കുട്ടികൾക്ക് പനി, പിന്നെയും പനി; പ്രതിരോധശേഷി കുറച്ചത് കോവിഡ് കാലത്തെ കരുതൽ


2 min read
Read later
Print
Share

കോവിഡ്കാലത്ത് കുട്ടികൾ വീടിനുള്ളിൽത്തന്നെയായിരുന്നപ്പോൾ രോഗപ്രതിരോധശേഷിയിൽവന്ന കുറവാണ് വൈറസ് അസുഖങ്ങൾ കൂടാനുള്ള കാരണം.

Representative Image | Photo: Gettyimages.in

കണ്ണൂർ: പനിബാധിച്ച കുട്ടികളുമായി ആശുപത്രികളിലേക്കുള്ള യാത്ര, അസുഖം മാറിയെന്ന് ആശ്വസിച്ചിരിക്കുമ്പോൾ ദിവസങ്ങൾക്കുള്ളിൽ വീണ്ടുമെത്തുന്ന പനിയും അസ്വസ്ഥതകളും, നഷ്ടമാകുന്ന സ്‌കൂൾ ദിനങ്ങൾ... മാസങ്ങളായി സംസ്ഥാനത്തെ രക്ഷിതാക്കൾ നേരിടുന്ന പ്രശ്നമാണിത്.

മുമ്പെങ്ങുമില്ലാത്തവിധത്തിൽ കുട്ടികൾക്കിടയിൽ പനി പടരുകയാണ്. ന്യൂമോണിയ ബാധിക്കുന്നവരുടെ എണ്ണവും കൂടി. സാധാരണ ജലദോഷപ്പനിയല്ലേ എന്നുകരുതി അസുഖത്തെ നിസ്സാരമായി തള്ളിക്കളയരുതെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.

സ്‌കൂൾ തുറന്നശേഷമാണ് ജലദോഷം, കഫക്കെട്ട്, പനി, ബ്രോങ്കൈറ്റിസ്, ന്യൂമോണിയ തുടങ്ങിയ അസുഖങ്ങൾ കുട്ടികളിൽ കൂടിയത്. ഈ മാസം ഇതുവരെ 1,22,019 പേരാണ് സംസ്ഥാനത്തെ സർക്കാർ ആശുപത്രിയിൽ പനിയെത്തുടർന്ന് ചികിത്സതേടിയത്. ഇതിൽ പകുതിയിലധികം കുട്ടികളാണ്. മൂന്നുമുതൽ ഒമ്പത് വയസ്സുവരെയുള്ളവരിലാണ് അസുഖം കൂടുതലായി കാണുന്നത്. കോവിഡ്കാലത്ത് കുട്ടികൾ വീടിനുള്ളിൽത്തന്നെയായിരുന്നപ്പോൾ രോഗപ്രതിരോധശേഷിയിൽവന്ന കുറവാണ് വൈറസ് അസുഖങ്ങൾ കൂടാനുള്ള കാരണം.

സ്‌കൂളുകളിൽ കുട്ടികൾ തമ്മിൽ അടുത്തിടപഴകുന്നതും രോഗവ്യാപനത്തിന് കാരണമായി. അടുത്തകാലത്ത് മനുഷ്യരിൽനിന്ന് മനുഷ്യരിലേക്ക് പകരുന്ന ഇൻഫ്ളുവൻസ ബി-വൈറസ് കൂടിയതായി കണ്ടെത്തിയിട്ടുണ്ട്.

ഇമ്യൂണിറ്റി ഡെബ്റ്റ്

ഏതെങ്കിലും ഒരു കാലഘട്ടത്തിൽ സമൂഹത്തിൽ രോഗാണുബാധ കുറഞ്ഞ സമയമുണ്ടെങ്കിൽ ഇത് കഴിഞ്ഞുവരുന്ന സമയത്ത് അത്രയുംകൂടി രോഗബാധ കൂടും. ഇതിനെ ഇമ്യൂണിറ്റി ഡെബ്റ്റ് എന്നാണ് പറയുന്നത്. കോവിഡ് കാലത്തെ മുൻകരുതലുകൾ കുട്ടികളിൽ പ്രതിരോധശേഷിയെ കുറച്ചു. കോവിഡ് കാലത്ത് കുട്ടികളിൽ വന്നുപോകേണ്ട അസുഖമാണ് ഇപ്പോൾ വരുന്നത്.

ശ്രദ്ധിക്കണം

* മുഖാവരണ ഉപയോഗം മറക്കരുത്

* കൈ ഇടയ്ക്കിടെ കഴുകുക

* കൃത്യമായ ചികിത്സതേടുക

* അസുഖം മാറുന്നതുവരെ വിശ്രമിക്കുക.

ബ്രോങ്കിയോളൈറ്റിസ് കൂടി

രണ്ട് വയസ്സുവരെയുള്ള കുട്ടികളിൽ കാണുന്ന ശ്വാസകോശ അണുബാധയായ ബ്രോങ്കിയോളൈറ്റിസ് കഴിഞ്ഞ ഒരു മാസത്തിനിടെ കൂടിയിട്ടുണ്ട്. ശ്വാസംമുട്ടൽ, ചുമ, പാൽ കുടിക്കാൻ ബുദ്ധിമുട്ട്, ഓക്‌സിജൻ ലെവൽ കുറയുക എന്നിവയാണ് ലക്ഷണങ്ങൾ. കഴിഞ്ഞ രണ്ടുവർഷത്തെ അപേക്ഷിച്ച് പനിയും അനുബന്ധ അസുഖങ്ങളും ബാധിച്ചെത്തുന്ന കുട്ടികളുടെ എണ്ണം ആറിരട്ടി കൂടി. -ഡോ. പത്മനാഭ ഷേണായി, പീഡിയാട്രീഷ്യൻ, കണ്ണൂർ

മുൻകരുതലെടുക്കാം

പനിയെ അമിതമായി ഭയക്കേണ്ടതില്ല. കോവിഡിനെ പ്രതിരോധിക്കാൻ സ്വീകരിച്ച കരുതൽ കോവിഡിനേക്കാൾ ഗുരുതരമല്ലാത്ത മറ്റ് അസുഖങ്ങളുടെ പകർച്ച ഇല്ലാതാക്കി. അവ വീണ്ടും വരുന്നു എന്ന് മാത്രമേയുള്ളൂ. എങ്കിലും ജാഗ്രതപുലർത്തണം. അപൂർവമായെങ്കിലും ന്യൂമോണിയ ഗുരുതരാവസ്ഥയിലേക്ക് പോകുന്നുണ്ട്. ഇത് ശ്രദ്ധിക്കണം. -ഡോ. ടി.എസ്. അനീഷ്, കമ്യൂണിറ്റി മെഡിസിൻ അസി. പ്രൊഫസർ, തിരുവനന്തപുരം മെഡിക്കൽ കോളേജ്‌.

Content Highlights: Fever spreading among Kerala schoolchildren

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..