ആദ്യത്തെ വീട് 2018-ലെ പ്രളയംതകർത്തു; പുതിയത് മലവെള്ളം കൊണ്ടുപോയി, കിടപ്പാടമില്ലാതെ ജയകുമാറും കവിതയും


കുട്ടനാട് ചമ്പക്കുളം ചക്കംകരി അറുന്നൂറ് പാടശേഖരത്തിലെ മടവീണപ്പോൾ തകർന്ന വീടിനുമുന്നിൽ പൊട്ടിക്കരയുന്ന വീട്ടമ്മ കവിതയെയും ഭർത്താവ് ജയകുമാറിനെയും ആശ്വസിപ്പിക്കുന്ന കൃഷിമന്ത്രി പി. പ്രസാദ്. ആലപ്പുഴ കളക്ടർ വി.ആർ. കൃഷ്ണതേജ സമീപം | ഫോട്ടോ: സി. ബിജു

ആലപ്പുഴ: “കഷ്ടപ്പെട്ടുണ്ടാക്കിയ വീടുകണ്ടു കൊതിതീർന്നില്ല... അതിനുമുമ്പേ...”- ചമ്പക്കുളം പഞ്ചായത്ത് ഒമ്പതാം വാർഡ് മുപ്പത്തഞ്ചിൽച്ചിറ ജയകുമാറിന്റെ ഭാര്യ കവിത തന്റെ വീട് ഒരിക്കൽകൂടി കണ്ടപ്പോൾ പൊട്ടിക്കരഞ്ഞുപോയി. ചക്കംകരി അറുന്നൂറ് പാടശേഖരത്തിൽ മടവീണുണ്ടായ വെള്ളപ്പാച്ചിലിൽ വീടിന്റെ അടിത്തറയിലെ മണ്ണൊലിച്ചുപോയി ഒരുവശത്തേക്കു ചരിഞ്ഞതോടെ തകർന്നത് ജയന്റെയും കവിതയുടെയും പ്രതീക്ഷകളാണ്.

പഞ്ചായത്തിന്റെ സഹായവും കൈയിലുണ്ടായിരുന്ന ചെറിയതുകയും ചേർത്താണ് ആദ്യം ഒരു ചെറിയവീട് തട്ടിക്കൂട്ടിയത്. അത് 2018-ലെ പ്രളയത്തിൽ തകർന്നുപോയി. പിന്നീട്, റീബിൽഡ് കേരളയിലൂടെ കിട്ടിയതും പാടത്ത് കൂലിപ്പണിചെയ്തു സ്വരൂക്കൂട്ടിയതും ചേർത്താണ് ഇപ്പോഴത്തെ വീടു പണിതത്. മൂന്നുമുറിയും ഹാളും അടുക്കളയുമെല്ലാം ചേർന്ന വാർത്ത കെട്ടിടം. മടവീഴ്ചയിൽ എല്ലാം തീർന്നു.ശനിയാഴ്ച രാത്രിയോടെയാണു പുറംബണ്ടിൽ വിള്ളൽ വീണുതുടങ്ങിയത്. അടുത്തുള്ളവരും ജയകുമാറും ചേർന്ന് വെള്ളം തടയാൻ ശ്രമിച്ചു. അപ്പോഴേക്കും കൈവിട്ടുപോയി. വെള്ളപ്പാച്ചിൽ ആരംഭിച്ചയുടനെ ഭാര്യ കവിതയെ വീട്ടിൽനിന്ന് സുരക്ഷിതസ്ഥാനത്തേക്കു മാറ്റി. പക്ഷേ, മൂന്നുമണിയോടെ വീട് ഒരുവശത്തേക്കു ചരിഞ്ഞു.

ഏതുനിമിഷവും നിലംപതിക്കാവുന്ന നിലയിലായ വീട്ടിലെ സാധനങ്ങളെല്ലാം നശിച്ചു. വളർത്തിയിരുന്ന രണ്ട് ആടുകളും നായയും മാത്രമാണു ബാക്കിയായത്. വിവാഹംകഴിഞ്ഞ് വർഷങ്ങളായിട്ടും മക്കളില്ലാത്ത വിഷമം ജയകുമാറിനെയും കവിതയെയും അലട്ടിയിരുന്നതിനിടെയാണ് ഈ ദുരന്തം. നിലവിൽ മുപ്പതിൽച്ചിറ അറുപുറം പാലത്തിനുസമീപമുള്ള കുടുംബവീട്ടിലാണ് ഇവർ താമസിക്കുന്നത്.

സാമ്പത്തിക സഹായം ഒരാഴ്ചക്കുള്ളിൽ - മന്ത്രി പി. പ്രസാദ്

ചമ്പക്കുളം ചക്കംകരി അറുന്നൂറ് പാടശേഖരത്തിൽ മടവീഴ്ചയെത്തുടർന്ന് താഴ്ന്നുപോയ മുപ്പത്തഞ്ചിൽച്ചിറ ജയകുമാറിൻറെ വീടിനുള്ള സാമ്പത്തികസഹായം ഒരാഴ്ചയ്ക്കുള്ളിൽ നൽകുമെന്ന് മന്ത്രി പി. പ്രസാദ്. വീടിന്റെ നഷ്ടംതിട്ടപ്പെടുത്തി റിപ്പോർട്ടുചെയ്യാൻ ഗ്രാമപ്പഞ്ചായത്ത് എൻജിനിയർക്കു നിർദേശം നൽകിയതായും മന്ത്രി പറഞ്ഞു. പഞ്ചായത്തും നാട്ടുകാരും ചേർന്ന് ജനപങ്കാളിത്തത്തോടെ ഇവർക്ക് സുരക്ഷിതമായ സ്ഥലംകണ്ടെത്തി പുതിയവീട് നിർമിക്കുന്നതിനുള്ള ശ്രമം നടത്തുമെന്നും മന്ത്രി ഉറപ്പുനൽകി.

Content Highlights: house collapsed due to heavy rain in alappuzha

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..