
തിരുവനന്തപുരം: വിദ്യാർഥികളുടെ പരാതികളും പ്രശ്നങ്ങളും പരിഹരിക്കാൻ സ്വാശ്രയസ്ഥാപനങ്ങളടക്കം എല്ലാ കോളേജുകളിലും സർവകലാശാലാ പഠനവിഭാഗങ്ങളിലും പ്രത്യേക സെൽ തുടങ്ങാൻ സർക്കാർ ഉത്തരവിട്ടു. ഒരുമാസത്തിനകം സെൽ രൂപവത്കരിക്കണം.
വിദ്യാർഥി, അധ്യാപകർ, പി.ടി.എ., എന്നിവർ ഉൾപ്പെട്ടതാണ് ഈ സമിതി. കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിനൊപ്പം സമിതിയിലേക്ക് വിദ്യാർഥികളെ തിരഞ്ഞെടുക്കും. ഇതിനായി നിയമഭേദഗതി വരും.
കോളേജുകൾ നിയമം ലംഘിച്ചാൽ അഫിലിയേഷൻ റദ്ദാക്കും. സഹായധനം പിൻവലിക്കൽ, കോഴ്‌സുകൾ വിലക്കൽ തുടങ്ങിയ നടപടികളുണ്ടാവും. കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളേജിലെ ശ്രദ്ധയുടെ മരണത്തിന്റെ പശ്ചാത്തലത്തിലാണ് അടിയന്തരതീരുമാനമെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ആർ. ബിന്ദു പറഞ്ഞു.
‘വിദ്യാർഥികളുടെ അവകാശപത്രിക’ ഉടൻ പുറത്തിറക്കും. അവ ഉറപ്പാക്കലും സെല്ലിന്റെ പരിധിയിൽവരും. സെൽ അംഗങ്ങളുടെ പേരും നമ്പറും സ്ഥാപനത്തിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. മേൽനോട്ടത്തിന് സർവകലാശാലകളിൽ പ്രത്യേക ഉദ്യോഗസ്ഥനുണ്ടാവും. സ്വാശ്രയ കോളേജുകളിൽ കൗൺസലിങ് സേവനം വിദ്യാർഥികളുടെ അവകാശമാക്കും.
വിദ്യാർഥികളെ ഭീഷണിപ്പെടുത്താനും നിലയ്ക്കുനിർത്താനുമുള്ള മാർഗമായി ഇന്റേണൽ മാർക്ക് ഉപയോഗിക്കരുത്. അതിനു കൃത്യമായി മാനദണ്ഡമുണ്ടാക്കാൻ സർവകലാശാലകളോട് ആവശ്യപ്പെടും.
വിദ്യാർഥിസെൽ ഇങ്ങനെ:
ചെയർപേഴ്‌സൺ: കോളേജുകളിൽ പ്രിൻസിപ്പൽ. സർവകലാശാലകളിൽ വകുപ്പുമേധാവി.
അംഗങ്ങൾ: രണ്ട് അധ്യാപകർ (ഒരാൾ വനിത), കോളേജ് യൂണിയൻ/ ഡിപ്പാർട്ട്‌മെന്റൽ സ്റ്റുഡന്റ്‌സ് യൂണിയൻ ചെയർപേഴ്‌സൺ, തിരഞ്ഞെടുക്കപ്പെടുന്ന രണ്ടു വിദ്യാർഥിപ്രതിനിധികൾ (ഒരാൾ വനിത), പ്രിൻസിപ്പൽ/ വകുപ്പുമേധാവി നാമനിർദേശംചെയ്യുന്ന ഭിന്നശേഷി, പട്ടികജാതി-വർഗം വിഭാഗങ്ങളിൽനിന്നുള്ളവർ, പി.ടി.എ. പ്രതിനിധി, സർവകലാശാലയിൽ സിൻഡിക്കേറ്റ് നാമനിർദേശം ചെയ്യുന്ന അധ്യാപകപ്രതിനിധി.
വിദ്യാർഥി, പി.ടി.എ, അധ്യാപക പ്രതിനിധികൾക്ക് കാലാവധി ഒരുവർഷം. സർവകലാശാലാ പ്രതിനിധികൾക്ക് രണ്ടുവർഷം.
അപ്പീലിന് സമിതി
പരാതികൾക്കുമേൽ സർവകലാശാലകളിൽ അപ്പീൽസംവിധാനം. പരാതിയുമായി അപ്പലേറ്റ് സമിതിയെയോ നിലവിലുള്ള ട്രിബ്യൂണലിനേയോ സമീപിക്കാം.
പ്രൊ-വൈസ് ചാൻസലറും സിൻഡിക്കേറ്റ്, സർവകലാശാല യൂണിയൻ പ്രതിനിധികളുടെ ഉൾപ്പെട്ടതാകും സമിതി. സമിതിയുടെ തീരുമാനം അന്തിമം.
എന്തിനൊക്കെ പരാതിപ്പെടാം
പ്രവേശനമാനദണ്ഡങ്ങളുടെ ലംഘനം, രേഖകളും സർട്ടിഫിക്കറ്റും തടഞ്ഞുവെക്കൽ, അധികഫീസ്, അടിസ്ഥാനസൗകര്യങ്ങളുടെ കുറവ്, പരീക്ഷാപരാതികൾ, ജാതി-ലിംഗ-മത-സാമൂഹിക-ഭിന്നശേഷി വിവേചനം, അധ്യാപകർ, സഹപാഠികൾ, ജീവനക്കാർ എന്നിവരിൽനിന്നുള്ള മാനസിക-ശാരീരികപീഡനം, ഏതെങ്കിലുംതരത്തിലുള്ള ഇരവത്കരണം. നിയമമനുസരിച്ചുള്ള ലഭിക്കേണ്ട ക്ലാസും ട്യൂട്ടോറിയലും ഇല്ലെങ്കിലും പരാതിപ്പെടാം.
Content Highlights: government directs to constitute student grievance redressal cell in colleges


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..