അരിക്കൊമ്പൻ (File Photo)
ചിന്നക്കനാൽ: അരിക്കൊമ്പനെ മയക്കുവെടി വെക്കുന്നത് 29-വരെ ഹൈക്കോടതി തടഞ്ഞെങ്കിലും മുൻകൂട്ടി തയ്യാറാക്കിയ പദ്ധതിയുമായി വനംവകുപ്പ് മുന്നോട്ട്. വയനാട്ടിൽനിന്നുള്ള രണ്ട് കുങ്കിയാനകളെക്കൂടി ശനിയാഴ്ച ചിന്നക്കനാലിൽ എത്തിക്കും. അരിക്കൊമ്പനെ ഇപ്പോഴും ആർ.ആർ.ടി. സംഘം നിരീക്ഷിക്കുന്നുണ്ട്. മയക്കുവെടി വെക്കുന്നത് തടഞ്ഞെങ്കിലും ഒരുക്കുങ്ങൾ തുടരുന്നതിൽ തടസ്സമില്ലെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു.
കുങ്കിയാനകളായ സുരേന്ദ്രൻ, കുഞ്ചു എന്നിവയെയാണ് ശനിയാഴ്ച കൊണ്ടുവരുന്നത്. വിക്രം, സൂര്യ എന്നീ കുങ്കിയാനകൾ നേരത്തേ എത്തിയിരുന്നു. കുങ്കിയാനകളോടൊപ്പം ദൗത്യസംഘത്തിലെ അംഗങ്ങളും എത്തുന്നുണ്ട്. ദൗത്യസംഘം, 26-നോ, 27-നോ മോക്ക്ഡ്രിൽ നടത്തിയേക്കും.
അരിക്കൊമ്പൻ ഇപ്പോൾ ശാന്തൻപാറ ഫോറസ്റ്റ് സെക്ഷൻ പരിധിയിലാണുള്ളത്.
ദൗത്യത്തിന്റെ കമാൻഡറും എ.സി.എഫുമായ എസ്. നരേന്ദ്രബാബുവും ചിന്നക്കനാലിൽ എത്തി.
അരിക്കൊമ്പൻ കേസ്;
ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകൾ കക്ഷിചേരും
ചിന്നക്കനാൽ: അരിക്കൊമ്പൻ ദൗത്യം 29-വരെ തടഞ്ഞ ഹൈക്കോടതി ഉത്തരവിൽ പ്രതിഷേധിച്ച് ചിന്നക്കനാൽ പഞ്ചായത്തിൽ സർവകക്ഷിയോഗം ചേർന്നു. കേസിൽ ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകൾ കക്ഷിചേരാൻ തീരുമാനിച്ചു.
തിരുവനന്തപുരം, തൃശ്ശൂർ ജില്ലകളിൽ ജീവിക്കുന്ന മൃഗസ്‌നേഹികൾ ഇവിടത്തെ ആളുകളുടെ ദുരിതം മനസ്സിലാക്കുന്നില്ല.
ചിന്നക്കനാൽ പഞ്ചായത്ത് പ്രസിഡന്റ് സിനി ബേബി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ഉഷാകുമാരി മോഹൻകുമാർ, ശാന്തൻപാറ പഞ്ചായത്ത് പ്രസിഡന്റ് ലിജു വർഗീസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.ആർ.ജയൻ തുടങ്ങിയവർ പ്രസംഗിച്ചു.
മനുഷ്യസ്നേഹമില്ലാത്ത പരിസ്ഥിതിവാദികൾ രാജ്യദ്രോഹികൾ- എം.എം.മണി
രാജാക്കാട്: കാട്ടുമൃഗങ്ങൾ മനുഷ്യരെ കൊന്നൊടുക്കുമ്പോഴും പരിസ്ഥിതിപ്രേമം കാണിക്കുന്നവർ, രാജ്യദ്രോഹികളും ജനദ്രോഹികളുമാണെന്ന് എം.എം.മണി എം.എൽ.എ. ഇത്തരക്കാർക്കെതിരേ ജനങ്ങൾ അണിനിരക്കണം.
അരിക്കൊമ്പനെ പിടിക്കുന്നതിന് എതിരേ പരിസ്ഥിതിസംഘടന, കോടതിയെ സമീപിച്ചതിൽ പ്രതിഷേധിച്ച് പൂപ്പാറയിൽ നടത്തിയ സർവകക്ഷിയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇത്തരം പരിസ്ഥിതിവാദികൾ ഇടുക്കിയിൽമാത്രം ഇടപെടുന്നതിൽ ദുരൂഹതയുണ്ട്. ജില്ലയിൽ ഉത്പാദിപ്പിക്കുന്ന വൈദ്യുതി അടക്കമുള്ളവ എല്ലാവർക്കും വേണം.
ഇടുക്കിക്കാർ ജീവനുവേണ്ടി മല്ലടിക്കുമ്പോൾ മുഖംതിരിക്കുന്നവർ കപടപരിസ്ഥിതിവാദികളാണ്. അരിക്കൊമ്പനെ മാറ്റുക എന്നത് ഇവിടത്തെ ജനങ്ങളുടെ നിലനിൽപ്പിന്റെ പ്രശ്‌നമാണ്. കോടതി അനുകൂലനിലപാട് എടുക്കുമെന്ന് കരുതുന്നതായും എം.എം. മണി പറഞ്ഞു.
Content Highlights: forest department has come forward with arikomban mission
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..