വടക്കൻ കേരളത്തിൽ മഴ കനക്കുന്നു


പ്രതീകാത്മകചിത്രം| Photo: Mathrubhumi

കാസർകോട്: വടക്കൻ കേരളത്തിൽ കാലവർഷം ശക്തിയായി തുടരുന്നു. കണ്ണൂർ, കാസർകോട്, മലപ്പുറം ജില്ലകളിൽ മൂന്നുദിവസമായി ശക്തമായ മഴയാണ് രേഖപ്പെടുത്തിയത്. കണ്ണൂർ, കാസർകോട് ജില്ലകളിലെ സ്റ്റേഷനുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്ത് കൂടുതൽ മഴ പെയ്ത പ്രദേശങ്ങളായത്.

ശനിയാഴ്ച കാസർകോട് ജില്ലയിലെ വെള്ളരിക്കുണ്ടിലാണ് (125 മില്ലിമീറ്റർ) ഏറ്റവും കൂടുതൽ മഴ രേഖപ്പെടുത്തിയത്. തുടർന്നുള്ള നാല് സ്ഥാനങ്ങളും കാസർകോട് ജില്ലയിലെ ഉപ്പള (115), മഞ്ചേശ്വരം (114.6), പൈക്ക (110), മുളിയാർ (109) എന്നിവിടങ്ങളായിരുന്നു. ഞായറാഴ്ച കണ്ണൂർ ജില്ലയിലെ കൊട്ടിയൂരാണ് (197) കൂടുതൽ മഴ രേഖപ്പെടുത്തിയത്. 145 മില്ലിമീറ്റർ പെയ്ത ആറളമാണ് രണ്ടാം സ്ഥാനത്ത്. കാസർകോട് ജില്ലയിലെ ബായാറാണ് കഴിഞ്ഞ മൂന്ന് ദിവസത്തിനിടയിൽ കൂടുതൽ മഴ പെയ്ത പ്രദേശം. 351.5 മില്ലിമീറ്റർ മഴയാണ് ഇവിടെ രേഖപ്പെടുത്തിയത്. രണ്ടാം സ്ഥാനത്ത് മഞ്ചേശ്വരം (338.2 മില്ലിമീറ്റർ), മൂന്നാം സ്ഥാനത്ത് മുളിയാർ (327) എന്നീ പ്രദേശങ്ങളുമാണ്. സംസ്ഥാനത്ത് കൂടുതൽ മഴ രേഖപ്പെടുത്തിയ ആദ്യ പത്ത് സ്റ്റേഷനുകളിലെ ഒൻപതെണ്ണവും കാസർകോട്, കണ്ണൂർ, മലപ്പുറം, ജില്ലകളിലുള്ളതാണ്.

യാത്ര പൂർത്തിയായി

മേയ് 29-ന്‌ കേരളത്തിൽനിന്ന്‌ തുടങ്ങിയ കാലവർഷത്തിന്റെ യാത്ര രാജ്യത്ത് പൂർത്തിയായി. ശനിയാഴ്ചയോടെ രാജസ്ഥാൻ മുഴവനായി കാലവർഷം വ്യാപിച്ചതോടെയാണ് ഇന്ത്യയിലെ ഇത്തവണത്തെ കാലവർഷത്തിന്റെ യാത്ര പൂർത്തിയായത്. സാധരണമായി 38 ദിവസമെടുത്താണ് കാലവർഷം രാജ്യം മുഴുവൻ വ്യാപിക്കുക. ഇത്തവണയിത് ആറുദിവസം മുന്നേ എത്തി.

മൺസൂൺ പാത്തി സജീവം- രാജീവൻ എരിക്കുളം (കാലവസ്ഥ വിദഗ്ധൻ)

മൺസൂൺപാത്തി അതിന്റെ സാധാരണ സ്ഥാനത്തുനിന്ന്‌ തെക്കോട്ട് മാറി സജീവമായിരിക്കുന്നു. തെക്കൻ ഝാർഖണ്ഡിനു മുകളിലും സമീപത്തുമായി ചക്രവാതച്ചുഴിയും നിലനിൽക്കുന്നുണ്ട്. 24 മണിക്കൂറിനകം ഇത് ന്യൂനമർദമായി ശക്തി പ്രാപിച്ചേക്കും. ഇതിന്റെ ഫലമായി അറബിക്കടലിൽ തെക്കുപടിഞ്ഞാറൻ കാറ്റ് ശക്തമാവുന്നതോടെ അടുത്ത അഞ്ചുദിവസത്തേക്ക് വ്യാപകമഴയ്ക്ക് സാധ്യതയുണ്ട്.

Content Highlights: Heavy rain in northern Kerala

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..