിക്കൈയും വാലും ആക്രമണത്തിൽ മുറിഞ്ഞിരുന്നു. ദേഹത്ത് കടുവ മാന്തിയതിന്റെ പാടുകളുമുണ്ട്. ജഡം വെള്ളിയാഴ്ച സംസ്കരിക്കും.

അച്ചൻകോവിൽ ഡി.എഫ്.ഒ. സുനിൽ സഹദേവൻ, റേഞ്ച് ഓഫീസർ ആർ.സി.അരുൺ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ ആസിസ് എന്നിവരും ഫ്ലൈയിങ് സ്ക്വാഡും സ്ഥലത്തെത്തിയിരുന്നു. വർഷങ്ങൾക്കുമുമ്പ് ഉടമസ്ഥർ ഉപേക്ഷിച്ച എസ്റ്റേറ്റിൽ കുറച്ച് തൊഴിലാളി കുടുംബങ്ങൾ മാത്രമാണുള്ളത്. വനത്താൽ ചുറ്റപ്പെട്ട മേഖലയാണ്. എസ്റ്റേറ്റ് ഭാഗങ്ങളും കാടുമൂടിയതിനാൽ വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമാണ്.

കടുവയെത്തിയത് ആനയെ പിന്തുടർന്നാകാം

അച്ചൻകോവിൽ മേഖലയിൽ കടുവ തങ്ങാനുള്ള സാധ്യതയില്ലെന്നും അതിനാൽ ആശങ്ക വേണ്ടെന്നും വനംവകുപ്പ് അധികൃതർ വ്യക്തമാക്കി. പ്രായംചെന്നതുകൊണ്ടോ മറ്റവശതകൾമൂലമോ വേട്ടയാടാൻ പ്രയാസപ്പെടുന്ന കടുവകളാണ് സാധാരണ കാടിറങ്ങി അതിർത്തിയിലേക്കെത്തുക. ഇവിടെ മറ്റേതെങ്കിലും സ്ഥലത്തുവെച്ചാകാം ആനയ്ക്കുനേരേ ആക്രമണമുണ്ടായത്. തുടർന്ന് അവശയായ ആനയെ പിന്തുടർന്നാകും കടുവ പ്രിയ എസ്റ്റേറ്റ് ഭാഗത്തെത്തിയതെന്നും വനംവകുപ്പ് അധികൃതർ പറഞ്ഞു.

Content Highlights: elephant dead due to tiger attack

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..