പ്രതീകാത്മക ചിത്രം | ഫോട്ടോ: എ.എഫ്.പി.
തിരുവനന്തപുരം: കേന്ദ്രം തീരുവ കുറയ്ക്കുകയും സംസ്ഥാനത്തിന്റെ നികുതി ആനുപാതികമായി കുറയുകയും ചെയ്തിട്ടും പെട്രോളിന് കേരളത്തിൽ പ്രതീക്ഷിച്ച വിലക്കുറവുണ്ടായില്ല. ഡീസലിന് പ്രഖ്യാപിച്ച ഇളവ് ലഭിക്കുകയും ചെയ്തു. പെട്രോളിന് ലിറ്ററിന് കേന്ദ്രം കുറച്ചത് എട്ടുരൂപയാണ്. കേരളത്തിലെ നികുതിയിനത്തിൽ കുറഞ്ഞത് 2.41 രൂപയും. രണ്ടുംചേർന്ന് 10.41 രൂപയാണ് കുറയേണ്ടിയിരുന്നത്. എന്നാൽ, ജില്ലകളിലെ ശരാശരിയെടുത്താൽ ഞായറാഴ്ച 9.40 രൂപയാണ് കുറഞ്ഞത്. ഒരു രൂപയുടെ ഇളവ് എവിടെപ്പോയെന്ന ചോദ്യമുയരുന്നു.
സംസ്ഥാനം നികുതി കൂട്ടുകയോ എണ്ണക്കമ്പനികൾ പെട്രോളിന്റെ അടിസ്ഥാനവില കൂട്ടുകയോ ചെയ്യുമ്പോഴാണ് ഇളവ് പൂർണമായി കിട്ടാതാവുന്നത്. എന്നാൽ, സംസ്ഥാനം നികുതികൂട്ടിയിട്ടില്ലെന്നും 30.8 ശതമാനത്തിൽത്തന്നെ നിലനിർത്തിയിരിക്കയാണെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. കേന്ദ്രം തീരുവകുറച്ചതിനുപിന്നാലെ എണ്ണക്കമ്പനികൾ പെട്രോളിന്റെ വില കൂട്ടി എന്നാണ് അന്വേഷണത്തിൽ മനസ്സിലായതെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, പെട്രോൾവില കൂട്ടിയതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പൊന്നും മാധ്യമങ്ങളിൽ കണ്ടില്ല. ഡീസൽവിലയിൽ മാറ്റമില്ലാത്തതുകൊണ്ട് പ്രഖ്യാപിച്ച ഇളവ് ലഭിക്കുകയും ചെയ്തു.
തിരുവനന്തപുരത്ത് 9.48 രൂപയാണ് പെട്രോളിന് ഞായറാഴ്ച കുറഞ്ഞത്. എറണാകുളം(9.31 രൂപ), കോഴിക്കോട് (9.42 രൂപ), കണ്ണൂർ (9.54 രൂപ), വയനാട് (9.45 രൂപ), കാസർകോട് (9.64 രൂപ) എന്നിങ്ങനെയാണ് കുറഞ്ഞത്.
ഡീസലിന് കേന്ദ്രം ആറുരൂപയും കേരളം 1.36 രൂപയുമാണ് കുറച്ചത്. രണ്ടുംചേർന്ന് 7.36 രൂപയാണ് കുറയേണ്ടിയിരുന്നത്. എന്നാൽ ഞായറാഴ്ച ഡീസൽവില ചില ജില്ലകളിൽ 7.42 രൂപവരെ കുറഞ്ഞിരുന്നു.
കേന്ദ്രതീരുമാനത്തോടെ പെട്രോളിന് 27.9 രൂപയും ഡീസലിന് 21.8 രൂപയുമായിരുന്ന തീരുവ യഥാക്രമം 19.9 രൂപയും 15.8 രൂപയുമായി. കേരളത്തിൽ പെട്രോളിന് 30.8 ശതമാനവും ഡീസലിന് 22.76 ശതമാനവുമാണ് വിൽപ്പനനികുതി. ഇതിനുപുറമേ ഒരുരൂപവീതം അധികനികുതിയും ഒരുശതമാനം സെസുമുണ്ട്. ശനിയാഴ്ച 115 രൂപയ്ക്ക് പെട്രോൾ വാങ്ങുമ്പോൾ അടിസ്ഥാനവില കേരളത്തിൽ 56.87 രൂപയായിരുന്നു. ഇതിൽ ഏകദേശം ഒരുരൂപയ്ക്കടുത്ത് വർധനവന്നാലേ ഞായറാഴ്ചത്തെ വിലയുമായി പൊരുത്തപ്പെടൂ.
തീരുവകുറച്ചത് സംസ്ഥാനങ്ങളെ പ്രതികൂലമായി ബാധിക്കില്ല -കേന്ദ്രം
ന്യൂഡൽഹി: എക്സൈസ് തീരുവ കുറച്ചത് സംസ്ഥാനങ്ങൾക്ക് നൽകുന്ന കേന്ദ്രനികുതിവിഹിതത്തെ ബാധിക്കില്ലെന്ന് കേന്ദ്രധനമന്ത്രി നിർമലാ സീതാരാമൻ. കേന്ദ്രതീരുമാനം സംസ്ഥാനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് പ്രതിപക്ഷം വിമർശിച്ചിരുന്നു.
പെട്രോളിന്റെയും ഡീസലിന്റെയും കേന്ദ്രനികുതിയിൽ സംസ്ഥാനങ്ങളുമായി പങ്കുവെക്കാത്ത റോഡ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ സെസിൽ (ആർ.ഐ.സി.) ആണ് കുറവുവരുത്തിയിരിക്കുന്നത്. പെട്രോൾ ലിറ്ററിന് എട്ടുരൂപയും ഡീസലിന് ആറുരൂപയുമാണ് കുറച്ചിരിക്കുന്നത്. കഴിഞ്ഞ നവംബറിൽ പെട്രോളിന് അഞ്ചുരൂപയും ഡീസലിന് പത്തുരൂപയും കുറച്ചതും ഇതേ വിഭാഗത്തിലാണ്. ഈ കുറയ്ക്കലുകൾ പൂർണമായി ബാധിക്കുക കേന്ദ്രസർക്കാരിനെമാത്രമാണെന്ന് നിർമല ട്വിറ്ററിൽ പറഞ്ഞു.
നികുതി ഇനി കുറയ്ക്കുന്നത് ആലോചനയിലില്ല
ഇന്ധനനികുതി ഇനി കുറയ്ക്കുന്നത് ആലോചനയിലില്ല. സംസ്ഥാനം നികുതി കൂട്ടിയിട്ടില്ലെന്നും അതുകൊണ്ട് കേന്ദ്രം കുറയ്ക്കുമ്പോൾ കുറയ്ക്കേണ്ടതില്ലെന്നുമാണ് സർക്കാർ നിലപാട്. കേന്ദ്രംകുറച്ചതിന് ആനുപാതികമായി മാത്രമല്ല സംസ്ഥാനം കുറച്ചത്.
- ധനമന്ത്രി കെ.എൻ. ബാലഗോപാൽ.
നികുതി കുറച്ച് മഹാരാഷ്ട്രയും രാജസ്ഥാനും
മഹാരാഷ്ട്ര പെട്രോൾ ലിറ്ററിന് 2.08 രൂപയും ഡീസലിന് 1.44 രൂപയും കുറച്ചു. രാജസ്ഥാൻ പെട്രോളിന് 2.48 രൂപയും ഡീസലിന് 1.16 രൂപയുമാണ് വാറ്റ് കുറച്ചത്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..