കേള്‍ക്കാനും മിണ്ടാനുമാവില്ല, കാട്ടുമൃഗങ്ങളെ പേടിച്ച് ഉറങ്ങാതെ മക്കള്‍ക്ക് കാവലിരിക്കുന്നു ഇവർ


By സലിം കുളത്തായി

2 min read
Read later
Print
Share

ആനക്കുളം നോർത്തിൽ താമസിക്കുന്ന പുതുപ്പറമ്പിൽ അശോക് കുമാറും കുടുംബവും കെട്ടുറപ്പുള്ള ഒരു വീടിനായി സർക്കാർ ഓഫീസുകൾ കയറിയിറങ്ങുകയാണ്.

അശോക് കുമാറും കുടുംബവും പടുതാഷെഡ്ഡിന് മുൻപിൽ | photo: mathrubhumi

അടിമാലി: അശോക് കുമാറിന് കേൾവിശക്തിയില്ല. ഭാര്യ സതിക്ക് കേൾക്കാനും മിണ്ടാനും കഴിയില്ല. പൊട്ടിപ്പൊളിഞ്ഞ പടുതാഷെഡ്ഡിൽ രണ്ട് കുഞ്ഞുമക്കളുമായി അവർ ജീവിക്കുന്നു. അതും ആനയിറങ്ങുന്ന ആനക്കുളം നോർത്തിൽ. കാട്ടുമൃഗങ്ങളുടെ ശബ്ദംകേൾക്കാൻ കഴിയാത്തതിനാൽ രാത്രി ഉറക്കമില്ലാതെ മക്കൾക്ക് കാവലിരിക്കുകയാണ് ഈ അച്ഛനും അമ്മയും.

മാങ്കുളം പഞ്ചായത്തിലെ 13-ാംവാർഡായ ആനക്കുളം നോർത്തിൽ താമസിക്കുന്ന പുതുപ്പറമ്പിൽ അശോക് കുമാറും കുടുംബവും കെട്ടുറപ്പുള്ള ഒരു വീടിനായി സർക്കാർ ഓഫീസുകൾ കയറിയിറങ്ങുകയാണ്. ലൈഫ് പദ്ധതിയും ഇതുവരെ ഇവരെ തുണച്ചില്ല.

ഒന്നരപ്പതിറ്റാണ്ടായി ആനക്കുളം നോർത്തിൽ സ്ഥലം വാങ്ങിയിട്ട്. വനാതിർത്തിയിലുള്ള പ്രദേശത്ത് അന്നുമുതൽ കുടിൽകെട്ടി താമസിക്കുകയാണ് ഇവർ. അശോക് കുമാറിന് 70 ശതമാനം കേൾവിയില്ല. സതി ബധിരയും മൂകയുമാണ്. നാലാം ക്ലാസിൽ പഠിക്കുന്ന ഇളയ മകൻ ആദർശിനും കേൾവി സംബന്ധമായ പ്രശ്നങ്ങളുണ്ട്. അവൻ ചികിത്സയിലാണ്. മൂത്തമകൻ ആദിത്യൻ ഒൻപതാം ക്ലാസിൽ പഠിക്കുന്നു. ഇത്രയുംപേർ ഈ കൊച്ചു കുടിലിലാണ് താമസം.

കുടിലിന് സമീപം മിക്കപ്പോഴും കാട്ടാനക്കൂട്ടം എത്താറുണ്ട്. കേൾവിശക്തിയില്ലാത്തതിനാൽ ആനയിറങ്ങുന്നത് പെട്ടെന്ന് അശോക് കുമാറിനും സതിക്കും മനസ്സിലാകില്ല. കണ്ടാൽ മാത്രമേ എന്തെങ്കിലും ചെയ്യാൻ കഴിയൂ. അതിനാൽ മക്കൾ ഉറങ്ങുമ്പോൾ ഈ അച്ഛനും അമ്മയും കാവലിരിക്കും. ഇവർക്ക് ഒരേക്കറിൽ താഴെ ഭൂമിയുണ്ട്. കുറച്ചു കൊക്കോ നട്ടിട്ടുണ്ടെങ്കിലും കൂട്ടമായെത്തുന്ന കുരങ്ങൻമാർ കായ പറിച്ചുകൊണ്ടുപോകും. അതിനാൽ കൂലിപ്പണിയെടുത്താണ് അശോക് കുമാർ കുടുംബംപോറ്റുന്നത്.

ലൈഫ് പദ്ധതി തുടങ്ങിയകാലം മുതൽ ഈ കുടുംബം വീടിനായി സർക്കാർ ഓഫീസുകൾ‌ കയറിയിറങ്ങുകയാണ്. മാങ്കുളം പഞ്ചായത്തിൽ അപേക്ഷ നൽകി. ജനപ്രതിനിധികളോടും രാഷ്ട്രീയക്കാരോടും ഉദ്യോഗസ്ഥരോടും ദുരിതത്തെക്കുറിച്ച് പറഞ്ഞു. ഒരു നടപടിയും ഉണ്ടായില്ല.

ദേവികുളം ബ്ലോക്ക് പഞ്ചായത്തിന്റെ പി.എം.ജി.ഇ.എസ്. പദ്ധതിയിൽ 112-ാം സ്ഥാനത്താണ് അശോക് കുമാറിന്റെ അപേക്ഷയുള്ളത്. അതിനാൽ വീട് അടുത്തെങ്ങും കിട്ടുമെന്ന് പ്രതീക്ഷിക്കാനാവില്ല. കളക്ടർക്കും ദേവികുളം സബ് കളക്ടർക്കും നിവേദനം നൽകി. പരിഗണിക്കാമെന്ന് പറഞ്ഞതുമാത്രം മിച്ചം. എന്നാൽ, ലൈഫ് പദ്ധതിയുടെ പരിധിയിൽ കൂടുതൽ ഭൂമി അശോക് കുമാറിന് സ്വന്തമായുള്ളതിനാലാണ് വീട് കിട്ടാത്തതെന്ന് വാർഡ് മെമ്പർ സവിതാ റോയ്‌ പറയുന്നു.

Content Highlights: family scared of wild animals

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..