ആരിഫ് മുഹമ്മദ് ഖാൻ | ഫോട്ടോ: മാതൃഭൂമി
തിരുവനന്തപുരം: സർക്കാരുമായുള്ള പോരിന് താത്കാലിക വിരാമമായതിനുപിന്നാലെ കലാമണ്ഡലം സർവകലാശാലാ വൈസ് ചാൻസലറെ വിളിപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കലാമണ്ഡലത്തിലെ പി.ആർ.ഒ.യെ പുറത്താക്കിയതുമായി ബന്ധപ്പെട്ട ഫയലുകളുമായി തിങ്കളാഴ്ച രാജ്ഭവനിൽ എത്താനാണ് ഗവർണറുടെ ഓഫീസ് വി.സി. ടി.കെ. നാരായണനോടു നിർദേശിച്ചത്.
ഗവർണർക്കെതിരേ വി.സി. നൽകിയ കേസ് സർക്കാർ നിർദേശത്തെത്തുടർന്ന് പിൻവലിച്ചിരുന്നു. എന്നാൽ ഗവർണർ നിർദേശിച്ചിട്ടും പി.ആർ.ഒ.യ്ക്ക് നിയമനം നൽകാത്തതിനെത്തുടർന്നാണ് വി.സി.യെ വിളിച്ചുവരുത്തുന്നതെന്നാണ് വിവരം.
സർവകലാശാലാ പ്രവർത്തനങ്ങളുടെ ഭാഗമായി വിദേശത്തു നടത്തിയ ഒരു പരിപാടിയുടെ മുഴുവൻ പണവും സർവകലാശാലയ്ക്കു ലഭിച്ചില്ലെന്ന വീഴ്ച ചൂണ്ടിക്കാട്ടിയാണ് 2017-ൽ പി.ആർ.ഒ. ഗോപീകൃഷ്ണനെ വി.സി. സസ്പെൻഡ് ചെയ്തത്. വിദേശ പരിപാടിയുടെ ടൂർ കോ-ഓർഡിനേറ്ററായിരുന്നു പി.ആർ.ഒ.
പണം മുഴുവനും ലഭിക്കാത്തതിന് പി.ആർ.ഒ. കാരണക്കാരൻ അല്ലാതിരുന്നിട്ടും അദ്ദേഹത്തിനുമേൽ കുറ്റം ചുമത്തുകയായിരുന്നു എന്നാണ് ആരോപണം. നഷ്ടമായ തുകയും പലിശയും പി.ആർ.ഒ. സ്വന്തംനിലയ്ക്ക് സർവകലാശാലയ്ക്ക് നൽകി.
പക്ഷേ, ഇത് പരിഹാരമല്ലെന്നുപറഞ്ഞ് പി.ആർ.ഒ.യെ ആദ്യം സസ്പെൻഡ് ചെയ്യുകയും പിന്നീട് പുറത്താക്കുകയും ചെയ്തു. ഇതേത്തുടർന്ന് പി.ആർ.ഒ. ഗവർണർക്ക് പരാതി നൽകി. ഇതു പരിഗണിച്ച് തിരിച്ചെടുക്കാൻ ഗവർണർ ഉത്തരവിട്ടു.
വിഷയത്തിൽ ഹിയറിങ് നടക്കവേ, കൽപ്പിത സർവകലാശാലയായ കലാമണ്ഡലത്തിൽ ഗവർണർക്ക് ഇടപെടാൻ അധികാരമില്ലെന്ന് വി.സി വാദിച്ചു. തുടർന്ന് ഗവർണർ വാദം നിർത്തിെവച്ച് സർക്കാരിനോട് അഭിപ്രായം തേടി.
മാസങ്ങൾക്കുശേഷമാണ് സർക്കാർ മറുപടി നൽകിയത്. കലാമണ്ഡലത്തിലും ഗവർണർക്ക് ഇടപെടാൻ അധികാരമുണ്ടെന്ന് സർക്കാർ വ്യക്തമാക്കിയതോടെയാണ് ഹിയറിങ് പുനരാരംഭിച്ച് പി.ആർ.ഒ.യെ തിരിച്ചെടുക്കാൻ ഗവർണർ ഉത്തരവിട്ടത്. എന്നാൽ തിരിച്ചെടുക്കാതിരുന്ന വി.സി., ഗവർണറുടെ തീരുമാനത്തിനെതിരേ ഹൈക്കോടതിയിൽ ഹർജി നൽകി.
സർവകലാശാലയിൽ പി.ആർ.ഒ. തസ്തിക ആവശ്യമില്ലെന്നും അത് ഇല്ലാതാക്കിയെന്നും കാട്ടി വി.സി. സർക്കാരിന് കത്തയച്ചു. സർക്കാർ അത് അംഗീകരിച്ചിട്ടില്ലെന്നാണ് വിവരം. ചാൻസലറുടെ അധികാരത്തിന്മേൽ സർക്കാർ കൈകടത്തുന്നുവെന്ന് കാട്ടിയുള്ള ഗവർണറുടെ കത്തിൽ കലാമണ്ഡലം വി.സി.യുടെ നടപടിയെയും വിമർശിച്ചിരുന്നു.
Content Highlights: Governor Arif Mohammad Khan, Vice-Chancellor of Kalamandalam University
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..