തന്നെ വേട്ടയാടുന്നു; മാധ്യമങ്ങൾക്കുമുന്നിൽ വിതുമ്പി സ്വപ്ന, പത്രസമ്മേളനത്തിനിടെ കുഴഞ്ഞുവീണു


സ്വപ്ന സുരേഷ് മാധ്യമങ്ങൾക്കുമുന്നിൽ വിതുമ്പിക്കരയുന്നു

പാലക്കാട്: “എന്തിനെന്നെ ഒരു തീവ്രവാദിയെപ്പോലെ വേട്ടയാടുന്നു? സത്യം പറഞ്ഞതിന് ഒരു സ്ത്രീക്ക് ഇതാണോ ഇവിടെ അവസ്ഥ?” -മാധ്യമങ്ങൾക്കുമുന്നിൽ വിതുമ്പിക്കരഞ്ഞ സ്വർണക്കടത്തുകേസ് പ്രതി സ്വപ്നാ സുരേഷ് നിമിഷങ്ങൾക്കകം കുഴഞ്ഞുവീണു. ശനിയാഴ്ച വൈകുന്നേരം പാലക്കാട് ചന്ദ്രനഗറിലെ എച്ച്.ആർ.ഡി.എസ്. ആസ്ഥാനത്ത് അഞ്ചുമിനിറ്റിൽ അരങ്ങേറിയത് വികാരഭരിതമായ രംഗങ്ങൾ.

മതസ്പർധ വളർത്താൻ ശ്രമിച്ചെന്നാരോപിച്ച് തന്റെ അഭിഭാഷകനായ കൃഷ്ണരാജിനെതിരേ കേസെടുത്ത സാഹചര്യത്തിലാണ് ശനിയാഴ്ച വൈകുന്നേരം സ്വപ്നാ സുരേഷ് മാധ്യമങ്ങൾക്കുമുന്നിലെത്തിയത്. വെള്ളിയാഴ്ച പുറത്തുവിട്ട ശബ്ദരേഖയിൽ സ്വപ്നയുടെ വക്കീലിനെതിരേ കേസെടുക്കുമെന്ന് ഷാജ് കിരൺ പറയുന്ന ഭാഗം ചൂണ്ടിക്കാട്ടിയാണ് സ്വപ്ന സംസാരിച്ചത്. ഷാജ് നേരത്തേ പറഞ്ഞത് ശരിവെക്കുന്ന തരത്തിലാണ് സരിത്തിനെ വിജിലൻസ് പിടിച്ചുകൊണ്ടുപോയതെന്നും സ്വപ്ന പറഞ്ഞു.

“എന്റെ എല്ലാവരെയും തള്ളിപ്പറയുമ്പോൾമാത്രമേ എനിക്ക് അവരുടെ വിശ്വാസം നേടാൻ പറ്റത്തുള്ളൂ. ആ വിശ്വാസം കാരണമാണ് പുള്ളിക്കാരൻ എന്നെ സഹായിക്കുന്ന രീതിയിൽ എല്ലാം തുറന്നുപറയുന്നത്. അപ്പോ ആ ഓഡിയോ ക്ലിപ്പുപ്രകാരം സരിത്തിനെ ആദ്യം പൊക്കി. സരിത്തിനെ ഷാജ് കിരൺ ഒരു മണിക്കൂർ 45 മിനിറ്റിനുള്ളിൽ ഇറക്കി. അതേ ഓഡിയോ ക്ലിപ്പിൽ നിങ്ങളെല്ലാരും കേട്ടതാണ്, കൃഷ്ണരാജ് എന്നുപറയുന്ന എന്റെ ലോയറിനെ പൊക്കും. പുള്ളിക്കാരനെതിരേയും കേസെടുക്കും. അത് സംഭവിച്ചില്ലേ? ഒരു ഫെയ്‌സ്ബുക് പോസ്റ്റിന്റെ പേരിൽ ഇന്നുതന്നെ കേസ് രജിസ്റ്റർചെയ്യുകയാണ്, ജാമ്യമില്ലാവകുപ്പിൽ. എനിക്കിപ്പോൾ വക്കീലിന്റെ സഹായമില്ല. എനിക്ക് എന്റെ വക്കീലിനെ നഷ്ടപ്പെട്ടു. അപ്പോ ഷാജ് കിരൺ പറഞ്ഞത് ശരിയല്ലേ? ഷാജ് കിരൺ ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്കെതിരേയും കോടിയേരി സാറിനെക്കുറിച്ചും പറഞ്ഞപ്പോൾ അതിൽ ഗൂഢാലോചനയില്ലേ. എന്റെ വക്കീലിനെതിരേയും കേസെടുത്തു. അപ്പോ ഷാജ് കിരൺ പറഞ്ഞ ഏതുപോയന്റാണ് തെറ്റ്. ഞാൻ എങ്ങനെ വിശ്വസിക്കാതിരിക്കും. ഇത് വിലപേശലല്ലേ? ഇത് ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ പ്രതിനിധിയല്ലേ?” -സ്വപ്‌ന ചോദിച്ചു.

