സ്വർണത്തിൽ പൂട്ടിട്ട് കേന്ദ്രസർക്കാർ; 10 ലക്ഷത്തിനുമുകളിലുള്ള ഇടപാടുകളിൽ വ്യാപാരികൾക്ക് മാർഗനിർദേശം


ടി.ജെ ശ്രീജിത്ത്

2 min read
Read later
Print
Share

ഉപഭോക്താക്കളുടെ വിവരങ്ങളുൾപ്പെടെ അഞ്ചുവർഷം സൂക്ഷിക്കണം

പ്രതീകാത്മകചിത്രം | ഫോട്ടോ: AP

കൊച്ചി: തീവ്രവാദത്തിന് പണമെത്തുന്നതും കള്ളപ്പണം വെളുപ്പിക്കലും തടയാനായി ‘സ്വർണത്തിൽ’ പൂട്ടിട്ട് കേന്ദ്രസർക്കാർ. 10 ലക്ഷം രൂപയ്ക്കുമേലുള്ള എല്ലാ ഇടപാടുകളുടെയും രേഖകൾ ഇനി അഞ്ചുവർഷംവരെ വ്യാപാരികൾ സൂക്ഷിക്കണം. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം (പി.എം.എൽ.എ.) ഭേദഗതിചെയ്തതിന് പിന്നാലെയാണ് രാജ്യത്തെ സ്വർണ-രത്ന വ്യാപാരികൾക്കായി പ്രത്യേക മാർഗനിർദേശം കേന്ദ്രം പുറത്തിറക്കിയത്.

ഇടപാടുകൾ സംശയാസ്പദമെന്ന് തോന്നുന്നുണ്ടെങ്കിൽ ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റിനെ (എഫ്.ഐ.യു. ഇന്ത്യ) അറിയിക്കണം. ഇതിനായി ഇടപാടുകരുടെ തിരിച്ചറിയൽ രേഖകൾ, ബാങ്ക് അക്കൗണ്ട് വിവരങ്ങളുൾപ്പെടെ സൂക്ഷിക്കണം. എഫ്.ഐ.യു.വുമായി ബന്ധപ്പെടുന്നതിന് വ്യാപാരസ്ഥാപനങ്ങളിലെ ഉന്നതോദ്യോഗസ്ഥനെ ചുമതലപ്പെടുത്തണം. ഫലത്തിൽ എല്ലാതരം ഇടപാടുകളുടെയും രേഖകൾ സൂക്ഷിക്കാൻ സ്വർണവ്യാപാരികളടക്കം ബാധ്യസ്ഥരാകും.

രാജ്യത്തെ ജൂവലറി വ്യവസായത്തെ മുഴുവനായും 2020 ഡിസംബർ 28 മുതൽ ധനകാര്യമന്ത്രാലയം കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിന്റെ പരിധിയിലാക്കിയിരുന്നു. പിന്നാലെയാണിപ്പോൾ ഡയറക്ടർ ജനറൽ ഓഫ് ഓഡിറ്റ് ഇൻഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസ് ഭേദഗതിയും മാർഗനിർദേശവും പുറത്തിറക്കിയത്.

സ്വർണം, വെള്ളി, പ്ലാറ്റിനം, വജ്രം, മരതകം തുടങ്ങിയവ ഉൾപ്പെടെയുള്ളവയുടെ വ്യാപാരം നടത്തുന്നവർക്കാണ് ഇത്‌ ബാധകം.

ഒരുമാസത്തിനിടെ ഒറ്റത്തവണയായോ തവണകളായോ 10 ലക്ഷമോ അതിലധികമോ തുകയ്ക്കുള്ള ഇടപാടുകളായാലും രേഖകൾ വ്യാപാരികൾ സൂക്ഷിക്കണം. ഇടപാടിന്റെ സ്വഭാവം, തുക, തീയതി, ഇടപാടിൽ ഉൾപ്പെട്ടവർ എന്നീ വിശദാംശങ്ങളുണ്ടാകണം. ഉപഭോക്താക്കളെ അറിയൽ (കെ.വൈ.സി.) രേഖകൾ വ്യാപാരസ്ഥാപനങ്ങളിൽ ഉണ്ടാകണം. ഇടപാട് നടക്കുന്ന തീയതിമുതൽ അഞ്ചുവർഷത്തേക്കാണ് രേഖകൾ സൂക്ഷിക്കേണ്ടത്.

സംശയം തോന്നിയാൽ ഏഴുദിവസം

ഏതെങ്കിലും ഇടപാടുകൾ സംശയാസ്പദമെന്ന് വ്യാപാരസ്ഥാപനത്തിന് തോന്നുകയാണെങ്കിൽ ഇടപാടുനടന്ന് ഏഴുപ്രവൃത്തിദിവസത്തിനകം ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റിനെ അറിയിക്കണം. വ്യാപാരസ്ഥാപനത്തിൽ പ്രിൻസിപ്പൽ ഓഫീസർ, ചുമതലപ്പെടുത്തിയ ഡയറക്ടർ എന്നിവരെ ഇതിനായി നിയമിക്കണം.

ഇടപാടുകാരെ സംശയദൃഷ്ടിയോടെ നോക്കാനാകില്ല

സ്വർണം വാങ്ങാനെത്തുന്നവരെ സംശയദൃഷ്ടിയോടെ കാണാൻ വ്യാപാരികൾക്കാവില്ലെന്ന് ഓൾ ഇന്ത്യ ജെം ആൻഡ് ജൂവലറി ഡൊമസ്റ്റിക് കൗൺസിൽ ദേശീയ ഡയറക്ടറും ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ സംസ്ഥാന ട്രഷററുമായ അഡ്വ. എസ്. അബ്ദുൽ നാസർ പറഞ്ഞു. സ്വർണവ്യാപാരമേഖല നിലവിലെ എല്ലാനിയമങ്ങളും പാലിക്കുന്നുണ്ട്. വിപണിയിൽ പണമൊഴുക്ക് തടസ്സപ്പെടുത്തുന്നതിനേ ഇത്തരം നിയമങ്ങൾ ഉപകരിക്കൂ -അദ്ദേഹം പറഞ്ഞു.

Content Highlights: Gold ornaments Jewelries Central government

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..