ആർ.എസ്.എസിനെ ‘പഠിക്കാൻ’ സി.പി.എം; ‘ക്ലാസ് നോട്ടി’ന് അന്തിമരൂപം നൽകാനുള്ള ചുമതല പാർട്ടികേന്ദ്രത്തിന്


By ബിജു പരവത്ത്

1 min read
Read later
Print
Share

ആർ.എസ്.എസിനെയും ഹിന്ദുത്വത്തെയും സംബന്ധിച്ച് ‘ക്ലാസ് നോട്ടി’ന് അന്തിമരൂപം നൽകാനുള്ള ചുമതല പാർട്ടികേന്ദ്രത്തിനാണ്.

പ്രതീകാത്മക ചിത്രം | Mathrubhumi archives

തിരുവനന്തപുരം : വർഗീയതയെ ചെറുക്കുന്നതിന് ഹിന്ദുത്വം പഠിച്ചുതന്നെ സമൂഹത്തിലിറങ്ങാൻ സി.പി.എം. തീരുമാനം. ദേശീയതലത്തിൽ തയ്യാറാക്കുന്ന പാർട്ടി ക്ലാസിനുള്ള കരിക്കുലത്തിൽ ഈ പഠനവും ഉൾപ്പെടുത്തും.

ആർ.എസ്.എസിന്റെ പ്രവർത്തന രീതി, ഹിന്ദുത്വത്തെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്തുന്ന പ്രയോഗരീതി എന്നിവയും സി.പി.എമ്മിന്റെ പാഠ്യപദ്ധതിയിലുണ്ടാകും. ആർ.എസ്.എസിനെയും ഹിന്ദുത്വത്തെയും സംബന്ധിച്ച് ‘ക്ലാസ് നോട്ടി’ന് അന്തിമരൂപം നൽകാനുള്ള ചുമതല പാർട്ടികേന്ദ്രത്തിനാണ്. പാർട്ടി അംഗങ്ങളുടെ സംഘടനാബോധവും രാഷ്ട്രീയ വിദ്യാഭ്യാസവും മെച്ചപ്പെടുത്തണമെന്നാണ് കേന്ദ്രകമ്മിറ്റിയുടെ വിലയിരുത്തൽ.

ആർ.എസ്.എസ്. എന്താണെന്നും അതിന്റെ പ്രയോഗരീതിയും തിരിച്ചറിഞ്ഞ് ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് പ്രതിരോധത്തിന്റെ ഒരുമാർഗം. അതിനാൽ പാർട്ടിവിദ്യാഭ്യാസത്തിന്റെ സിലബസ് പരിഷ്കരിക്കണമെന്നുമാണ് കേന്ദ്രകമ്മിറ്റി തീരുമാനിച്ചത്. ഇക്കാര്യങ്ങൾ എല്ലാ പാർട്ടിഘടകങ്ങളിലും റിപ്പോർട്ട് ചെയ്യുന്നുണ്ട്. പുതിയ സിലബസ് പഠിപ്പിക്കാനുള്ള സ്ഥിരം പാർട്ടി സ്കൂളായി ഡൽഹിയിലെ ഹർകിഷൻ സിങ് സുർജിത്ത് ഭവൻ പ്രവർത്തിക്കും.

പാർട്ടിയിൽ യുവാക്കളുടെ പങ്കാളിത്തം കൂടുന്നുണ്ടെങ്കിലും അവർക്ക് രാഷ്ട്രീയസംഘടനാ വിദ്യാഭ്യാസമില്ല. പുതിയ ചെറുപ്പക്കാരായ മുഴുവൻ പ്രവർത്തകരെയും പാർട്ടിക്ലാസിന്റെ ഭാഗമാക്കണമെന്നാണ് നിർദേശം. അവർക്ക് പ്രത്യയശാസ്ത്രപരവും രാഷ്ട്രീയവുമായ പരിശീലനം നൽകണം. അത് ഹിന്ദുത്വം എന്താണെന്നും ആർ.എസ്.എസ്. എങ്ങനെയാണ് അതിനെ ഉപയോഗിക്കുന്നതെന്നും വിശദീകരിച്ചുകൊണ്ടാകും.

എല്ലാ രാഷ്ട്രീയസംഭവങ്ങളിലും നയപരമായ വിശദീകരണം പാർട്ടികേന്ദ്രം നൽകും. ഹിന്ദിമേഖലയിൽ പാർട്ടി കേഡർമാരുടെ ഗുണനിലവാരം മെച്ചപ്പെടുത്താനുള്ളതാണ് മറ്റൊരു തീരുമാനം. ഇതിനായി ഹിന്ദി ഭാഷാപ്രദേശങ്ങളിൽ സ്കൂൾ നടത്താനും തീരുമാനിച്ചു. ഇവിടെ പരിശീലനം നേടുന്നവർ കേഡർമാരിലേക്ക് രാഷ്ട്രീയവിദ്യാഭ്യാസം പകരാനുള്ള ചുമതലക്കാരാകും.

നല്ല പാർട്ടി അംഗത്തിന് അഞ്ചു യോഗ്യത

* പാർട്ടി അംഗത്വ ഫീസും ലെവിയും കൃത്യമായി നൽകൽ

* ബ്രാഞ്ച് യോഗത്തിൽ സ്ഥിരമായി പങ്കെടുക്കൽ

* പാർട്ടിക്ലാസുകൾ, രാഷ്ട്രീയപ്രചാരണം, സമരങ്ങൾ, പ്രക്ഷോഭങ്ങൾ എന്നിവയിൽ തൃപ്തികരമായ പങ്കാളിത്തം

* ബഹുജന മുന്നണിയിൽ അംഗമാകുകയും സജീവമായി പ്രവർത്തിക്കുകയും ചെയ്യുക

* പാർട്ടി പ്രസിദ്ധീകരണങ്ങൾ നിരന്തരം വായിക്കലും അവയുടെ വരിസംഖ്യ അടയ്ക്കലും

Content Highlights: fight against communalism - CPM study about RSS

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..