ഇടുക്കി അണക്കെട്ടിൽ ഓറഞ്ച് ജാഗ്രത; ഒറ്റദിവസംകൊണ്ട് കൂടിയത് 4.72 അടി വെള്ളം


ഇടുക്കി അണക്കെട്ട് | File Photo: Mathrubhumi

ചെറുതോണി: ഇടുക്കി അണക്കെട്ടിൽ വെള്ളിയാഴ്ച വൈകീട്ട് 6.45-ന് ജലനിരപ്പ് 2381.53 അടിയിലെത്തിയതോടെ ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചു. ജലനിരപ്പ് ഒരടികൂടി ഉയർന്ന് 2382.53 അടിയിലെത്തുമ്പോൾ ചുവപ്പ് ജാഗ്രത പ്രഖ്യാപിക്കും.

നീരൊഴുക്ക് ഈരീതിയിൽ തുടർന്നാൽ ശനിയാഴ്ച രാവിലെ ചുവപ്പ് ജാഗ്രത പ്രഖ്യാപിക്കുമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു. വൃഷ്ടിപ്രദേശത്ത് വെള്ളിയാഴ്ച പകൽമഴ കുറവായിരുന്നെങ്കിലും അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തമായി തുടരുന്നു. 157 മില്ലി മീറ്റർ മഴയാണ് കഴിഞ്ഞദിവസം വൃഷ്ടിപ്രദേശത്ത് പെയ്തത്.

2376.82 അടിയായിരുന്നു വ്യാഴാഴ്ച രാവിലെ ഏഴിന് ജലനിരപ്പ്. 4.72 അടി വെള്ളമാണ് ഒറ്റദിവസംകൊണ്ട് ഒഴുകിയെത്തിയത്. ഇവിടെ 1101.67 ദശലക്ഷം ഘനമീറ്റർ വെള്ളമുണ്ട്. ഇത് സംഭരണശേഷിയുടെ 75.48 ശതമാനമാണ്.

5.838 ദശലക്ഷം ക്യുബിക് മീറ്റർ വെള്ളം ഓരോ മൂന്ന് മണിക്കൂറിലും അണക്കെട്ടിലേയ്ക്ക് ഒഴുകിയെത്തുന്നു. 1.5201 ദശലക്ഷം ക്യുബിക് മീറ്റർ വെള്ളം വൈദ്യുതോത്‌പാദനത്തിനായി ഓരോ മൂന്ന് മണിക്കൂറിലും കൊണ്ടുപോകുന്നു.

ഇതുപയോഗിച്ച് 2.264 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് മൂലമറ്റം ഭൂഗർഭ വൈദ്യുതനിലയത്തിൽ ഓരോ മൂന്ന് മണിക്കൂറിലും ഉത്‌പാദിപ്പിക്കുന്നത്. 2403 അടിയാണ് ഇടുക്കി അണക്കെട്ടിന്റെ സംഭരണശേഷി.

മുല്ലപ്പെരിയാറിന്റെ ഷട്ടറുകൾ തുറന്നെങ്കിലും 0.19 ദശലക്ഷം ഘനമീറ്റർ (1000 ക്യൂസെക്സ്) വെള്ളം മാത്രമേ മണിക്കൂറിൽ പുറത്തേയ്ക്കൊഴുക്കുന്നുള്ളൂ. ഇത് ഇടുക്കിയിലെത്താൻ ആറ് മണിക്കൂർ വേണം. നാലുമുതൽ അഞ്ചുവരെ ദശലക്ഷം ഘനമീറ്റർ വെള്ളം ഓരോ മൂന്നുമണിക്കൂറിലും ഇടുക്കിയിലും ഒഴുകിയെത്തുന്നുണ്ട്. പെരിയാറിന്റെ തീരത്ത് താമസിക്കുന്നവർക്ക് ജില്ലാഭരണകൂടം ജാഗ്രതാനിർദേശം നല്കിയിട്ടുണ്ട്.

Content Highlights: idukki dam Orange alert

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..