പ്രതീകാത്മകചിത്രം
കൊല്ലം: ജി.എസ്.ടി. വകുപ്പ് കണ്ടെത്തിയ നികുതിവെട്ടിപ്പു സംബന്ധിച്ച നൂറിലേറെ ഫയലുകൾ ഇപ്പോഴും കാണാമറയത്ത്. പോലീസിൽ പരാതി നൽകിയിട്ടും അഡീഷണൽ കമ്മിഷണറുടെ നേതൃത്വത്തിൽ വകുപ്പുതല അന്വേഷണം നടത്തിയിട്ടും എത്ര തുകയാണ് വെട്ടിച്ചതെന്നുപോലും ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
ആര്യങ്കാവ് ചെക്പോസ്റ്റിൽനിന്നടക്കം ജി.എസ്.ടി. ഇന്റലിജൻസ്, സർവെയ്‌ലൻസ് സ്ക്വാഡുകൾ പിടിച്ച കേസുകളുടെ ഫയലുകളാണ് കാണാതായത്. ഒരുവർഷംമുമ്പ് പുനലൂർ ഇൻറലിജൻസ് ഓഫീസറെ സ്ഥലംമാറ്റിയപ്പോഴാണ് ഫയലുകൾ കാണാനില്ലെന്ന വിവരം പുറത്തുവന്നത്. മൂന്നുമാസമായിട്ടും പുതുതായി എത്തിയ വിജിലൻസ് ഓഫീസർക്ക് ചുമതല കൈമാറാതായപ്പോൾ അദ്ദേഹം ജോയിന്റ് കമ്മിഷണറെ വിവരം അറിയിക്കുകയായിരുന്നു. അവിടെനിന്നുള്ള നിർദേശപ്രകാരം, ഫയലുകൾ കാണാനില്ലെന്നുപറഞ്ഞ് പുനലൂർ പോലീസിൽ പരാതി നൽകി. വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായി തെളിവെടുപ്പ് നടന്നെങ്കിലും തുടർനടപടികളൊന്നുമുണ്ടായില്ലെന്നാണ് വിവരം.
സ്ക്വാഡ് പരിശോധനയിൽ തട്ടിപ്പു കണ്ടെത്തിയാൽ നികുതിയും പിഴയും ചുമത്തണമെന്നാണ് ജി.എസ്.ടി. നിയമം. ഇങ്ങനെ ഈടാക്കുന്ന തുക ഓൺലൈനായി സർക്കാരിലേക്ക് അടയ്ക്കണം. 2018 ഓഗസ്റ്റ്‌മുതൽ ഇങ്ങനെ പിഴചുമത്തിയ നൂറിലേറെ ഫയലുകൾ കാണാനുണ്ട്. ഫയലുകൾ കാണാതായതിനാൽ പിഴത്തുക സർക്കാരിലേക്ക് അടച്ചിട്ടുണ്ടോയെന്ന് വ്യക്തമല്ല. ഇങ്ങനെ ലക്ഷക്കണക്കിന് രൂപ സർക്കാരിന് നഷ്ടമുണ്ടായതായാണ് വിലയിരുത്തൽ. പതിനായിരം രൂപമുതൽ ലക്ഷങ്ങൾവരെ പിരിച്ചെടുത്തതായി സംശയമുണ്ട്.
സ്ക്വാഡ് പിടിക്കുന്ന പിഴത്തുക ജില്ലാതല കൺട്രോൾ റൂമിൽ ഏൽപ്പിക്കാനായിരുന്നു 2018-ലെ നിർദേശം. പിന്നീട് ജില്ലയിലെ ഏക സർവെയ്‌ലൻസ് സ്ക്വാഡ് ആര്യങ്കാവ് ചെക്പോസ്റ്റിലേക്ക് ചുരുക്കുകയും ചുമതല പുനലൂർ ഇന്റലിജൻസ് ഓഫീസർക്ക് നൽകുകയും ചെയ്തു. പിഴത്തുകയും ഫയലുകളും ഈ ഓഫീസിലേക്ക് എത്തിയശേഷമാണ് ഫയലുകൾ കാണാതാകുന്നത്.
Content Highlights: GST department
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..