ഗവർണർ ഉടക്കിനിന്നാൽ ഇന്ന് അസാധുവാകുക 11 ഓർഡിനൻസുകള്‍; 6 നിയമങ്ങൾ ഭേദഗതിക്കുമുമ്പുള്ള സ്ഥിതിയിലാകും


2 min read
Read later
Print
Share

ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മനസ്സുമാറ്റിയില്ലെങ്കിൽ ലോകായുക്ത ഭേദഗതി അടക്കമുള്ള 11 ഓർഡിനൻസുകൾ തിങ്കളാഴ്ച അസാധുവാകും. ആറുനിയമങ്ങൾ ഭേദഗതിക്കു മുമ്പുള്ള സ്ഥിതിയിലേക്ക് പുനഃസ്ഥാപിക്കപ്പെടുന്ന അസാധാരണമായ സ്ഥിയാണ് ഇത് സംസ്ഥാനത്തുണ്ടാക്കുക.

സർവകലാശാലാ ചാൻസലർ പദവിയിൽ ഗവർണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന ഓർഡിനൻസ് സർക്കാർ കൊണ്ടുവരാൻ ഒരുങ്ങിയതാണ് ഗവർണറെ പ്രകോപിപ്പിച്ചതെന്നാണ് സൂചന. എന്നാൽ, അക്കാര്യം ഗവർണറോ രാജ്ഭവനോ പറയുന്നില്ല. പകരം, നിയമസഭയിൽ ബില്ലുകൊണ്ടുവരാതെ ഓർഡിനൻസുകൾ നിരന്തരം പുതുക്കി ഇറക്കുന്നതിനോടുള്ള വിയോജിപ്പാണ് പറഞ്ഞിട്ടുള്ളത്. സർവകലാശാല ഓർഡിനൻസിന്റെ കാര്യം സർക്കാരും ഔദ്യോഗികമായി പറഞ്ഞിട്ടില്ല. അതിനാൽ, ഗവർണറെ അനുനയിപ്പിക്കാൻ നേരിട്ടോ ഉദ്യോഗസ്ഥർ മുഖേനയോ ചർച്ചവേണ്ടിവരും. ഗവർണർ ഡൽഹിയിലാണ്. 11-നാണ് തിരിച്ചുവരിക. ഓർഡിനൻസിൽ ഒപ്പിടാൻ ഡിജിറ്റൽ സംവിധാനത്തിലൂടെ കഴിയും. അതിന് തിങ്കളാഴ്ച പകൽ ഒത്തുതീർപ്പുകളുണ്ടാകണം.

ഓർഡിനൻസിൽ റദ്ദായാൽ സംഭവിക്കുന്നത്

* ഓർഡിനൻസിന് മുമ്പുണ്ടായിരുന്ന നിയമസ്ഥിതി പുനഃസ്ഥാപിക്കപ്പെടും.

* നിലവിലെ കേസുകളിലടക്കം പഴയ നിയമമായിരിക്കും ബാധകമാകുക. ഉദാഹരണത്തിന് ലോകായുക്തവിധി മന്ത്രിയുടെ അടക്കം രാജി നിർബന്ധമാക്കും.

* പുതിയ നിയമം കൊണ്ടുവന്നാൽ ഓർഡിനൻസ് റദ്ദായ കാലത്തേക്ക് പ്രബല്യം ലഭിക്കുന്നവിധത്തിൽ വ്യവസ്ഥ ഉൾപ്പെടുത്തേണ്ടിവരും.

സർക്കാരിന് ചെയ്യാനാവുന്നത്

* ഈ ഓർഡിനൻസുകളെല്ലാം നിയമസഭയിൽ കൊണ്ടുവന്ന് ബില്ല് പാസാക്കി ഗവർണർക്ക് സമർപ്പിക്കുക.

* ഒക്ടോബറിലാണ് സഭ ചേരാൻ സാധ്യതയുള്ളത്. വേണമെങ്കിൽ സർക്കാരിന് അടിയന്തരമായി സഭ വിളിച്ചുചേർക്കാൻ ആവശ്യപ്പെടാം.

* സഭയിൽ ബില്ല് കൊണ്ടുവരാൻ കഴിയാതിരുന്നതിന്റെ സാഹചര്യം വിശദീകരിച്ച് ഗവർണറെക്കൊണ്ട് ഓർഡിനൻസ് പുതുക്കിയെടുക്കാൻ സമ്മർദം ചെലുത്തുക.

* റദ്ദാകുന്ന ഓർഡിനൻസുകളെല്ലാം വീണ്ടും പുതിയ ഓർഡിനൻസായി മന്ത്രിസഭ അംഗീകരിച്ച് ഗവർണർക്ക് അയക്കുക. അതിന് നിലവിലെ ഓർഡിനൻസ് പുതുക്കാതെ ഗവർണർ തിരിച്ചയക്കണം.

ഗവർണർക്ക് ചെയ്യാനാവുന്നത്

* ഓർഡിനൻസുകൾ ഇത്രദിവസംകൊണ്ട് ഒപ്പിടണമെന്ന് വ്യവസ്ഥയില്ല. അതിനാൽ എത്രകാലം വേണമെങ്കിലും ഒപ്പിടാതെ പിടിച്ചുവെക്കാനാകും.

* സർക്കാരിന് തിരിച്ചയക്കാം. തിരിച്ചയച്ച ഓർഡിനൻസ് വീണ്ടും മന്ത്രിസഭ അംഗീകരിച്ച് നൽകിയാൽ ഗവർണർക്ക് നിരസിക്കാനാവില്ല.

* രാഷ്ട്രപതിയുടെ അംഗീകാരത്തിനായി നൽകാം.

* സഭ ബില്ല് പാസാക്കിയാലും ഇതേരീതി ഗവർണർക്ക് സ്വീകരിക്കാം. പക്ഷേ, അത് ജനാധിപത്യ തീരുമാനത്തെ നിഷേധിക്കുന്നവെന്ന വിമർശനം ഗവർണർക്ക് നേരിടേണ്ടിവരും.

Content Highlights: governor arif mohammad khan

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..