ശൗചാലയത്തിൽ ഭക്ഷണസാധനങ്ങൾ സൂക്ഷിച്ച ഹോട്ടൽ അടപ്പിച്ചു


ഫോട്ടോയെടുത്ത ഡോക്ടറെ ആക്രമിച്ച ഹോട്ടലുടമയും സഹോദരിയും റിമാൻഡിൽ

പിലാത്തറയിലെ കെ.സി. റസ്റ്റോറന്റിൽ ഭക്ഷ്യസുരക്ഷാവിഭാഗം സ്പെഷ്യൽ സ്ക്വാഡ് പരിശോധന നടത്തുന്നു

പിലാത്തറ: ശൗചാലയത്തിൽ ഭക്ഷണസാധനങ്ങൾ സൂക്ഷിച്ച പിലാത്തറ കെ.എസ്.ടി.പി. റോഡിലെ കെ.സി. റസ്റ്റോറൻറ് ഭക്ഷ്യസുരക്ഷാവിഭാഗം അടപ്പിച്ചു. ശൗചാലയത്തിൽ ഭക്ഷണസാധനങ്ങൾ സൂക്ഷിച്ചതിന്റെ ഫോട്ടോയെടുത്തതിന്റെ പേരിൽ കഴിഞ്ഞദിവസം ബന്തടുക്ക പി.എച്ച്.സി.യിലെ ഡോ. സുബ്ബരായയെ ഹോട്ടലുടമയുടെ നേതൃത്വത്തിൽ അക്രമിച്ചിരുന്നു.

സംഭവത്തിൽ അറസ്റ്റിലായ ഹോട്ടൽ ഉടമ ചുമടുതാങ്ങി കെ.സി. ഹൗസിലെ മുഹമ്മദ് മൊയ്തീൻ (28), സഹോദരി സമീന (29), സെക്യൂരിറ്റി ജീവനക്കാരൻ ടി. ദാസൻ (70) എന്നിവരെ പയ്യന്നൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.

ഭക്ഷ്യസുരക്ഷാവിഭാഗം ഉദ്യോഗസ്ഥർ തിങ്കളാഴ്ച ഹോട്ടൽ പരിശോധിച്ചു. വൃത്തിഹീനമായ പാചകസ്ഥലവും പഴക്കമുള്ള ഭക്ഷണസാധനങ്ങളുമടക്കം കണ്ടെത്തിയതിനെ തുടർന്നാണ് അടപ്പിച്ചത്. തുടർനിയമനടപടികൾക്കായി ഉടമയ്ക്ക് നോട്ടീസ് നൽകി.

ഭക്ഷ്യസുരക്ഷാവിഭാഗം ജില്ലാ സ്പെഷ്യൽ സ്ക്വാഡ്, ചെറുതാഴം പഞ്ചായത്ത്, ആരോഗ്യവകുപ്പ് എന്നിവ ചേർന്നാണ് പരിശോധന നടത്തിയത്. ഉറുമ്പരിച്ച ഈത്തപ്പഴം, കാലാവധി കഴിഞ്ഞ 13 പാക്കറ്റ് പാൽ, കേടുവന്ന ഭക്ഷണസാധനങ്ങൾ തുടങ്ങിയവ റസ്റ്റോറന്റിൽ കണ്ടെത്തി. പാചകമുറിയിൽ പൂച്ചയെയും പാറ്റകളെയും പരിശോധകസംഘം കണ്ടെത്തി.

തളിപ്പറമ്പ് ഭക്ഷ്യസുരക്ഷാ ഓഫീസർ യു. ജിതിൻ, കെ.വി. സുരേഷ് കുമാർ, കെ. സുരേഷ് ബാബു എന്നിവരടങ്ങുന്ന ഭക്ഷ്യസുരക്ഷാവിഭാഗം ചെറുതാഴം പഞ്ചായത്ത് അധികൃതരുടെ സഹകരണത്തോടെയാണ് പരിശോധനയ്ക്കെത്തിയത്. പഞ്ചായത്ത് പ്രസിഡൻറ് എം. ശ്രീധരൻ, സെക്രട്ടറി കെ.വി. സതീശൻ, അസി. സെക്രട്ടറി ദിലീപ്, മെഡിക്കൽ ഓഫീസർ ഡോ. ടി. രഞ്ജിത്ത്, ഹെൽത്ത് ഇൻസ്പെക്ടർ കെ. ബാലകൃഷ്ണൻ, ഇ.വി. മഹേഷ്, പി. ഷനോജ് എന്നിവർ സംഘത്തോടൊപ്പമുണ്ടായിരുന്നു.

ഞായറാഴ്ച കണ്ണൂരിലേക്ക് വിനോദയാത്ര പോകുന്നതിനിടെ ഡോക്ടറടക്കമുള്ള സംഘം ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചശേഷം ശൗചാലയത്തിൽ പോയപ്പോഴാണ് ഭക്ഷണസാധനങ്ങൾ അവിടെ സൂക്ഷിച്ചതായി കണ്ടത്. ഡോക്ടർ ഇതിന്റെ ഫോട്ടോയെടുക്കുന്നത് കണ്ട് പ്രകോപിതരായി പ്രതികൾ ഡോക്ടറെ മർദിക്കുകയായിരുന്നു. പരിയാരം ഇൻസ്പെക്ടർ കെ.വി. ബാബു എസ്.ഐ. രൂപ മധുസൂദനൻ എന്നിവരടങ്ങിയ പോലീസ് സംഘം എത്തിയാണ് അക്രമിച്ചവരെ അറസ്റ്റ് ചെയ്തത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..