പ്രിയ വര്‍ഗീസിന്റെ നിയമനം: കോടതി തടഞ്ഞില്ലെങ്കിൽ റദ്ദാക്കാന്‍ ഗവര്‍ണര്‍


2 min read
Read later
Print
Share

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ| ഫയൽ ഫോട്ടോ: ലതീഷ് പൂവ്വത്തൂർ

തിരുവനന്തപുരം: പ്രിയ വർഗീസിന്റെ നിയമന നടപടികൾക്കെതിരേ വന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് സിൻഡിക്കേറ്റിന്റെ നടപടികളാകെ ചാൻസലറെന്ന നിലയിൽ ഗവർണർ സ്റ്റേ ചെയ്തത്. കണ്ണൂർ സർവകലാശാലാ നിയമം ഏഴ് (മൂന്ന്) പ്രകാരം സിൻഡിക്കേറ്റിന്റെ തീരുമാനം റദ്ദാക്കാൻ ചാൻസലർക്ക് അധികാരമുണ്ട്. എന്നാൽ, റദ്ദാക്കുന്നതിനു മുമ്പ് വിശദീകരണം തേടണം.

ചാൻസലർ ഭരണഘടനാ സ്ഥാപനമല്ലാത്തതിനാൽ ആ പദവിയിലിരുന്നുള്ള നടപടിയെന്ന നിലയ്ക്ക് സർവകലാശാലയ്ക്ക് ഗവർണറുടെ നടപടിക്കെതിരേ ഹൈക്കോടതിയെ സമീപിക്കാം. ഹൈക്കോടതിയിൽനിന്ന് സ്റ്റേ സമ്പാദിച്ചാൽ നിയമന നടപടികളുമായി മുന്നോട്ടുപോകാൻ സർവകലാശാലയ്ക്ക് കഴിയും.

കോടതിയിൽനിന്ന് സർവകലാശാലയ്ക്ക് അനുകൂല നടപടിയുണ്ടായില്ലെങ്കിൽ ചാൻസലറുടെ നോട്ടീസിന് മറുപടി നൽകണം. തുടർന്ന് ചാൻസലർ ഹിയറിങ് നടത്തും. സർവകലാശാല, വി.സി., പ്രിയ വർഗീസ്, പരാതി നൽകിയ സേവ് യൂണിവേഴ്‌സിറ്റി കാമ്പയിൻ കമ്മിറ്റി കൺവീനർ ആർ.എസ്. ശശികുമാർ എന്നിവർക്കും മറ്റും പങ്കെടുക്കാനാകും. ഈ ഹിയറിങ്ങിന്റെ അടിസ്ഥാനത്തിലാകും ചാൻസലറെന്ന നിലയിൽ ഗവർണറുടെ അന്തിമ തിരുമാനം.

ചാൻസലറുടെ സ്റ്റേയ്ക്ക്‌ വഴങ്ങാതെ നിയമനനടപടികളുമായി വി.സി. മുന്നോട്ടുപോയാൽ സ്ഥിതിഗതികൾ കൂടുതൽ വഷളാകും. വി.സി.യെ സ്ഥാനത്തുനിന്ന് നീക്കാൻ ചാൻസലർക്കാകും. എന്നാൽ, അതിനും അദേഹത്തിന്റെ വിശദീകരണം കേൾക്കണം.

കൂടാതെ ഹൈക്കോടതി ജഡ്ജിയെ കമ്മിഷനായി നിയോഗിച്ച് അന്വേഷണം നടത്തി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകണം നീക്കം ചെയ്യൽ. വി.സി.യെ സസ്പെൻഡ് ചെയ്യുന്നതിനെക്കുറിച്ച് സർവകലാശാലാ നിയമത്തിൽ പ്രത്യേക പരമാർശമില്ല.

എന്നാൽ, സംസ്ഥാനജീവനക്കാർക്കുള്ള കെ.എസ്.എസ്.ആർ. ചട്ടങ്ങൾ വി.സി.ക്കും ബാധകമായതിനാൽ അതുപ്രകാരം സസ്പെൻഷൻ അടക്കമുള്ള അച്ചടക്ക നടപടിക്ക് തടസ്സമില്ലെന്നാണ് സൂചന. ഇതിനെല്ലാമുപരി ചാൻസലറുടെയും വൈസ് ചാൻസലറുടെയും ഓരോ നടപടികളും കോടതിയിൽ ചോദ്യംചെയ്യപ്പെടുകയും ചെയ്യുമെന്നതിനാൽ കടുത്ത നിയമപോരാട്ടമാകും പിന്നീടുണ്ടാകുക.

നീതിപൂർവകമായ നടപടി -സേവ് യൂണിവേഴ്‌സിറ്റി കാമ്പെയ്ൻ കമ്മിറ്റി

ചാൻസലറെടുത്തതു നീതിപൂർവകമായ നടപടിയാണെന്ന് സേവ് യൂണിവേഴ്‌സിറ്റി കാമ്പെയ്ൻ കമ്മിറ്റി സെക്രട്ടറി എം. ഷാജർഖാൻ പ്രതികരിച്ചു. നടപടി സ്വാഗതംചെയ്യുന്നു. സർവകലാശാലയുടെ ക്രമവിരുദ്ധമായ തീരുമാനം റദ്ദാക്കാൻ ചാൻസലർക്ക് നിയമപരമായ അധികാരമുണ്ട്. വൈസ് ചാൻസലർ ഏതു കോടതിയെ സമീപിച്ചാലും അതു നിലനിൽക്കില്ലെന്ന് ഷാജർഖാൻ പറഞ്ഞു.

നിയമനം നടത്തിയത് സർക്കാരല്ലെന്ന് മന്ത്രി ആർ. ബിന്ദു

ഇരിങ്ങാലക്കുട: നിയമനം നടത്തിയത് സർക്കാരല്ലെന്നും സർവകാലാശാലയാണെന്നും ഉന്നത വിദ്യാഭ്യാസമന്ത്രി ആർ. ബിന്ദു പറഞ്ഞു. ഇക്കാര്യത്തിൽ മറുപടി പറയേണ്ടത് വൈസ് ചാൻസലറാണ്. മാനദണ്ഡങ്ങൾ അനുസരിച്ചാണ് നിയമനം നടത്തിയതെന്നും മന്ത്രി പറഞ്ഞു.

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..