സ്വർണക്കടത്ത് കേസിലെ ‘സത്യവാങ്മൂലം’ അന്വേഷണത്തെ അട്ടിമറിക്കാനെന്ന് ആശങ്ക


സ്വപ്നാ സുരേഷ്| Photo: Mathrubhumi

കൊച്ചി: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷിന്റേതെന്ന പേരിൽ പുറത്തുവന്ന ‘സത്യവാങ്മൂലം’ അന്വേഷണത്തെ അട്ടിമറിക്കാനെന്ന് അന്വേഷണ ഏജൻസികൾക്ക് ആശങ്ക. ഒന്നരവർഷംമുമ്പ് പുറത്തുവന്ന മൊഴികൾക്കൊപ്പം പുതിയ കാര്യങ്ങൾ കൂട്ടിച്ചേർത്താണ് പുറത്തുവന്നിരിക്കുന്നത്. സ്വപ്നയുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) തുടരന്വേഷണത്തിന് ഒരുങ്ങുമ്പോഴാണ് ഇത്തരമൊരു നീക്കം.

സ്വപ്നയുടെ തൊണ്ണൂറു ശതമാനം ആരോപണങ്ങൾക്കും ശക്തമായ തെളിവുകളില്ലെന്നതാണ് കസ്റ്റംസിനെ വലച്ചത്. ഇതാണ് തെളിവില്ലാത്ത കാര്യങ്ങൾ ഒഴിവാക്കി കസ്റ്റംസ് കുറ്റപത്രം സമർപ്പിച്ചത്. അതേ ആരോപണങ്ങളാണ് സ്വപ്ന മാധ്യമങ്ങൾക്കു മുന്നിൽ വീണ്ടും പറയുന്നതും ഇപ്പോൾ സത്യവാങ്മൂലത്തിലുണ്ടെന്ന രീതിയിൽ പുറത്തുവന്നിരിക്കുന്നതും.

ആരോപണമുയർന്നവരെ ചോദ്യംചെയ്ത് അവരുടെ സാമ്പത്തിക ഇടപാടുകൾ പരിശോധിച്ച് അസ്വാഭാവികമായി എന്തെങ്കിലുമുണ്ടെങ്കിൽ കണ്ടെത്തിയാൽ മാത്രമേ കേസ് മുന്നോട്ടുപോകൂ.

കേസിന്റെ നിർണായക വിവരങ്ങൾ പുറത്താവുന്നതാണ് ഇ.ഡി.യെ അലോസരപ്പെടുത്തുന്നത്. ആരോപിതർക്ക് തയ്യാറെടുക്കാനും തെളിവുകൾ നശിപ്പിക്കാനുമുള്ള സമയം ലഭിക്കുമെന്നത് അന്വേഷണത്തെ ബാധിക്കും. സത്യവാങ്മൂലം കോടതിയിൽ നൽകിയാൽ അത് പൊതുരേഖയാണെങ്കിലും അതിൽ ഉന്നയിച്ചിരിക്കുന്ന കാര്യങ്ങൾതന്നെയാണ് രഹസ്യമൊഴിയിലും വരിക. അതിനാൽ പൊതുരേഖയായി പരിഗണിക്കാമോ എന്നത് നിയമവ്യാഖ്യാനം വേണ്ട വിഷയമാണ്.

രഹസ്യമൊഴിയുമായി ബന്ധപ്പെട്ട ഒരുകാര്യവും പുറത്തുപോകരുതെന്നാണ് ചട്ടം. ആ സ്ഥിതിക്ക് സത്യവാങ്മൂലം പുറത്തുപോയത് ശരിയല്ലെന്നാണ് ഒരുവിഭാഗം നിയമവിദഗ്ധർ അഭിപ്രായപ്പെടുന്നത്. രഹസ്യമൊഴിക്കു മാത്രമേ പുറത്തുവിടരുതെന്ന ആനുകൂല്യം ലഭിക്കൂ എന്നും പൊതുരേഖ എന്ന അർഥത്തിൽ സത്യവാങ്മൂലം പുറത്തുവിടുന്നതിൽ പ്രശ്നമില്ലെന്നുമാണ് മറ്റൊരുവിഭാഗം പറയുന്നത്.

Content Highlights: Gold smuggling case affidafit swapna suresh

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..