സ്വര്‍ണക്കടത്ത്; അര്‍ജുന്‍ ആയങ്കി മുഖ്യകണ്ണിയെന്ന് കസ്റ്റംസ്


2 min read
Read later
Print
Share

അർജുൻ ആയങ്കി

കണ്ണൂർ: കോഴിക്കോട് വിമാനത്താവളത്തിൽ 2021 ജൂൺ 21-ന് 2.33 കിലോ സ്വർണം പിടിച്ചെടുത്ത കേസിൽ അർജുൻ ആയങ്കി കടത്തുസംഘത്തിലെ മുഖ്യകണ്ണിയെന്ന് കസ്റ്റംസ്. 1.11 കോടി രൂപ വിലവരുന്ന സ്വർണം പിടിച്ചെടുത്ത കേസിൽ നൽകിയ കാരണം കാണിക്കൽ നോട്ടീസിലാണ് അർജുൻ ആയങ്കിയുടെ പങ്ക് എടുത്തുപറയുന്നത്. കേസിൽ അർജുൻ ആയങ്കി അറസ്റ്റിലായിരുന്നു.

മൂർക്കനാട്ടെ മുഹമ്മദ് ഷഫീക്കിൽനിന്നാണ് 2.33 കിലോ സ്വർണം പിടിച്ചെടുത്തത്. കസ്റ്റംസ് ആക്ട്‌ സെക്ഷൻ 124 പ്രകാരമാണ് 26 പേർക്ക് വിശദമായ കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. ജൂലായ് 30-നകം മറുപടി നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും പ്രതികൾ ഇതുവരെ മറുപടിനൽകിയിട്ടില്ല.

ദുബായ്-കോഴിക്കോട് വിമാനത്തിൽ എത്തിയ മുഹമ്മദ് ഷഫീക്കിൽനിന്നാണ് സ്വർണം കസ്റ്റംസ് പിടിച്ചെടുത്ത്. കുറച്ചുസമയത്തിനുശേഷം രാമനാട്ടുകരയിലുണ്ടായ വാഹനാപകടത്തിൽ അഞ്ചുപേർ മരിച്ചിരുന്നു. സ്വർണം കടത്താൻ എത്തിയ മറ്റൊരു സംഘം അർജുൻ ആയങ്കിയുടെ കാറിനെ പിന്തുടർന്നപ്പോഴാണ് രാമനാട്ടുകരയിൽ അപകടമുണ്ടായത്.

സ്വർണം പൊട്ടിക്കൽ

കടത്തിക്കൊണ്ടുവരുന്ന സ്വർണം ഉടമയ്ക്ക് നൽകും മുൻപ് തട്ടിയെടുക്കുന്നതിനെയാണ് പൊട്ടിക്കൽ എന്നുവിളിക്കുന്നത്. ഇത്തരത്തിൽ പല സംഘങ്ങൾ കോഴിക്കോട് വിമാനത്താവളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നു. കൊടുവള്ളിസംഘത്തിനുവേണ്ടിയാണ് അന്ന് സ്വർണം എത്തിയത്. അത് പൊട്ടിക്കാൻ ചെർപ്പുളശ്ശേരി സംഘം എത്തി. അർജുൻ ആയങ്കിയും വിമാനത്താവളത്തിൽ എത്തിയിരുന്നു. ഒരു സുഹൃത്തിനെ സഹായിക്കാൻ എത്തിയതാണെന്നാണ് ആയങ്കി നൽകിയ മൊഴി. എന്നാൽ തെളിവുകൾവെച്ച് കസ്റ്റംസ് ഇത് അപ്പാടെ തള്ളി. ആയങ്കിക്ക് വിവരങ്ങൾ കൈമാറിയത് കാരിയറായ മൂർക്കനാട് സ്വദേശി മുഹമ്മദ് ഷഫീഖ് തന്നെയാണ്. കസ്റ്റംസ് സ്വർണം പിടിച്ച വിവരം ആദ്യം അറിഞ്ഞതും ആയങ്കിയാണ്. ഉടൻ വിമാനത്താവളത്തിനു സമീപത്തുനിന്ന്‌ സ്ഥലംവിട്ടു. ഇതു സംബന്ധിച്ച വാട്സാപ്പ് ചാറ്റുകൾ കസ്റ്റംസ് കണ്ടെടുത്തിട്ടുണ്ട്.

ആർജുൻ ആയങ്കി സ്വർണം പൊട്ടിച്ചുവെന്ന് കരുതിയാണ് ചെർപ്പുളശ്ശേരിസംഘം മൂന്നുവണ്ടികളിലായി പിന്നാലെ കുതിച്ചത്. ഈ വാഹനങ്ങൾ അപകടത്തിൽപ്പെടുകയായിരുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ എത്തിച്ചേർന്ന നിഗമനം.

ഒരു സാധാരണ വാഹനാപകടം എന്നായിരുന്നു ആദ്യ സൂചന. ഇവർക്കൊപ്പമുണ്ടായിരുന്ന കാറിലുണ്ടായിരുന്ന ആറുപേരെ പോലീസ് ചോദ്യം ചെയ്തതോടെയാണ് സംഭവത്തിലെ ദുരൂഹതയുടെ ചുരുളഴിഞ്ഞത്.

സംഭവത്തിന്റെ മുഴുവൻ തെളിവുകളും ഉണ്ടായിരുന്ന ഐഫോൺ അർജുൻ ആയങ്കി നശിപ്പിച്ചതായും കാരണം കാണിക്കൽ നോട്ടീസിൽ പറയുന്നു. രഹസ്യകോഡുകളും വാട്സാപ്പ് ഗ്രൂപ്പുകളും ഉണ്ടാക്കിയാണ് പൊട്ടിക്കൽ സംഘങ്ങൾ പ്രവർത്തിക്കുന്നത്.

Content Highlights: Gold smuggling Arjun Ayanki is the main link says Customs

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..