മണ്ണുത്തി-അങ്കമാലി ദേശീയപാത; കേരളം ഇടപെട്ടാൽ ടോൾനിലയ്ക്കും


പാലിയേക്കര ടോൾ പ്ലാസ |ഫോട്ടോ:മാതൃഭൂമി

കൊച്ചി: നിർമാണ കരാർലംഘനം കണ്ടെത്തുകയും കുഴികൾ നിറഞ്ഞ് ഗതാഗതം ദുഷ്‌കരമാവുകയുംചെയ്ത ദേശീയപാതയിൽ സംസ്ഥാനസർക്കാർ ഇടപെട്ടാൽ ടോൾപിരിവ് നിലയ്ക്കും. നിശ്ചിതനിലവാരമില്ലാത്ത പാതയിൽ ടോൾപിരിക്കുന്നതിനെ എതിർക്കാൻ നിർമാണത്തിലെ ത്രികകക്ഷി കരാറിലെ കക്ഷിയായ സംസ്ഥാനസർക്കാരിന് ബാധ്യതയുണ്ട്.

സംസ്ഥാനത്തിന്റെ പൊതുതാത്‌പര്യം മുൻനിർത്തി ടോൾപിരിവ് നിർത്തിവെക്കാനാവശ്യപ്പെടാം. കരാർകമ്പനിയെ ടോൾപിരിവിൽനിന്ന് വിലക്കാത്ത ദേശീയപാത അതോറിറ്റിക്കെതിരേ കേരളത്തിന് കേന്ദ്ര ഉപരിതലഗതാഗത മന്ത്രാലയത്തെ സമീപിക്കാം. മന്ത്രാലയത്തിൽനിന്ന് തീരുമാനമുണ്ടാകുന്നില്ലെങ്കിൽ തർക്കം ടിബ്യൂണൽ രൂപവത്കരിക്കുന്നതിലേക്ക് പോകും. അന്തിമതീരുമാനമുണ്ടാകുംവരെ ടോൾപിരിവ് പാടില്ലെന്ന് കേരളത്തിന് ആവശ്യപ്പെടാം.

മണ്ണുത്തി-അങ്കമാലി ദേശീയപാതാ നിർമാണത്തിനായി 2007 ഡിസംബർ 14-ന് ഉണ്ടാക്കിയ സ്റ്റേറ്റ് സപ്പോർട്ട് കരാറിലാണ് കേരളവും ഉൾപ്പെട്ടിരിക്കുന്നത്. ദേശീയപാത അതോറിറ്റി, നിർമാണക്കമ്പനിയായ ദി ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡ് (ജി.ഐ.പി.എൽ.) എന്നിവരാണ് മറ്റു രണ്ടു കക്ഷികൾ.

മണ്ണുത്തി-അങ്കമാലി ദേശീയപാതാനിർമാണത്തിൽ 102.44 കോടി രൂപയുടെ അഴിമതി നടന്നിട്ടുണ്ടെന്നും കരാർ വ്യവസ്ഥകൾ ലംഘിക്കപ്പെട്ടിട്ടുണ്ടെന്നും സി.ബി.ഐ. കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. ടോൾപിരിവിനെതിരേ സംസ്ഥാനത്തിന് ഇത് പ്രധാന ആയുധമാക്കാൻ കഴിയും. ദേശീയപാതയിൽ രൂപപ്പെട്ട കുഴികൾ മൂടിയത് അശാസ്ത്രീയമാണെന്നും കമ്പനിയെ കരിമ്പട്ടികയിൽപ്പെടുത്തണമെന്നും തൃശ്ശൂർ കളക്ടറുടേതടക്കം റിപ്പോർട്ടുണ്ട്. ദേശീയപാതയിലെ കുഴികൾ വീണ്ടും പ്രത്യക്ഷപ്പെടാനും അപകടമരണങ്ങൾക്കും ഇടയുണ്ടെന്ന് സംസ്ഥാനത്തിന് ചൂണ്ടിക്കാട്ടാൻ ഈ റിപ്പോർട്ടിലെ കണ്ടെത്തലുകൾ മതിയാകും.

ഇതുവരെ ഇടപെടാതെ സംസ്ഥാനം

നിർമാണകരാറിൽ പലതവണ ലംഘനമുണ്ടായെന്ന് തെളിഞ്ഞിട്ടും ടോൾപിരിവിൽ സംസ്ഥാന സർക്കാർ ഇതുവരെ ഇടപെട്ടിട്ടില്ല. ദേശീയപാതാ നിർമാണത്തിലെ കരാർലംഘനത്തിനെതിരേ പലവട്ടം കോടതിയെ സമീപിച്ച കോൺഗ്രസ് നേതാവ് അഡ്വ. ജോസഫ് ടാജറ്റിന് ലഭിച്ച വിവരാവകാശരേഖയിൽ ഇതുവ്യക്തമാക്കുന്നു. പാലിയേക്കരയിലെ ടോൾ അവസാനിപ്പിക്കാൻ കേരളം ഇതുവരെ നടപടിയെടുത്തിട്ടില്ലെന്നാണ് പബ്ലിക് വർക്സ്‌ ഡിപ്പാർട്ട്‌മെന്റ് അണ്ടർ സെക്രട്ടറി നൽകിയ വിവരാവകാശരേഖയിലുള്ളത്.

മണ്ണുത്തി-അങ്കമാലി ദേശീയപാത: ടോൾപിരിവിന്റെ കോടികൾ

  • 2022 ജൂൺവരെ 1,052.27 കോടി രൂപ
  • ദേശീയപാതാ നിർമാണത്തിനായി ചെലവിട്ടത് 721.17 കോടി രൂപ.
  • ടോൾ പിരിക്കാൻ 2028 വരെ കരാർ.
  • ഒരുമാസത്തെ ശരാശരി ടോൾപിരിവ് 13 കോടി രൂപ.

Content Highlights: If Kerala intervenes, the toll will stop in Mannuthy -Angamali National Highway

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..