നയതന്ത്രസ്വര്‍ണക്കടത്ത് കേസ്; ഇ.ഡി. അന്വേഷണത്തലവന്‍ തെറിച്ചത് കോടതിമാറ്റത്തെ ബാധിക്കും


ടി.ജെ. ശ്രീജിത്ത്

സ്വപ്‌ന സുരേഷ്‌

കൊച്ചി: നയതന്ത്രസ്വർണക്കടത്ത് കേസിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) അന്വേഷണം നിർണായക ഘട്ടത്തിലെത്തിനിൽക്കെ അന്വേഷണത്തലവനെ മാറ്റിയത് ഇ.ഡി.ക്കുതന്നെ തിരിച്ചടിയായേക്കും. ഇതുമായി ബന്ധപ്പെട്ട കേസുകൾ കർണാടക കോടതിയിലേക്ക് മാറ്റണമെന്ന് ഇ.ഡി. സുപ്രീംകോടതിയിൽ നൽകിയ ഹർജിയെ ബാധിച്ചേക്കാവുന്നതാണ് ഈ തീരുമാനം.

അതേസമയം ഇ.ഡി.യുടെ ആവശ്യത്തെ പ്രതിരോധിക്കാൻ സംസ്ഥാനസർക്കാരിന് ലഭിച്ച ഏറ്റവും വലിയ ആയുധമായി ഇതുമാറും. ബി.ജെ.പി. കേന്ദ്രനേതൃത്വവുമായി അടുത്തബന്ധം സൂക്ഷിക്കുന്ന ചില ഉന്നതരുടെ രാഷ്ട്രീയ ഇടപെടലുകളുടെ ഫലമാണ് അന്വേഷണ ഉദ്യോഗസ്ഥനായ ഡെപ്യൂട്ടി ഡയറക്ടർ പി. രാധാകൃഷ്ണൻ തെറിച്ചതിനു പിന്നിലെന്ന് ആക്ഷേപമുണ്ട്.

ഇ.ഡി. ഡെപ്യൂട്ടി ഡയറക്ടർ പി. രാധാകൃഷ്ണൻ നയതന്ത്ര സ്വർണക്കടത്ത് കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നരീതിയിലുള്ള പരാതികൾ ബി.ജെ.പി. കേന്ദ്രനേതൃത്വത്തിന് ഏതാനും മാസങ്ങൾക്കുമുമ്പ് ലഭിച്ചിരുന്നു. മുഖ്യമന്ത്രിയെവരെ ചോദ്യംചെയ്യേണ്ട കേസായിട്ടും അനന്തമായി നീട്ടിക്കൊണ്ടുപോകുന്നു എന്നതായിരുന്നു പരാതിയുടെ ഉള്ളടക്കം.

അടുത്തിടെ പുതിയ രഹസ്യമൊഴിനൽകി പുറത്തെത്തിയ സ്വപ്നാ സുരേഷ് മുഖ്യമന്ത്രി പിണറായി വിജയനെയും മകൾ വീണാ വിജയനെയും കുറിച്ച് മാധ്യമങ്ങൾക്കുമുന്നിൽ തുറന്നടിച്ചിരുന്നു. ഇക്കാര്യങ്ങൾ പരിശോധിക്കലായിരുന്നു ഇ.ഡി.യുടെ ഇനിയുള്ള നടപടികൾ. ഇതിനിടയിലാണ് അന്വേഷണത്തലവൻതന്നെ തെറിച്ചത്.

സ്വപ്നയുടെ പുതിയ രഹസ്യമൊഴിയുടെ പകർപ്പ് ലഭിച്ചശേഷമാണ് നയതന്ത്ര സ്വർണക്കടത്ത് കേസിന്റെ വിചാരണ ബെംഗളൂരുവിലേക്ക് മാറ്റണമെന്ന് ഇ.ഡി. സുപ്രീംകോടതിയിൽ ഹർജി ഫയൽചെയ്തത്. ഇത് സുപ്രീംകോടതി വൈകാതെ പരിഗണിക്കുമെന്നാണ് സൂചന.

ഹർജിയിൽ എതിർകക്ഷിയാക്കാത്തതിനാൽ സംസ്ഥാന സർക്കാരിന് നേരിട്ട് ഇതിനെ എതിർക്കാനാവില്ല. എന്നാൽ, കേസിൽ പ്രതിയായ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ വിചാരണക്കോടതി മാറ്റത്തിനെതിരേ നൽകിയ ഹർജിയിലൂടെ ഇത് പരോക്ഷമായി സാധ്യമാവുകയും ചെയ്യും.

അന്വേഷണത്തലവനായ പി. രാധാകൃഷ്ണനെതിരേ ക്രൈംബ്രാഞ്ച് രണ്ട് എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തതും സംസ്ഥാനസർക്കാർ ഇ.ഡി.ക്കെതിരേ അന്വേഷണത്തിനായി ജുഡീഷ്യൽ കമ്മിഷനെ നിയോഗിച്ചതുമാണ്. ഇതേ അന്വേഷണ ഉദ്യോഗസ്ഥനെയാണ് ചില പരാതികളുടെ അടിസ്ഥാനത്തിൽ സ്ഥലംമാറ്റിയിരിക്കുന്നതെന്ന വാദം ഉന്നയിക്കാൻ എം. ശിവശങ്കറിന്റെ അഭിഭാഷകർക്ക് അവസരമൊരുങ്ങിയിരിക്കുകയാണ് പുതിയ തീരുമാനത്തിലൂടെ.

Content Highlights: Gold Smuggling Case, swapna suresh,enforcement directorate

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..