എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽനിന്ന് ഹൃദയവുമായി ഡോ. ടി.കെ. ജയകുമാറും സംഘവും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയപ്പോൾ.
ഗാന്ധിനഗർ : കോട്ടയം മെഡിക്കൽ കോളേജിൽ എട്ടാമത്തെ ഹൃദയമാറ്റ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. ചങ്ങനാശ്ശേരി പായിപ്പാട് പള്ളിക്കൽചിറ സ്വദേശി രാജേഷിന് (35)ആണ് ഹൃദയം തുന്നിച്ചേർത്തത്. വെള്ളിയാഴ്ച രാത്രിയിൽ തുടങ്ങിയ പ്രവർത്തനങ്ങളാണ് ശനിയാഴ്ച വൈകീട്ട് ഏഴുമണിയോടെ വിജയകരമായി പൂർത്തിയായത്.
രാജേഷ് നാലുവർഷമായി ചികിത്സയിലായിരുന്നു. ഒരുവർഷം മുമ്പാണ് മൃതസഞ്ജീവനിയിൽ രജിസ്റ്റർ ചെയ്തത്.
ജയകുമാർ ഡോക്ടറുടെ നേതൃത്വം
കോട്ടയം മെഡിക്കൽ കോളേജിലെ സൂപ്രണ്ടും കാർഡിയോ ഹൃദയശസ്ത്രക്രിയ വിഭാഗം മേധാവിയുമായ ഡോ. ടി.കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇക്കുറിയും നേട്ടം കൈവരിച്ചത്. ഇന്ത്യയിലെ സർക്കാർ മെഡിക്കൽ കോളേജുകളിൽ ഒൻപതുപ്രാവശ്യമാണ് ഹൃദയമാറ്റ ശസ്ത്രക്രിയകൾ നടന്നിട്ടുള്ളത്. ഇതിൽ എട്ടും കോട്ടയം മെഡിക്കൽ കോളേജിലാണ്. മറ്റൊന്ന് കഴിഞ്ഞവർഷം മധുര മെഡിക്കൽ കോളേജിലും.
രാജേഷിന് വേണം സഹായം
കൂലിപ്പണിക്കാരനായ രാജേഷിന് രോഗംമൂലം വരുമാനമില്ലാതായതോടെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സഹായമാണ് ആശ്രയം. ശസ്ത്രക്രിയ കഴിഞ്ഞ് ജീവിതത്തിലേക്ക് മടങ്ങിയെത്താൻ നല്ല പണച്ചെലവുണ്ട്. ഇതിനായി സഹായം തേടുകയാണ് ഭാര്യ രശ്മിയും വിദ്യാർഥികളായ രണ്ട് കുട്ടികളുമടങ്ങുന്ന കുടുംബം. കാത്തലിക്ക് സിറിയൻ ബാങ്ക് ചങ്ങനാശ്ശേരി നാലുകോടി ബ്രാഞ്ചിൽ അക്കൗണ്ടുണ്ട്. നമ്പർ: 0182-03738294-190001
IFSC: CSBK0000182.
അഭിനന്ദനം പോലീസിനും
എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽനിന്നാണ് കോട്ടയം മെഡിക്കൽ കോളേജിലേക്ക് ഹൃദയവുമായി അഭയം ആംബുലൻസ് പുറപ്പെട്ടത്. ഒരുമണിക്കൂറും 10 മിനിറ്റുമാണ് ആംബുലൻസ് ഇവിടെയെത്താൻ എടുത്തത്. നിരവധി സ്ഥലത്ത് തടസ്സങ്ങൾ ഉണ്ടായെങ്കിലും പോലീസിന്റെ ഇടപെടൽ യാത്ര സുഗമമാക്കി.
നടക്കാതെപോയ കരൾമാറ്റ ശസ്ത്രക്രിയ
ഹൃദയ മാറ്റശസ്ത്രക്രിയയ്ക്കൊപ്പം മറ്റൊരു കരൾമാറ്റശസ്ത്രക്രിയയും നടത്താനുള്ള സാധ്യത ഏറെയായിരുന്നു. ആസ്റ്റർ മെഡിസിറ്റിയിൽനിന്ന് ഹൃദയവും കരളും കോട്ടയം മെഡിക്കൽ കോളേജിലേക്ക് ലഭ്യമാക്കാനുള്ള തീരുമാനമാണ് ആദ്യം ഉണ്ടായത്. എന്നാൽ, കരൾമാറ്റത്തിന് വിധേയനാകേണ്ട രോഗിക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതിനെത്തുടർന്ന് അവസാന നിമിഷത്തിൽ ഇത് മാറ്റിവെച്ചു.
കാത്തിരിക്കുന്നത് ശ്വാസകോശ മാറ്റത്തിനായി
കോട്ടയം മെഡിക്കൽ കോളേജ് ഹൃദയശസ്ത്രക്രിയാ വിഭാഗത്തിൽ ശ്വാസകോശം മാറ്റിവെയ്ക്കുന്നതിനുള്ള സജ്ജീകരണങ്ങളും നിയമനടപടികളും പൂർത്തിയാക്കിയിട്ട് രണ്ടുവർഷമാകുന്നു. ഇതിനായി രോഗികളും തയ്യാറാണ്. അനുയോജ്യമായ ശ്വാസകോശം ലഭിക്കുന്ന മുറയ്ക്ക് ശസ്ത്രക്രിയ നടക്കും. ഹൃദയവും വൃക്കയും കരളും കണ്ണും കോക്ലിയയും ഇവിടെ മാറ്റിവെയ്ക്കുന്നു.
Content Highlights: heart transplant surgery eighth time Dr. TK Jayakumar and team made history
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..