മുഖ്യമന്ത്രിയും കുടുംബവുമായി പല തവണ ചർച്ച നടത്തിയിട്ടുണ്ട് -സ്വപ്ന


ഗൂഢാലോചന നടത്തിയത് മുഖ്യമന്ത്രിയും പാർട്ടിയും

സ്വപ്‌ന സുരേഷ്, പിണറായി വിജയൻ| Photo: Mathrubhumi

കൊച്ചി: ക്ലിഫ് ഹൗസിൽ വെച്ച് മുഖ്യമന്ത്രിയുമായും കുടുംബവുമായും പലതവണ ചർച്ചകൾ നടത്തിയിട്ടുണ്ടെന്നും തീരുമാനങ്ങളെടുത്തിട്ടുണ്ടെന്നും സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്നാ സുരേഷ്. ഇക്കാര്യം മുഖ്യമന്ത്രി മറന്നിട്ടുണ്ടെങ്കിൽ ഓർമിപ്പിക്കാം.

ഒത്തുതീർപ്പിനായി ഷാജ് കിരണിനെ തന്റെ അടുക്കലേക്കയച്ചത് മുഖ്യമന്ത്രിയും പാർട്ടിയും ചേർന്നുള്ള ഗൂഢാലോചനയ്ക്ക് തെളിവാണ്. തനിക്കെതിരേ കേരളത്തിലെ മുഴുവൻ പോലീസ് സ്റ്റേഷനുകളിൽ കേസെടുത്താലും ഇപ്പോൾ കോടതിയിൽ നൽകിയ രഹസ്യമൊഴിയിൽ ഉറച്ചു നിൽക്കുമെന്നും സ്വപ്ന പറഞ്ഞു.

‘‘ഒരു കേസിനാൽ കൂടി ഞാൻ അനുഗൃഹീതയായി’’ എന്നു പറഞ്ഞുകൊണ്ടാണ് സ്വപ്ന മാധ്യമങ്ങളോടു സംസാരിച്ചു തുടങ്ങിയത്. ‘‘കഴിഞ്ഞദിവസം രാത്രിയാണ് എനിക്കെതിരേ കേസെടുത്തത്. എന്നാൽ, എത്ര കേസുകളെടുത്താലും സെക്‌ഷൻ 164 പ്രകാരം നൽകിയ രഹസ്യമൊഴിയിൽ ഉറച്ചുനിൽക്കും. അതിൽ നിന്നു പിന്മാറണമെങ്കിൽ എന്നെ കൊല്ലണം.

എന്നാൽ, എന്നെ കൊന്നതുകൊണ്ടു മാത്രം എല്ലാം ഇവിടെ അവസാനിക്കുമെന്നു കരുതേണ്ട. കൊന്നാലും എല്ലാ തെളിവുകളും പല ആളുകളുടെയും പക്കലുണ്ട്. അറസ്റ്റുചെയ്ത് ജയിലിലിട്ടു മർദിച്ച് ആരെങ്കിലും ഏതെങ്കിലും സ്റ്റേറ്റ്മെന്റിൽ ഒപ്പിടീക്കാനാണ് ശ്രമമെങ്കിൽ നമുക്ക് നോക്കാം.’’ -സ്വപ്ന പറഞ്ഞു.

ഗൂഢാലോചനപോലെ വേറൊരു കള്ളവും മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെന്നും സ്വപ്ന പറഞ്ഞു. ഞാൻ ജയിലിൽ കിടന്ന സമയത്ത് ഈ വിവാദ വനിതയെ അറിയില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ, ക്ലിഫ് ഹൗസിൽ ഞാനും മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഭാര്യയും മകളും മകനും ഒക്കെയായിട്ടിരുന്നു ഒരുപാട് കാര്യങ്ങൾ ചർച്ചചെയ്ത് തീരുമാനങ്ങളെടുത്തിട്ടുണ്ട്. അതൊക്കെ മുഖ്യമന്ത്രി ഇപ്പോൾ മറന്നുപോയിട്ടുണ്ടെങ്കിൽ അവസരം വരുന്നതനുസരിച്ച് നിങ്ങൾ വഴി അതൊക്കെ മുഖ്യമന്ത്രിയെയും കുടുംബത്തെയും ഓർമിപ്പിച്ചുകൊടുക്കാം -സ്വപ്ന വ്യക്തമാക്കി.

‘‘ഷാജ് കിരണിന്റെ ഫോൺ ചോർത്തി, ശബ്ദ സന്ദേശത്തിൽ വ്യത്യാസം വരുത്തി എന്നൊക്കെയാണ് പറയുന്നത്. താനും സരിത്തും ഷാജ് കിരണും ചേർന്ന് നടത്തിയ സംഭാഷണങ്ങൾ മുതിർന്ന സി.പി.എം. നേതാവ് എങ്ങനെ അറിയും. ഷാജിന് മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമുണ്ടെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.’’ -സ്വപ്ന പറഞ്ഞു.

രഹസ്യമൊഴി അറിഞ്ഞതെങ്ങനെ -അഭിഭാഷകൻ

കോടതിയുടെ സുരക്ഷയിൽ ഇരിക്കുന്ന കാര്യങ്ങൾ എങ്ങനെ മുതിർന്ന സി.പി.എം. നേതാവിന് അറിയാൻ കഴിഞ്ഞെന്നു സ്വപ്നയുടെ അഭിഭാഷകനായ ആർ. കൃഷ്ണരാജ് ചോദിച്ചു. കസ്റ്റംസിന് നൽകിയിരിക്കുന്ന രഹസ്യമൊഴിയും ഇ.ഡി. കോടതിയിൽ കൊടുത്തിരിക്കുന്ന രഹസ്യമൊഴിയും വ്യത്യസ്തമാണെന്നാണ് സി.പി.എം. നേതാവ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.

കോടതിയുടെ സുരക്ഷയിൽ ഇരിക്കുന്ന രഹസ്യമൊഴി എങ്ങനെയാണ് ഇദ്ദേഹത്തിന്‌ അറിയാൻ കഴിയുന്നത്. സ്വാധീനം ഉപയോഗിച്ച് അദ്ദേഹമോ അദ്ദേഹത്തിന്റെ അനുയായികളോ അല്ലെങ്കിൽ മുഖ്യമന്ത്രിയോ മൊഴി വായിച്ചിരിക്കുന്നുവെന്നാണ് ഇതിൽനിന്നു മനസ്സിലാക്കേണ്ടതെന്നും കൃഷ്ണരാജ് പറഞ്ഞു.

Content Highlights: had discussions with chief minister pinarayi vijayan and family alleges swapna suresh

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..