
ധനമന്ത്രി കെ.എൻ. ബാലഗോപാൽ| Photo: Mathrubhumi
തിരുവനന്തപുരം: സംസ്ഥാനത്ത് ദൈനംദിന ചെലവുകൾക്കുപോലും ബുദ്ധിമുട്ടുംവിധം സാമ്പത്തികപ്രതിസന്ധി രൂക്ഷമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ വെള്ളിയാഴ്ച മന്ത്രിസഭാ യോഗത്തിൽ അറിയിച്ചു. കടമെടുക്കാൻ കേന്ദ്രത്തിന്റെ അനുമതി വൈകുന്നതുകൊണ്ടാണിത്.
എന്നാൽ, വെള്ളിയാഴ്ച വൈകി 5000 കോടി രൂപ കടമെടുക്കാൻ കേന്ദ്രം കേരളത്തിന് അനുമതിനൽകി. ഇത് താത്കാലിക ക്രമീകരണം മാത്രമാണ്. കേരളത്തിന്റെ കടത്തെച്ചൊല്ലി കേന്ദ്രം ഉന്നയിച്ച തർക്കങ്ങളിൽ തീരുമാനമുണ്ടാകുംവരെ താത്കാലികാശ്വാസം എന്നനിലയ്ക്കാണ് ഈ അനുമതി.
സംസ്ഥാനത്തിന്റെ ആവശ്യം വിലയിരുത്തി ഈ മാസം ഇതിൽ എത്ര വായ്പയെടുക്കണമെന്ന് തീരുമാനിക്കുമെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ ‘മാതൃഭൂമി’യോടു പറഞ്ഞു. റിസർവ് ബാങ്ക് ഇറക്കുന്ന കടപ്പത്രങ്ങളിലൂടെയാണ് ഈ വായ്പ സമാഹരിക്കുക.
എന്താണ് പ്രശ്നം?
ഈ വർഷം 32,425 േകാടി രൂപയാണ് കേരളത്തിന് എടുക്കാവുന്ന കടം. എന്നാൽ, കഴിഞ്ഞവർഷം കേരളം കിഫ്ബി ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾവഴി അനുവദിച്ചതിലും കൂടുതൽ കടമെടുത്തുവെന്നു ചൂണ്ടിക്കാട്ടി ഈ വർഷത്തെ കടമെടുപ്പിന് കേന്ദ്രം ഇതുവരെ അനുമതിനൽകിയിരുന്നില്ല.
നാലായിരം േകാടി കടമെടുക്കാൻ സംസ്ഥാനസർക്കാർ തീരുമാനിച്ചെങ്കിലും കേന്ദ്രാനുമതി ഇല്ലാത്തതിനാൽ നടന്നില്ല. ഇതാണ് രൂക്ഷമായ സാമ്പത്തികപ്രതിസന്ധിയിലേക്കു നയിച്ചത്. സാമ്പത്തികസ്ഥിതി മോശമായതിനാൽ ട്രഷറിയിൽ 25 ലക്ഷം രൂപയ്ക്ക് മുകളിലുള്ള ബില്ലുകൾ മാറാൻ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുമ്പോഴാണ് കടമെടുക്കുന്നതിലും വിലക്ക്.
പൊതുമേഖലാ സ്ഥാപനങ്ങളും കിഫ്ബിയും എടുത്ത കടങ്ങൾ സംസ്ഥാനത്തിന്റെ കടത്തിൽ ചേർക്കണമെന്ന കേന്ദ്രത്തിന്റെ പുതിയ നിബന്ധനയാണ് കടമെടുക്കാൻ അനുമതിവൈകാൻ കാരണം. കഴിഞ്ഞവർഷം ഈ സ്ഥാപനങ്ങൾ എടുത്ത കടം തട്ടിക്കിഴിച്ച് ബാക്കിയുള്ളതേ വായ്പയായി എടുക്കാൻ അനുവദിക്കൂ എന്നാണ് കേന്ദ്രനിലപാട്. ഇത് അംഗീകരിക്കാനാകില്ലെന്ന് സംസ്ഥാനം വാദിച്ചു.
വായ്പസംബന്ധിച്ച കണക്ക് അന്തിമമായി അംഗീകരിച്ചശേഷമേ സംസ്ഥാനത്തിന് എത്ര വായ്പയെടുക്കാമെന്ന തീരുമാനം കേന്ദ്രം അറിയിക്കൂ. അതുവരെയുള്ള പ്രതിസന്ധി ഒഴിവാക്കാനാണ് ഇപ്പോൾ അയ്യായിരം േകാടി എടുക്കാൻ അനുവദിച്ചത്.
കേന്ദ്രം ഇളവ് തന്നില്ലെങ്കിൽ
പൊതുമേഖലാ സ്ഥാപനങ്ങളുടെയും കിഫ്ബിയുടെയും കടം സംസ്ഥാനത്തിന്റെ കടമായി കൂട്ടണമെന്ന നിലപാടിൽ കേന്ദ്രം ഉറച്ചുനിന്നാൽ കേരളത്തിന് ഈ വർഷം ഏകദേശം 12,000 കോടിയുടെ വായ്പ കുറയുമെന്നാണ് സർക്കാരിന്റെ പ്രാഥമികനിഗമനം.
ശേഷിക്കുന്ന വായ്പകൊണ്ട് നടപ്പാക്കാവുന്ന പദ്ധതികളുടെ മുൻഗണനക്രമം തീരുമാനിക്കേണ്ടിവരും. ശമ്പളവും പെൻഷനും പലിശച്ചെലവും മാറ്റിവെക്കാനാവില്ല. പദ്ധതികളെയായിരിക്കും ഇത് ബാധിക്കുക.
പൊതുമേഖലാ സ്ഥാപനങ്ങളും വായ്പയെടുക്കുന്നത് കുറയ്ക്കേണ്ടിവരും. സംസ്ഥാനത്തിന്റെ മൊത്തം വരുമാനത്തെയും പൊതുമേഖലാ സ്ഥാപനങ്ങളെയും ഇത് ഗുരുതരമായി ബാധിക്കും.
വികസനപ്രവർത്തനങ്ങൾക്ക് പണമില്ലാത്തതിനാലാണ് കിഫ്ബി വഴി ബജറ്റിനുപുറത്ത് വായ്പയെടുക്കുന്നത്. ഇങ്ങനെപോയാൽ കിഫ്ബിക്കു വായ്പയെടുക്കാനും പ്രതിസന്ധിയുണ്ടാവും. കേന്ദ്രത്തിന്റെ അന്തിമനിലപാടറിയാൻ കാത്തിരിക്കാനാണ് സംസ്ഥാനത്തിന്റെ തീരുമാനം.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..