ജി.എസ്.ടി. നഷ്ടപരിഹാരമായി കിട്ടാനുള്ളത് കോടികൾ


1 min read
Read later
Print
Share

നഗരസഭകൾ സാമ്പത്തിക പ്രതിസന്ധിയിൽ

പ്രതീകാത്മക ചിത്രം | മാതൃഭൂമി

കൊച്ചി: തനതുവരുമാനത്തിൽ വൻ ഇടിവുനേരിടുന്ന തദ്ദേശസ്ഥാപനങ്ങൾ, ചരക്ക്‌-സേവന നികുതിയിനത്തിൽ സർക്കാരിൽനിന്ന് കിട്ടാനുള്ള കോടികൾക്കായി കാത്തിരിക്കുന്നു. വരുമാനത്തിൽ പ്രധാനമായിരുന്ന വിനോദനികുതി ഇല്ലാതായതോടെ പല തദ്ദേശസ്ഥാപനങ്ങളുടെയും വരവിൽ വൻ കുറവാണുണ്ടായത്. ഇത് ദൈനംദിനപ്രവർത്തനങ്ങളെയും വികസനപ്രവർത്തനങ്ങളെയും സാരമായി ബാധിക്കുന്നുണ്ട്.

കോവിഡിനോടനുബന്ധിച്ച് കഴിഞ്ഞ രണ്ടുവർഷം കെട്ടിടനികുതിയിനത്തിലുംമറ്റും പ്രഖ്യാപിച്ച ഇളവുകൾ തദ്ദേശസ്ഥാപനങ്ങളുടെ സ്ഥിരവരുമാനം കുറച്ചു. നികുതിപിരിവ് ഊർജിതമാക്കാനുള്ള നിർദേശങ്ങളുണ്ടെങ്കിലും വരുമാനത്തിൽ വലിയ വർധനയുണ്ടായില്ല. ജി.എസ്.ടി. ഇനത്തിൽ കോടികൾ സർക്കാരിൽനിന്ന് കിട്ടാനുണ്ട്. അത് ലഭിക്കാൻ ഏതാണ്ട് എല്ലാ നഗരസഭകളും സർക്കാരിലേക്ക് കത്തെഴുതിയെങ്കിലും അനുകൂലനടപടികൾ ഉണ്ടായിട്ടില്ല. മുനിസിപ്പാലിറ്റികളുടെ അസോസിയേഷനായ മുനിസിപ്പൽ ചേമ്പറിന്റെ കത്തിനും അനുകൂല പ്രതികരണമുണ്ടായില്ല.

കോവിഡ് സാഹചര്യത്തിൽ കഴിഞ്ഞ ഒരുവർഷത്തെ ജി.എസ്.ടി. ആനുകൂല്യം നൽകേണ്ടതില്ലെന്ന തീരുമാനം മന്ത്രിസഭ എടുത്തിട്ടുണ്ട്. അതൊഴിവാക്കിയാലും രണ്ടുവർഷത്തെ വിഹിതം തദ്ദേശസ്ഥാപനങ്ങൾക്ക് ലഭിക്കാനുണ്ട്്. 2017-18 വർഷത്തെ ഒമ്പതുമാസത്തെ ജി.എസ്.ടി. കുടിശ്ശികയാണ് സർക്കാർ അവസാനമായി നൽകിയത്. അതിനുശേഷം എല്ലാവർഷവും 15 ശതമാനം തുക അധികമായി നൽകാമെന്നും പ്രഖ്യാപിച്ചിരുന്നതാണ്.

ഏകദേശം 500 കോടി രൂപ ജി.എസ്.ടി. ഇനത്തിൽ മുനിസിപ്പാലിറ്റികൾക്ക് നൽകാനുണ്ട്. 300 കോടിയോളം കോർപ്പറേഷനുകൾക്കും കൊടുക്കാനുണ്ട്. വിനോദനികുതി ഒഴിവാക്കപ്പെട്ടത് മുനിസിപ്പാലിറ്റികളെയാണ് കാര്യമായി ബാധിച്ചത്. പല നഗരസഭകളും കരാറുകാർക്ക് കുടിശ്ശിക നൽകാൻ പണമില്ലാതെ വിഷമിക്കുകയാണ്. ചിലയിടങ്ങളിൽ സമരവും നടക്കുന്നുണ്ട്.

ജി.എസ്.ടി. ആനുകൂല്യം അനുവദിക്കണമെന്നുകാണിച്ച് സർക്കാരിന് നിവേദനം നൽകിയിട്ടുണ്ടെന്ന് മുനിസിപ്പൽ ചേമ്പർ സെക്രട്ടറി എം.ഒ. ജോൺ പറഞ്ഞു. സർക്കാർ ഇക്കാര്യം പരിഗണിക്കുന്നില്ല. നഷ്ടം നികത്താനുള്ള ഇടപെടൽ ഉണ്ടായില്ലെങ്കിൽ നഗരസഭകളുടെ നിലനിൽപ്പുതന്നെ പ്രതിസന്ധിയിലാവുമെന്നും ജോൺ പറയുന്നു.

Content Highlights: gst

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..