ആരിഫ് മുഹമ്മദ് ഖാൻ | Photo - Mathrubhumi archives
കൊച്ചി: സർവകലാശാല വിഷയത്തിൽ സർക്കാരുമായുള്ള ഏറ്റുമുട്ടലിൽ ചാൻസലർകൂടിയായ ഗവർണർക്ക് തൊട്ടതെല്ലാം പിഴയ്ക്കുകയാണ്. കേരള സർവകലാശാല സെനറ്റ് അംഗങ്ങളെ പുറത്താക്കുകയും വി.സി. നിയമനത്തിനായി സ്വന്തം ഇഷ്ടപ്രകാരം സെർച്ച് കം സെലക്‌ഷൻ കമ്മിറ്റി രൂപവത്‌കരിച്ചതും ഹൈക്കോടതി റദ്ദാക്കിയത് ഗവർണർക്ക് വലിയ തിരിച്ചടി ഉണ്ടാക്കി.
നിയമപരമായ ഒരു നടപടിയും പാലിക്കാതെ സർവകലാശാലാ വിഷയങ്ങളിൽ ചാൻസലർ നടപടികൾ സ്വീകരിച്ചതാണ് തിരിച്ചടിക്ക് കാരണമായത്. സാങ്കേതിക സർവകലാശാല വൈസ് ചാൻസലറായിരുന്ന ഡോ. എം.എസ്. രാജശ്രീയെ സുപ്രീംകോടതി പുറത്താക്കിയതിനുപിന്നാലെ മറ്റ് സർവകലാശാല വൈസ് ചാൻസലർമാർക്ക് പുറത്താക്കാതിരിക്കാൻ കാരണം ഉണ്ടെങ്കിൽ അറിയിക്കണമെന്നാവശ്യപ്പെട്ട് ചാൻസലർ നോട്ടീസ് നൽകിയിരുന്നു.
ഇത് ചോദ്യംചെയ്ത് സംസ്ഥാനത്തെ വൈസ് ചാൻസലർമാർ നൽകിയ ഹർജികൾ ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. ഇതിലും ഏറെ വൈകാതെ ഉത്തരവുണ്ടാകും. ഇതിനോടകം പരിഗണിച്ച കേസുകളിലെല്ലാം ചാൻസലർക്ക് തിരിച്ചടി നേരിട്ടതിനാൽ വി.സി.മാരുടെ ഹർജികളിലെ ഹൈക്കോടതി തീരുമാനം എന്താകുമെന്നതും നിർണായകമായി.
കേരള സർവകലാശാലയിലെ തർക്കങ്ങളിലേക്ക് വഴിതുറന്ന സംഭവങ്ങൾ ഇങ്ങനെ
13-06-2022: സെർച്ച് കം സെലക്‌ഷൻ കമ്മിറ്റി രൂപവത്‌കരിക്കുന്നതിനായി സെനറ്റിന്റെ പ്രതിനിധിയെ തിരഞ്ഞെടുക്കണമെന്നാവശ്യപ്പെട്ട് ചാൻസലർ സെനറ്റിന് കത്ത് നൽകി. വൈസ് ചാൻസലർ 2022 ഒക്ടോബർ 24-ന് വിരമിക്കുന്നത് കണക്കിലെടുത്തായിരുന്നു ഇത്.
15-07-2022: ഡോ. വി.കെ. രാമചന്ദ്രനെ സെനറ്റ് പ്രതിനിധിയായി തിരഞ്ഞെടുത്തു.
04-08-2022: ഡോ. വി.കെ. രാമചന്ദ്രൻ ചുമതലയേറ്റെടുക്കാൻ തയ്യാറാകാതെ പിന്മാറി. ഇക്കാര്യം അന്നുതന്നെ ചാൻസലറെ അറിയിച്ചു. പ്രത്യേക സെനറ്റ് യോഗം വിളിക്കുമെന്നും അറിയിച്ചു.
05-08-2022: ചാൻസലർ തന്റെ പ്രതിനിധിയെയും യു.ജി.സി. പ്രതിനിധിയെയും ഉൾപ്പെടുത്തി സെർച്ച് കം സെനറ്റ് കമ്മിറ്റിക്ക് രൂപംനൽകി. ചാൻസലറുടെ പ്രതിനിധിയെ കമ്മിറ്റിയുടെ കൺവീനറായും നിശ്ചയിച്ചു.
29-09-2022: സെനറ്റിന്റെ പ്രതിനിധിയെ 2022 ഒക്ടോബർ 11-നകം തിരഞ്ഞെടുക്കണമെന്നാവശ്യപ്പെട്ട് ചാൻസലർ കത്ത് നൽകി. നിർദേശം പാലിക്കാതിരിക്കുന്നത് നിയമപരമായ വീഴ്ചയായി കണക്കാക്കുമെന്ന മുന്നറിയിപ്പും നൽകി.
11-10-2022: പ്രത്യേക സെനറ്റ് യോഗം ക്വാറം തികയാത്തതിനാൽ പിരിഞ്ഞു. 13-10-2022: ഒക്ടോബർ 20-ന് ചേർന്ന സെനറ്റ് യോഗത്തിൽ പങ്കെടുക്കാത്ത നാമനിർദേശംചെയ്ത അംഗങ്ങളുടെ പേരുകൾ നൽകാൻ ചാൻസലർ ആവശ്യപ്പെട്ടു. ഒക്ടോബർ 14-ന് പേരുകൾ കൈമാറി.
15-10-2022: നാമനിർദേശംചെയ്ത അംഗങ്ങളെ പിൻവലിക്കുന്നതായി ചാൻസലർ അറിയിച്ചു.
18-10-2022: നാമനിർദേശംചെയ്ത സെനറ്റ് അംഗങ്ങളെ പിൻവലിച്ചുകൊണ്ടുള്ള വിജ്ഞാപനം ചാൻസലർ പുറപ്പെടുവിച്ചു.
അന്തസ്സ് കാത്തുസൂക്ഷിക്കുന്ന വിധി -മന്ത്രി ആര്‍. ബിന്ദു
കോട്ടയം: സര്‍വകലാശാലകളുടെയും സെനറ്റുകളുടെയും അന്തസ്സ് കാത്തുസൂക്ഷിക്കുന്ന വിധിയാണ് ഹൈക്കോടതിയില്‍ നിന്നുണ്ടായതെന്ന് മന്ത്രി ആര്‍. ബിന്ദു പറഞ്ഞു. കേരള സര്‍വകലാശാലയിലെ 15 സെനറ്റംഗങ്ങളെ പുറത്താക്കിയ ചാന്‍സലറുടെ നടപടി ഹൈക്കോടതി റദ്ദാക്കിയതിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
വ്യക്തിതാത്പര്യം മുന്‍നിര്‍ത്തിയല്ല, വ്യവസ്ഥാപിത മാര്‍ഗങ്ങളിലൂടെ ചട്ടങ്ങള്‍ പാലിച്ചുവേണം ഉത്തരവുകള്‍ ഇറക്കാന്‍. ഉന്നതവിദ്യാഭ്യാസരംഗത്തെ കുതിപ്പ് തകര്‍ക്കാനുള്ള ശ്രമം ഉത്തരവാദിത്വമുള്ളവരുടെ ഭാഗത്തുനിന്നുണ്ടാകുന്നത് ഖേദകരമാണ്. ബില്ലുകള്‍ ഒപ്പിടില്ലെന്നാണ് ഗവര്‍ണര്‍ അറിയിച്ചിരിക്കുന്നത്. അതിന് മാറ്റം വരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
Content Highlights: Governor Arif Muhammed Khan Universities
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..