തെരുവുനായശല്യം: പരിഹാരം തേടി സര്‍ക്കാര്‍, ഉന്നതതലയോഗം വിളിച്ചു


എം.കെ. സുരേഷ്

2 min read
Read later
Print
Share

Photo: Mathrubhumi

തിരുവനന്തപുരം: മനുഷ്യജീവന് ഭീഷണിയായി തെരുവുനായകളുടെ ശല്യം രൂക്ഷമായതോടെ ഇതിന് തടയിടാൻ സർക്കാർ രംഗത്തിറങ്ങുന്നു. സംഭവത്തിൽ സുപ്രീംകോടതിയും ഇടപെട്ടതോടെയാണിത്. തിങ്കളാഴ്ച തിരുവനന്തപുരത്ത്‌ വിളിച്ചുചേർത്ത യോഗത്തിൽ തദ്ദേശവകുപ്പ് മന്ത്രി എം.ബി. രാജേഷ്, ഉദ്യോഗസ്ഥർ, വിദഗ്ധർ, തദ്ദേശസ്ഥാപനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. തീരുമാനങ്ങളും നിർദേശങ്ങളും സർക്കാർ ഇതുവരെയെടുത്ത നടപടികളും സുപ്രീംകോടതിയെ അറിയിക്കുമെന്ന്‌ മന്ത്രി പറഞ്ഞു.

പേപിടിച്ചതും അക്രമകാരികളുമായ നായകളെ എന്തുചെയ്യണമെന്നതിൽ സർക്കാരിന്റെയും സംഘടനകളുടെയും അഭിപ്രായം കേട്ടശേഷമായിരിക്കും സുപ്രീംകോടതി 28-ന് ഇടക്കാല ഉത്തരവിറക്കുക. കേസിൽ തദ്ദേശസ്ഥാപനങ്ങൾക്ക് കക്ഷിചേരാനാകുമോ എന്നതും സർക്കാർ പരിശോധിക്കും. അക്രമകാരികളായ നായ്ക്കളെ എങ്ങനെ കണ്ടെത്തും എന്നത് വെല്ലുവിളിയാണ്. സംസ്ഥാനത്ത് മൂന്നുലക്ഷത്തോളം തെരുവുനായ്ക്കളുണ്ടെന്നാണ് കണക്ക്.

വന്ധ്യംകരണം ഊർജിതമാക്കും

രണ്ടുവർഷമായി നിലച്ചിരുന്ന നായകളെ വന്ധ്യംകരിക്കുന്ന എ.ബി.സി. (ആനിമൽ ബെർത്ത് കൺട്രോൾ) പ്രോഗ്രാം വീണ്ടും ഊർജിതമാക്കും. 152 ബ്ലോക്കുകളിലും പദ്ധതി നടപ്പാക്കും. ഒന്നോരണ്ടോ ബ്ലോക്കുകൾ ചേർന്ന് നടപ്പാക്കുന്നതും പരിഗണനയിലാണ്. എ.ബി.സി.യിലെ വന്ധ്യംകരണപ്രവർത്തനങ്ങൾ നടത്താൻ 2017 മുതൽ കുടുംബശ്രീക്ക്‌ അനുമതിയുണ്ടായിരുന്നു. ആനിമൽ വെൽഫെയർ ബോർഡിന്റെ അംഗീകാരം ഇല്ലാത്തതിനാൽ കുടുംബശ്രീ ഒഴിവായി.

സംസ്ഥാനത്ത് വേണ്ടത്ര അംഗീകൃത സംഘടനകൾ ഇല്ലാത്തതിനാൽ മൃഗസംരക്ഷണവകുപ്പിന്റെ സഹായത്തോടെ വന്ധ്യംകരണ പദ്ധതി നടപ്പാക്കാനാണ് തീരുമാനം. വിരമിച്ച വെറ്ററിനറി ഡോക്ടർമാരുടെ സംഘടനകളുടെ സഹായവും തേടിയിട്ടുണ്ട്. എ.ബി.സി നടപ്പാക്കുന്നതിന് ഗ്രാമപ്പഞ്ചായത്തുതലങ്ങളിൽ മോണിറ്ററിങ് കമ്മിറ്റിയുണ്ടാക്കുക, വളർത്തുനായ്ക്കളെ തെരുവിൽ ഉപേക്ഷിക്കുന്നതിനെതിരേ ബോധവത്കരണം, ലൈസൻസ് നൽകൽ-പുതുക്കൽ വിവരങ്ങൾ കൃത്യമായി രജിസ്റ്ററിൽ സൂക്ഷിക്കുക തുടങ്ങിയ നിർദേശങ്ങളും പഞ്ചായത്ത്‌ ഡയറക്ടർ നൽകിയിട്ടുണ്ട്.

നായകൾക്ക് അഞ്ചുലക്ഷം വാക്സിൻ

നായകളിൽ കുത്തിവെക്കുന്നതിന് കൈവശമുണ്ടായിരുന്ന ആറുലക്ഷം വാക്സിനിൽ അഞ്ചുലക്ഷവും ജില്ലകളിൽ എത്തിച്ചതായി മൃഗസംരക്ഷണവകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. ബാക്കി ഉടൻ വിതരണംചെയ്യും. എ.ബി.സി.ക്ക് മൃഗസംരക്ഷണവകുപ്പിന്റെ കീഴിലുള്ള ആശുപത്രികളുടെ അടിസ്ഥാനസൗകര്യം ഉപയോഗിക്കും. ഇതിനായി വെറ്ററിനറി ഡോക്ടർമാർ, മൃഗപരിപാലകർ, നായപിടിത്തക്കാർ തുടങ്ങിയവരെ കരാറടിസ്ഥാനത്തിൽ നിയമിച്ച് പദ്ധതി എത്രയും വേഗത്തിൽ നടപ്പാക്കണമെന്ന് പഞ്ചായത്തുകൾക്ക് നിർദേശം നൽകിയിരുന്നു. എ.ബി.സി.ക്ക് 340 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ആറു കോടിയോളം രൂപ മാറ്റിവെച്ചിട്ടുണ്ട്.

ലൈസൻസ് നിർബന്ധമാക്കും

നിലവിലുള്ള നിയമമനുസരിച്ച് വന്ധ്യംകരണം മാത്രമാണ് പോംവഴി. തെരുവുനായ്ക്കളെ കൊല്ലാൻ നിയമമില്ല. പ്രശ്നം സുപ്രീം കോടതിയുടെ പരിഗണനയിലാണ്. കോടതിയുടെ അന്തിമതീർപ്പനുസരിച്ചാണ് തുടർന്നുള്ള കാര്യങ്ങൾ. ലൈസൻസില്ലാതെ നായ്ക്കളെ വളർത്തുന്നത് കർശനമായി തടയും. നിയമം കർശനമായി നടപ്പാക്കും.-എം.ബി. രാജേഷ്, തദ്ദേശവകുപ്പു മന്ത്രി.

Content Highlights: government to put an end to stray dog issue, calls high power meeting

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..