Photo: Mathrubhumi
കൊച്ചി: സിൽവർലൈൻ പദ്ധതിക്കുള്ള സാമൂഹികാഘാത പഠനത്തിന് എന്തിനാണ് കോൺക്രീറ്റ് കല്ലിടുന്നതെന്ന് ഹൈക്കോടതി നിരന്തരം ചോദിച്ചതും സർക്കാരിന്റെ മനംമാറ്റത്തിനു കാരണമായെന്ന് വിലയിരുത്തൽ. സർവേയ്ക്കെതിരായ ഹർജി ഫയൽ ചെയ്തതു മുതൽ കോടതി ചോദിച്ചത് കല്ലിട്ട് എന്തിനാണ് ജനങ്ങളെ പേടിപ്പിക്കുന്നത് എന്നായിരുന്നു. ദേശീയപാതയ്ക്കടക്കം കല്ലിടാതെതന്നെ സാമൂഹികാഘാതപഠനം നടത്തുന്നതും കോടതി ചൂണ്ടിക്കാട്ടി.
ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ചാണ് ഇക്കാര്യത്തിൽ ശക്തമായ വിമർശനം ഉന്നയിച്ചത്. സർവേ ആക്ട് പ്രകാരമാണ് സർവേ നടത്തേണ്ടതെന്നും അതുപ്രകാരമുള്ള കല്ലാണ് ഇടേണ്ടതെന്നും നിരന്തരം ഒാർമിപ്പിക്കുകയും ചെയ്തിരുന്നു. ആരുമറിയാതെ സാമൂഹികാഘാത പഠനം നടത്താനാകുമെന്നും ഓർമിപ്പിച്ചിരുന്നു. പക്ഷേ, ഇക്കാര്യത്തിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാടാണ് സർക്കാർ അപ്പോഴെല്ലാം സ്വീകരിച്ചത്.
കെ-റെയിൽ എന്നെഴുതിയ കല്ലിടുന്നത് കോടതി താത്കാലികമായി വിലക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇതിനെതിരേ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകുകയാണ് സർക്കാർ ചെയ്തത്. ഡിവിഷൻ ബെഞ്ചിന്റെ തീരുമാനത്തിനെതിരേ ഹർജിക്കാർ സുപ്രീംകോടതിയിൽ നൽകിയ അപ്പീലിൽ സർവേ തുടരാനായിരുന്നു അനുമതി. ഇതിനുശേഷം വിഷയം ഹൈക്കോടതിയുടെ പരിഗണനയിൽ വന്നപ്പോഴും കല്ലിടുന്നതിനെതിരേ കോടതിയുടെ വിമർശനമുണ്ടായി.
ഇടുന്ന കല്ലുകൾ നീക്കുമോ എന്നും കല്ലിടുന്ന ഭൂമിയുടെ ഈടിൻമേൽ വായ്പ കിട്ടുമോ എന്നും കോടതി ചോദിച്ചു. കല്ലിട്ട ഭൂമിയുടെ ഈടിൻമേൽ വായ്പ നൽകാമെന്നു കാണിച്ച് സഹകരണ രജിസ്ട്രാർ സർക്കുലർ പുറപ്പെടുവിക്കുമോ എന്നും കോടതി ചോദിച്ചു.
മഞ്ഞക്കല്ലും സർവേക്കായി നോട്ടീസ് നൽകാത്തതുമാണ് ജനങ്ങളെ ആശങ്കപ്പെടുത്തുന്നതെന്നു വ്യക്തമാക്കിയ സിംഗിൾ ബെഞ്ച് ഇതുമായി ബന്ധപ്പെട്ട ഹർജികൾ വിധിപറയാൻ മാറ്റിയിരുന്നു. ഇതിനിടയിലാണ് കല്ലിടേണ്ടതില്ലെന്ന തീരുമാനത്തിൽ സർക്കാർ എത്തിയിരിക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..