“ എന്തിന് എന്നെ ഇതുപോലെ ആക്രമിക്കുന്നു. അതിന് എന്റെ ചുറ്റുമുള്ളവരെ എന്തിന് ഉപദ്രവിക്കുന്നു. ഇനിയും മറ്റുള്ളവരെ ഉപദ്രവിക്കരുത്. എന്നെ ഉപദ്രവിച്ചുകൊള്ളൂ. എന്നെ കൊല്ലൂ. ആ കഥ അവസാനിക്കുമല്ലോ”- വിതുമ്പിക്കൊണ്ട് സ്വപ്ന പറഞ്ഞു.

“ഈ കണ്ണുനീർ ഭീരുവിന്റെയല്ല. വളരെയധികം അനുഭവിച്ച ഒരു സ്ത്രീയുടേതാണ്. ഞാൻ ഒരു രോഗിയാണ്” -സ്വപ്ന വികാരാധീനയായി പറഞ്ഞു. നിങ്ങൾ എന്തിന് എന്റെ വക്കീലിനോടുവരെ ഇങ്ങനെ ചെയ്യുന്നു. വക്കീലായി വരുന്ന ഓരോരുത്തരെയും ഒഴിവാക്കുന്നു. ഇനി എന്റെ കൈയിൽ പണമില്ല വക്കീലിനുകൊടുക്കാൻ. എത്ര കേസ് എനിക്കെതിരേ എടുക്കുന്നു. ഒരു തീവ്രവാദിയെന്നപോലെ കാണാൻ ഞാൻ എന്താണുചെയ്തത്. നിർത്തൂ ഇത്. എന്നിട്ട് എന്നെ കൊല്ലൂ; മറ്റുള്ളവരെ കൊല്ലാതെ”- പറഞ്ഞുനിർത്തിയതും സ്വപ്ന കുഴഞ്ഞുവീണു. ഇതോടെ സുഹൃത്ത് സരിത്ത്, സ്വപ്നയുടെ മകൻ, എച്ച്.ആർ.ഡി.എസ്. ജീവനക്കാർ എന്നിവർ ഓടിയെത്തി പ്രഥമശുശ്രൂഷ നൽകി. പിന്നീട് ഇവരെ ആശുപത്രിയിലേക്കുമാറ്റി.

അപസ്മാരം കാരണമാണ് സ്വപ്ന കുഴഞ്ഞുവീണതെന്നും നേരത്തേയും ഇതുണ്ടായിട്ടുണ്ടെന്നും എച്ച്.ആർ.ഡി.എസ്. അധികൃതർ വ്യക്തമാക്കി.

Content Highlights: 'End this now': Kerala gold smuggling accused collapses before media

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..