പ്രതീകാത്മക ചിത്രം| Photo: Mathrubhumi
തിരുവനന്തപുരം: മോട്ടോർ വാഹനവകുപ്പ് സ്ഥാപിച്ച എ.െഎ. ക്യാമറകൾ തിങ്കളാഴ്ച രാവിലെ എട്ടുമുതൽ പ്രവർത്തനക്ഷമമാകും. ഇതോടെ, നിയമലംഘനങ്ങൾക്ക് പിഴയീടാക്കിത്തുടങ്ങും. 12 വയസ്സിൽ താഴെയുള്ള കുട്ടിയെ ഇരുചക്രവാഹനത്തിൽ മൂന്നാമത്തെയാളായി യാത്രചെയ്യാൻ അനുമതി നൽകിയിട്ടുണ്ടെന്നും അക്കാര്യത്തിൽ പിഴയുണ്ടാവില്ലെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു. ഇക്കാര്യത്തിൽ നിയമഭേദഗതിക്കായി സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതിൽ അന്തിമ തീരുമാനം ഉണ്ടാകുന്നതുവരെയായിരിക്കും ഈ നടപടി.
ഇരുചക്രവാഹനങ്ങളിൽ സഞ്ചരിക്കുന്ന എല്ലാവർക്കും ഹെൽമെറ്റ് നിർബന്ധമാണ്. നാലു വയസ്സിന് താഴെയുള്ള കുട്ടിക്ക് നിർബന്ധമല്ല.
ആക്ഷേപമുണ്ടെങ്കിൽ അപ്പീൽ നൽകാം
സംസ്ഥാനത്ത് സ്ഥാപിച്ച 726 ക്യാമറകളിൽ 692 എണ്ണവും പ്രവർത്തിക്കുന്നുണ്ട്. റോഡ് നിർമാണം കാരണം മാറ്റിസ്ഥാപിക്കേണ്ടവ, കേടുപാടുകൾ സംഭവിച്ചവ എന്നിങ്ങനെ 34 ക്യാമറകൾ ഉടൻ പ്രവർത്തിച്ചുതുടങ്ങും. പിഴ സംബന്ധിച്ച് ആക്ഷേപമുള്ളവർക്ക് എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ.യ്ക്ക് അപ്പീൽ നൽകാം. ഈ സംവിധാനം രണ്ടു മാസത്തിനുള്ളിൽ ഓൺലൈനാക്കുമെന്നും മന്ത്രി അറിയിച്ചു.
ദിവസം നോട്ടീസ് 25,000
ട്രാഫിക് നിയമലംഘനത്തിന് ഒരു ദിവസം ഇരുപത്തി അയ്യായിരത്തോളം നോട്ടീസ് നൽകും. ഇതിനായി കെൽട്രോണിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും 235-ഓളം ജീവനക്കാരെ ചുമതലപ്പെടുത്തി. ആദ്യഘട്ടത്തിൽ മൊബൈൽ സന്ദേശമായി നോട്ടീസ് ലഭിക്കില്ല. എന്നാൽ, കേന്ദ്ര മോട്ടോർവാഹന വെബ്‌സൈറ്റിലൂടെ അറിയാനാകും.
വി.ഐ.പി.ക്ക് ഇളവില്ല
മന്ത്രിമാർക്കുൾപ്പെടെ അടിയന്തര ഘട്ടത്തിൽ കേന്ദ്രം അനുവദിക്കുന്ന ഇളവുമാത്രമേയുണ്ടാകൂവെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. വി.ഐ.പി.യെന്നോ അല്ലാത്തയാളെന്നോ ക്യാമറയ്ക്ക് വേർതിരിവുണ്ടാകില്ല. ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് ചുമതലപ്പെട്ടവരുടെ വാഹനങ്ങൾക്കും അടിയന്തര സേവന വാഹനങ്ങൾക്കുമാണ് വേഗപരിധിയിൽ ഇളവ്. ദുരന്തനിവാരണ പ്രവർത്തകർ മേഖലയിലേക്ക് സഞ്ചരിക്കുമ്പോൾ വേഗത്തിൽ ഇളവുണ്ട്. ആംബുലൻസ്, അഗ്നിരക്ഷാ സേന, പോലീസ് തുടങ്ങിയ എമർജൻസി വാഹനങ്ങൾക്കും ഇളവുണ്ട്.
പിഴ രൂപയിൽ
ഹെൽമെറ്റില്ലെങ്കിൽ 500
മൊബൈൽ ഉപയോഗിച്ചാൽ 2000
സീറ്റ് ബെൽറ്റ് ധരിക്കാതിരുന്നാൽ 500
ചുവന്ന സിഗ്നൽ മുറിച്ചുകടന്നാൽ 1000
ഇരുചക്രവാഹനത്തിൽ മൂന്നുപേർ യാത്ര ചെയ്താൽ 1000
നോ പാർക്കിങ്ങിൽ പാർക്ക് ചെയ്താൽ 250
അതിവേഗം 1500
Content Highlights: from today onwards fine will be imposed on traffic violations identified by ai cameras
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..